ഗായത്രിയുടെ 24 ശക്തിധാരകളില്‍ മൂന്നാമത്തേതാണ് വൈഷ്ണവി. വിഷ്ണുവിന്റെ ശക്തിയാണ് വൈഷ്ണവി. വൈഷ്ണവി എന്നാല്‍ പരിപാലിക്കുന്നവള്‍ എന്നര്‍ത്ഥം. ഇതിനു വ്യവസ്ഥ, ഏര്‍പ്പാട് എന്നും പറയാം. ഉല്പാദനം ആരംഭമാണ്. അഭിവര്‍ദ്ധനം മദ്ധ്യാവസ്ഥയും. ഒന്ന് ശൈശവമെങ്കില് മറ്റേത് യൗവനം. യൗവനത്തില്‍ പ്രൗഢിയും പരിപക്വതയും ശരിയായ ക്രമീകരണവും വിവേകവും ഉണ്ടായിരിക്കുന്നു. വീരതയുടേയും പരാക്രമത്തിന്റെയും ഗുണങ്ങള്‍ ഇതില്‍ ചേര്‍ന്നിരിക്കും. ഇതാണ് രജോഗുണം. ത്രിപദയുടെ രണ്ടാമത്തെ ധാര വൈഷ്ണവി ആണ്. ഇതിനെ ഗംഗയുടെ തോഴിയായ യമുന എന്നും പറയാം. ഇതിന്റെ സാധയിലൂടെ ഇവയുടെ സിദ്ധിയും ഐശ്വര്യങ്ങളും സദ്ഗുണങ്ങളില്‍ ആസക്തിയും സാധകന് ലഭിക്കുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ പ്രായോഗികപരിപാടികള്‍ ആസൂത്രണം ചെയ്യുവാനും അവ വേണ്ടരൂപത്തില്‍ ക്രമീകരിച്ച് നടപ്പിലാക്കുവാനുമുള്ള പ്രാഗത്ഭ്യം നേടുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു.
വൈഷ്ണവിയെ മറ്റൊരര്‍ത്ഥത്തില്‍ ‘ലക്ഷ്മി’യെന്നും പറയാം. ഭൗതികതലത്തില്‍ ഇതിനു ധനസമ്പത്തെന്നും ആദ്ധ്യാത്മകതലത്തില് സംസ്കാരസമ്പന്നത എന്നും പറയുന്നു. അതിനെ ആസ്പദമാക്കിയാണ് വിഭിന്നതലത്തിലുള്ള സാഫല്യങ്ങള്‍ കൈവരിക്കുന്നത്. വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്. ഗരുഡന് പല വിശേഷതകളുണ്ട്. ഒന്ന് മറ്റു പക്ഷികളെ അപേക്ഷിച്ച് വളരെ തീക്ഷ്ണമായ കാഴ്ചശക്തിയാണ് ഇതിനുള്ളത്. ആകാശത്തിന്റെ അത്യുന്നതിയില്‍ പറക്കുമ്പോഴും താഴെ നിലത്തെങ്ങാനും സര്‍പ്പം ഇഴയുന്നതുകണ്ടാല് ഞൊടിയിടയില്‍ അതിന്മേല് പറന്നെത്തി അതിനെ കീറിമുറിച്ച് ഛിന്നഭിന്നമാക്കിത്തീര്ക്കും. മറ്റു പക്ഷികളെ അപേക്ഷിച്ച് ഗരുഡന്റെ വേഗതയും കൂടുതലാണ്. അലസതയും അശ്രദ്ധയും അതിന്റെ അയലത്തുപോലും അടുക്കില്ല. ഇതിനെ ജാഗ്രതയുടെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്.
അലങ്കോലമാകുന്ന സര്‍പ്പത്തെ ബദ്ധശത്രുവായി കാണുകയും അതിനെ നശിപ്പിക്കാന്‍വേണ്ടി ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവമാണ് ഗരുഡന്. ദൂരദര്‍ശിത്വം അവലംബിക്കുന്നവരെ ഗരുഡന് എന്നും പറയാറുണ്ട്. അലസതയും അലക്ഷ്യതയും ഇല്ലാത്തവര്‍ ഗരുഡനാണ്. വൈഷ്ണവി ഇത്തരം പ്രബലരായ പരാക്രമശാലികളെ ഗരുഡനെയെന്നപോലെ സ്നേഹിക്കുന്നു.
വൈഷ്ണവിയെ ഉപാസിക്കുന്നതുമൂലും സമൃദ്ധിയുടെ മാര്‍ഗം തെളിയുന്നു. വൈഷ്ണവീസാധനയുടെ പ്രതിഫലം സമ്പദ്സമൃദ്ധിയാണ്. ഇത്തരം സാധകരുടെ ആന്തരിക ദാരിദ്രം അകലുന്നു. ഇവര്‍ സല്ഗുണസമ്പത്തിന്റെ അധിപതികളായിത്തീരുന്നു. ഇവരെ ശരിയായ അര്‍ത്ഥത്തില്‍ ഐശ്യര്യവാന്മാര് എന്നു വിളിക്കാം. ഇവര്‍ക്കു മാനസിക ദാരിദ്ര്യദുഃഖം അനുഭവിക്കേണ്ടിവരികയില്ല.
വിഷ്ണുവിന്റെ നാരീസ്വരൂപമാണ് വൈഷ്ണവി. അദ്ദേഹത്തിന്റെ ആയുധങ്ങള്‍ നാലാണ് ശംഖം, ചക്രം, ഗദ, പത്മം. നാലു കൈയ്യുള്ള വിഷ്ണുരൂപത്തില്‍ ഇവ നാലും കാണാം. രണ്ടു കൈകള്‍ മാത്രമുള്ള രൂപത്തില്‍ ശംഖും ചക്രവും മാത്രമാണ് ആയുധങ്ങള്‍. സങ്കല്പവും ദൃഢതയും പ്രകടമാക്കുക, ഉദ്ഘോഷിക്കുക എന്നതാണ് ശംഖിന്റെ അര്‍ത്ഥം. ചലനം, ക്രിയാത്മകത്വം എന്നീ അര്‍ത്ഥങ്ങളാണ് ചക്രം സൂചിപ്പിക്കുന്നത്. ഗദയുടെ അര്‍ത്ഥമാണ് ശക്തി. പത്മത്തിന്റെ അര്‍ത്ഥമാണ് സുഷമ, മൃദുലത. ഇവയ്ക്കു നാലിനും ദേവഗുണങ്ങള്‍ എന്നു പറയുന്നു. ദേവന്മാര് അനുദാനങ്ങളും വരദാനങ്ങളും നല്കുന്നു. വിഷ്ണുവിന്റെ ആയുധങ്ങള്‍തന്നെയാണ് വൈഷ്ണവിയുടേയും. ഈ നാലു ഗുണങ്ങളും ഉള്ളവരില്‍ തന്റെ അനുഗ്രഹങ്ങള്‍ വൈഷ്ണവി വര്‍ഷിക്കുന്നു. ഇക്കാര്യം തന്നെ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വൈഷ്ണവിയുടെ അനുഗ്രഹം ആരില്‍ വര്‍ഷിക്കുന്നുവോ, അവരില്‍ ഈ നാലു ഗുണങ്ങളും ആയുധരൂപത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: