കൊല്ലം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ധൂര്‍ത്ത് തുടരുന്നു. അനധികൃത മണല്‍ ഖനനത്തിനെതിരേയുള്ള സ്ക്വാഡ് പ്രവര്‍ത്തനത്തിനും നദികളില്‍ നിന്ന് നിയമാനുസൃത മണല്‍ ഖനനം നടത്തുന്നതിനുള്ള പാരിസ്ഥിതികാനുമതി സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമായി ടാറ്റ നെക്സോണിന്റെ (ഡീസല്‍) പുതിയ അഞ്ചു കാറുകള്‍ സര്‍ക്കാര്‍ വാങ്ങുന്നു.
തിരുവനന്തപുരം ജില്ലയില്‍ രണ്ടും മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോ കാറുമാണ് വാങ്ങുക. ഇതിനായി ജില്ലകളുടെ റിവര്‍ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് 45.91 ലക്ഷം രൂപ അനുവദിച്ച് റവന്യുവകുപ്പ് ഉത്തരവിട്ടു. ആഡംബര വാഹനങ്ങളുടെ പട്ടികയില്‍പ്പെട്ട കാറുകള്‍ക്ക് 8.59 ലക്ഷം മുതല്‍ 13.89 ലക്ഷം വരെയാണ് വില.
മണല്ക്കടവുകളിലേക്ക് ഇത്തരം വാഹനങ്ങള്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് സുഖ സഞ്ചാരത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ജനുവരി 27ന് റവന്യു മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉന്നതതല സമിതി യോഗമാണ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. മണല്ക്കടവുകളിലെത്താന് സംസ്ഥാനത്ത് പല വകുപ്പുകളിലും ആവശ്യത്തിലധികം വാഹനങ്ങളുള്ളതായി നേരത്തേ ധനവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ ഒറ്റ യൂണിറ്റായി പരിഗണിച്ച് ആവശ്യാനുസരണം വിവിധ വകുപ്പുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ധനവകുപ്പ് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എത്ര വാഹനങ്ങളുണ്ടെന്നതിന് ഒരു വകുപ്പിന്റെ കൈവശവും കൃത്യമായ കണക്കുണ്ടായിരുന്നില്ല. തുടര്‍ന്ന് മുഴുവന്‍ വാഹനങ്ങളും ഡ്രൈവര്‍മാരും രജിസ്റ്റര്‍ ചെയ്യാന്‍ ധനവകുപ്പ് നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ വരെ 16,736 വാഹനങ്ങളും 8451 ഡ്രൈവര്‍മാരും രജിസ്റ്റര്‍ ചെയ്തിരുന്നു. നവംബര്‍ 30 വരെയായിരുന്നു കാലാവധി. എന്നാല്‍ കണക്കു കൃത്യമല്ലെന്ന് കണ്ടെത്തിയതോടെ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു നല്കി. ഇതുവരെ ഈ കണക്ക് കൃത്യമായിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 46 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: