ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായി ശരത് പവാര്‍ വരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എന്‍സിപി നേതാവ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് ചൊവ്വാഴ്ചയാണ് ശരത് പവാര്‍ വ്യക്തമാക്കിയത്.
“ഞാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയാകാനില്ല. “- അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസും ശിവസേനയും ഇടതുപാര്‍ട്ടികളും ശരത് പവാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സോണിയാഗാന്ധിയുടെ സന്ദേശവും കൊണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മഹാരാഷ്ട്രയില്‍ എത്തി ശരത്പവാറിനെ കണ്ടിരുന്നു.
എന്നാല്‍ ശരത്പവാറിന്റെ പിന്മാറ്റത്തിന് പിന്നില്‍ ബിജെപിയുടെ വിജയസാധ്യതയാണെന്ന് കണക്കാക്കപ്പെടുന്നു. 81ാം വയസ്സില്‍ രാഷ്ട്രപതിയാകാന്‍ മത്സരിച്ച് തോല്‍ക്കുന്നത് ശരത് പവാറിനെപ്പോലെ ഒരു സീനിയര്‍ നേതാവിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിക്ക് മാത്രം ലോക്സഭയില്‍ 300 സീറ്റുകളുണ്ട്. യുപി ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിലെ ബിജെപിയുടെ അധികാരവും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്കുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സ്വന്തം നിലയില്‍ വിജയിപ്പിക്കാനാവശ്യമായ 50 ശതമാനത്തില്‍ അധികം വോട്ട് ഇല്ലെങ്കിലും എന്‍ഡിഎയെ പിന്തുണയ്ക്കുന്ന ജഗന് റെഡ്ഡിയുടെ വൈഎസ് ആര്, ഒഡീഷ മുഖ്യമന്ത്രിയുടെ ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണ ലഭിയ്ക്കും. ബീഹാറിലെ നീതീഷ് കുമാറിന്റെ പിന്തുണയ്ക്കും ബിജെപി ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ പ്രതിപക്ഷ ഐക്യം ഉണ്ടായാലും ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് ശരത് പവാറിനെ ആശങ്കപ്പെടുത്തുന്നത്.
നേരത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നിരുന്നു. താന്‍ മത്സരിക്കാനില്ലെന്ന് നിതീഷ്കുമാര്‍ തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: