ഡോ. എല്‍. മുരുകന്
പരിണാമ ചക്രത്തില്‍ മാത്രമല്ല, സുപ്രധാന പൗരാണിക നാഗരിക കഥകളിലും ‘മത്സ്യ’ത്തിനു പ്രമുഖ സ്ഥാനമാണുള്ളത്. മഹാവിഷ്ണുവിന്റെ ആദ്യ അവതാരമായ മത്സ്യാവതാരത്തെക്കുറിച്ച് നമ്മുടെ പുരാണങ്ങളില്‍ പറയുന്നുണ്ട്. പുരാതന തമിഴ്നാട്ടിലെ മനോഹരമായ സംഘസാഹിത്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും വള്ളങ്ങളെയും (അകനാനൂറു) വ്യക്തമായി വിവരിക്കുന്നുണ്ട്. സിന്ധു നദീതട ഉത്ഖനനങ്ങള്‍ പുരാതന ഇന്ത്യയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിലമതിക്കാനാകാത്ത പ്രവര്‍ത്തനങ്ങളെ നമുക്കു കാട്ടിത്തരുന്നു. വിശാലമായ തീരപ്രദേശങ്ങളും ശക്തമായ നദികളുമുള്ള ഇന്ത്യ സമ്പന്നമായ മത്സ്യവിഭവങ്ങളാല്‍ സമൃദ്ധമാണ്. മത്സ്യവും മത്സ്യത്തൊഴിലാളികളും ആദ്യം മുതല്ക്കേ നമ്മുടെ സംസ്കാരത്തില്‍ പ്രധാന സ്ഥാനം നേടിയിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം, സംസ്ഥാനങ്ങളുടെ പരിഗണനയില്‍ വരുന്ന വിഷയമായതിനാല്‍ തന്നെ, അതത് സംസ്ഥാനങ്ങളുടെ മുന്‍കൈയും മുന്‍ഗണനകളും വിഭവങ്ങളും അനുസരിച്ച് ഇന്ത്യയുടെ മത്സ്യബന്ധനം വ്യത്യസ്ത വേഗതയിലും ദിശയിലുമാണു സഞ്ചരിച്ചത്. കേന്ദ്രത്തില്‍ നിന്നും കാര്യമായ ഇടപെടലോ നിക്ഷേപമോ മത്സ്യബന്ധന മേഖലയ്ക്കു കിട്ടിയിരുന്നില്ല. (സ്വാതന്ത്ര്യത്തിന് ശേഷം 2014 വരെ 3682 കോടി രൂപ മാത്രമാണ് മത്സ്യമേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്). മത്സ്യബന്ധനമേഖല വളരെയധികം അവഗണിക്കപ്പെട്ടു. ഇന്‍ഷുറന്‍സ്, സുരക്ഷാകിറ്റ്, വായ്പാ സൗകര്യം, വിപണന സഹായം തുടങ്ങിയ കാര്യങ്ങളില്‍ കാര്യമായ പിന്തുണയില്ലാതെയാണ് ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയിരുന്നത്. കോടിക്കണക്കിന് ഇന്ത്യാക്കാരുടെ ഭക്ഷണത്തിന്റെയും പോഷണത്തിന്റെയും ഉപജീവനത്തിന്റെയും പ്രധാന സ്രോതസ്സായിരുന്ന ഈ മേഖല, തുറസ്സായ കടലില്‍ ചുക്കാനില്ലാത്ത കപ്പല്‍ പോലെ ഒഴുകിപ്പോയി.
നിരവധി പ്രശ്നങ്ങളാണ് ഈ മേഖലയെ അലട്ടിക്കൊണ്ടിരുന്നത്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് 2014ലെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തിയശേഷം കേന്ദ്രത്തിന്റെ ശ്രദ്ധ വീണ്ടും മത്സ്യമേഖലയിലേക്ക് കൊണ്ടുവരാന്‍ നിലവിലെ നേതൃത്വത്തിനായി. മറ്റ് നിരവധി സംരംഭങ്ങള്‍ക്ക് പുറമെ നീല വിപ്ലവ പദ്ധതി, മത്സ്യ-അക്വാകള്‍ച്ചര്‍ വികസനനിധി, പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന എന്നിവയുടെ രൂപത്തില്‍ 32,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണു കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടത്തിയിട്ടുള്ളത്.
നിലവിലുണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീക്കം ചെയ്ത് മത്സ്യബന്ധന മേഖലയെ സ്വതന്ത്രമാക്കിയതോടെ മത്സ്യോത്പാദനം 2014-15 ലെ 102.6 ലക്ഷം ടണ്ണില്‍ നിന്ന് 2020-21 ല്‍ 147 ലക്ഷം ടണ്ണായി ഉയര്‍ന്നു. 2000-2001 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെ, ഉത്പാദിപ്പിച്ച 90 ലക്ഷം ടണ്‍ അധിക മത്സ്യത്തില്‍, കഴിഞ്ഞ 5-6 വര്‍ഷത്തിനുള്ളിലാണ് 45 ലക്ഷം ടണ്‍ കൂട്ടിച്ചേര്‍ത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ അഞ്ചു വര്‍ഷത്തില്‍ മത്സ്യ മേഖല ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്കായ 10 ശതമാനം വളര്‍ച്ച കൈവരിച്ചു. 2009-10 മുതല്‍ 2013-14 വരെയുള്ള കാലയളവില്‍ ഇതു വെറും 5.27 ശതമാനമായിരുന്നു.
2019 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ട്, മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനായി മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരോത്പാദനം എന്നിവയ്ക്കായി പ്രത്യേക മന്ത്രാലയം സൃഷ്ടിച്ചു. 2020ല്‍, 20,050 കോടി രൂപ എന്ന മത്സ്യബന്ധന മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പിഎംഎംഎസ്വൈ) ആരംഭിച്ചു. സ്വയം പര്യാപ്ത ഭാരതത്തിന് ഊന്നല്‍ നല്കി ‘പ്രാദേശികതയുടെ കാഹളം’ മുഴക്കുന്നതിനുള്ള ഉത്തേജനമായിരുന്നു ഇത്. ഇന്ത്യന്‍ മത്സ്യസമ്പത്തിനെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള പ്രധാന പ്രേരകശക്തിയാണ് പിഎംഎംഎസ്വൈ. 2024-25 ഓടെ മത്സ്യബന്ധന ഉത്പന്നങ്ങളുടെ ഉത്പാദനവും ക്ഷമതയും കയറ്റുമതിയും ഗണ്യമായി വര്‍ധിപ്പിക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. വിളവെടുപ്പിനു ശേഷമുള്ള നഷ്ടം ഗണ്യമായി കുറയ്ക്കാനും ഇന്ത്യയിലെ മത്സ്യ ഉപഭോഗം വര്‍ധിപ്പിക്കാനും ഇത് വിഭാവനം ചെയ്യുന്നു.
കഴിഞ്ഞ എട്ട് വര്‍ഷത്തെ പരിഷ്കാരങ്ങളും സംരംഭങ്ങളും ഇന്ത്യന്‍ മത്സ്യബന്ധനരംഗത്ത് അടിസ്ഥാന സൗകര്യ വികസനവും ആധുനികവത്കരണവും കൊണ്ടുവന്നു. പുതിയ മത്സ്യബന്ധന തുറമുഖങ്ങള്‍/ലാന്‍ഡിംഗ് കേന്ദ്രങ്ങള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളി കരകൗശല വസ്തുക്കളുടെ നവീകരണവും മോട്ടോറൈസേഷനും, ആഴക്കടലില്‍ പോകുന്ന കപ്പലുകള്‍, വിളവെടുപ്പിന് ശേഷമുള്ള സൗകര്യങ്ങള്‍, ശീതശൃംഖലകള്‍, വൃത്തിയുള്ള മത്സ്യ മാര്‍ക്കറ്റുകള്‍, ഐസ് ബോക്സുകളുള്ള ഇരുചക്രവാഹനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ മേഖലയ്ക്കു കരുത്തായി. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും സാമ്പത്തിക സഹായവും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യവും നല്കുന്നു. മത്സ്യ കര്‍ഷക ഉത്പാദക സംഘടനകള്‍ സഹകരണ മനോഭാവം പ്രോത്സാഹിപ്പിക്കുകയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഡിജിറ്റല്‍ ഇന്ത്യയുടെ പ്രവേശനത്തോടെ വ്യവസായം ചെയ്യല്‍ സുഗമമാകുകയും ചെയ്തു. സാനിറ്ററി ഇംപോര്‍ട്ട് പെര്‍മിറ്റുകള്‍ (എസ്ഐപി) നേടുന്നതിനുള്ള പ്രോസസ്സിംഗ് സമയം 45 ദിവസത്തില്‍ നിന്ന് 48 മണിക്കൂറായി കുറയ്ക്കാനായി. അംഗീകൃത സ്രോതസ്സുകളില്‍ നിന്ന് എസ്പിഎഫ് ചെമ്മീന്‍ കുഞ്ഞുങ്ങളുടെ ശേഖരം ഇറക്കുമതി ചെയ്യുന്നതിന് എസ്ഐപികളുടെ ആവശ്യകത ഇല്ലാതാക്കി, നൂറുകണക്കിന് ചെമ്മീന്‍ ഹാച്ചറികളെ സഹായിച്ചു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ചെമ്മീന്‍ അക്വാകള്‍ച്ചറിന് ആവശ്യമായ നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയും കുറച്ചു.
മത്സ്യത്തൊഴിലാളികള്‍ നമ്മുടെ അഭിമാനമാണ്. ഇപ്പോള്‍, തമിഴ്നാട്ടിലെ സ്ത്രീകള്‍ കടല്‍പ്പായല്‍ കൃഷിക്കായി പ്രവര്‍ത്തിക്കുന്നു. ലക്ഷദ്വീപില്‍ നിന്നുള്ളവര്‍ അലങ്കാര മത്സ്യബന്ധനം വികസിപ്പിക്കുന്നു. അസമിലെ മത്സ്യത്തൊഴിലാളികള്‍ ബ്രഹ്മപുത്രയില്‍ നദീതട മത്സ്യവളര്‍ത്തല്‍ വികസിപ്പിക്കുന്നു. ആന്ധ്രാ സംരംഭകര്‍ അക്വാകള്‍ച്ചറില്‍ ശക്തിതെളിയിക്കുന്നു. ഓരോ തുള്ളിയിലും കൂടുതല്‍ വിളവെടുക്കുന്നു. കശ്മീര്‍ താഴ്വരയിലെ യുവ വനിതാ സംരംഭകര്‍ ശുദ്ധജലമത്സ്യ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. ഹരിയാനയിലെ ഉപ്പുരസമുള്ള ഭൂമി മത്സ്യബന്ധനത്തിനായി ഉത്പാദനപരമായി ഉപയോഗപ്പെടുത്തുന്നു, തരിശുഭൂമിയെ സമ്പത്ത് ഉത്പാദിപ്പിക്കുന്ന ഭൂമിയാക്കി മാറ്റുന്നു.
പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മത്സ്യബന്ധനത്തിലേക്ക് കഴിവുകള്‍, സാങ്കേതികവിദ്യ, സാമ്പത്തികം, സംരംഭകത്വ മനോഭാവം എന്നിവയെ ആകര്‍ഷിക്കുകയാണ്. നിശബ്ദമായ സാമൂഹിക വിപ്ലവത്തിനും ഇതു തുടക്കമിടുന്നു. ചെമ്മീന്‍ ഉത്പാദനത്തിലും കയറ്റുമതിയിലും ആഗോളതലത്തില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കുന്ന, അക്വാകള്‍ച്ചറിന്റെ രൂപത്തിലുള്ള ഇന്ത്യന്‍ മത്സ്യബന്ധനത്തിന്റെ മഹത്തായ ഉപവിഭാഗം ചരിത്രം കുറിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ രണ്ടാമത്തെ വലിയ അക്വാകള്‍ച്ചര്‍ ഉത്പാദകരും മൂന്നാമത്തെ വലിയ മത്സ്യ ഉത്പാദകരും മീന്‍, മത്സ്യബന്ധന ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ നാലാമതും ആയി. മത്സ്യ കയറ്റുമതി 2013 മുതലുള്ള 30000 കോടി രൂപയില്‍ നിന്ന് 2021-22 ആയപ്പോഴേക്കും 59,000 കോടി രൂപ എന്ന നിലയില്‍ ഇരട്ടിയായി. ഈ വര്‍ഷം 30 ശതമാനം വര്‍ധനയാണുണ്ടായത്.
തടസ്സങ്ങള്‍ ഒഴിവാക്കി, സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി, ക്ഷേമം യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് തിരിച്ചുവിടുകയും, സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്തതോടെ, ഇന്ത്യയുടെ മത്സ്യബന്ധനമേഖല കഴിഞ്ഞ എഴുപത് വര്‍ഷമായി അതിനെ ബന്ധിപ്പിച്ചിരുന്ന ചങ്ങലകളില്‍ നിന്ന് മുക്തമായി. ഇനി, ഇവിടെ നിന്ന് കൂടുതല്‍ വരുമാനവും നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ മുഖത്ത് പുഞ്ചിരിയുമായി കൂടുതല്‍ ഉയരങ്ങളിലേക്ക് നമ്മുടെ മത്സ്യബന്ധന മേഖല കുതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: