ഞാന്‍ വെറും ഷാജ്. ഷാജ് കിരണ്‍. ആറുമാസമേ സ്വപ്നയുമായി ബന്ധമുള്ളൂ. എനിക്ക് മുഖ്യമന്ത്രിയെ അറിയില്ല. കോടിയേരിയെ അറിയില്ല. പക്ഷേ എല്ലാം പൊളിഞ്ഞു. ഷാജിന്റെ സംഭാഷണം പുറത്തുവന്നതോടെ. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഷാജ് കിരണിനെ ശിവശങ്കറാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ കുറച്ചുകാലം ബന്ധമൊന്നുമില്ലായിരുന്നു. ശിവശങ്കറിന്റെ ആത്മകഥ അശ്വത്ഥാമാവ് ഒരു ആന എന്ന പുസ്തകം ഇറങ്ങിയ സമയത്ത് വിളിച്ചു. അന്നു മുതലാണ് വീണ്ടും സൗഹൃദം തുടങ്ങിയത്.
ചൊവ്വാഴ്ച രാത്രി പാലക്കാട്ടേക്ക് വരുമ്പോള്‍ താനും, സരിത്തും, ഡ്രൈവര്‍ അനീഷും തൃശ്ശൂരില്‍ ഷാജ് കിരണിനെ കാണുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ‘സരിത്തിനെ നാളെ പൊക്കുമെന്ന്’ ഷാജി പറഞ്ഞു. പറഞ്ഞതുപോലെ ബുധനാഴ്ച പാലക്കാട്ടെ ഫ്ളാറ്റില്‍ നിന്ന് ഒരുസംഘം സരിത്തിനെ കൊണ്ടുപോയി. വിഷമിക്കേണ്ടെന്നും, നാല്പത്തഞ്ച് മിനിറ്റ് അല്ലെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ സരിത്തിനെ വിടുമെന്നും പറഞ്ഞ് ഷാജ് വിളിച്ചു. വിജിലന്‍സാണ് കൊണ്ടുപോയതെന്ന് മാധ്യമങ്ങള്‍ അറിയുന്നതിന് മുമ്പേ ഷാജ് തന്നെ വിളിച്ചുപറഞ്ഞു.
സംഭവം നടന്ന ബുധനാഴ്ച താന്‍ വിളിച്ചതിനെ തുടര്‍ന്ന് ഉച്ച മുതല്‍ രാത്രി ഏഴ് വരെ ഷാജ് ഓഫീസിലുണ്ടായിരുന്നതായി സ്വപ്ന പറഞ്ഞു. തന്നെ മാനസികമായി തളര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ശബ്ദവും നാവുമായ നികേഷ് കുമാറിനോട് സംസാരിക്കണമെന്നും, സരിത്തോ മറ്റാരുമോ കൂടെ വരരുതെന്നും പറഞ്ഞു.
നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്ച്ചയിലെത്തിയാല് കേസും, യാത്രാ വിലക്കും ഒഴിവാക്കിത്തരുമെന്നായിരുന്നു ഷാജ് പറഞ്ഞത്. ഇതിനിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും, വിജിലന്‍സ് എഡിജിപി എം.ആര്. അജിത്ത് കുമാറും 56 തവണയെങ്കിലും ഷാജിന്റെ വാട്സ് ആപ്പിലേക്ക് വിളിച്ചു.
ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെക്കുറിച്ച് മാത്രമാണ് പറഞ്ഞതെങ്കില്‍ സഹിച്ചേക്കും. ഇതിപ്പോള്‍ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ പറഞ്ഞിരിക്കുന്നു. മകളെക്കുറിച്ച് പറഞ്ഞാല്‍ മുഖ്യമന്ത്രി സഹിക്കില്ലെന്നാണ് ഷാജ് പറയുന്നത്. മുഖ്യമന്ത്രിക്ക് മകള്‍ അങ്ങനെയാണ്.
ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ ആത്മകഥയില്‍ ഒരുഭാഗമുണ്ട്. പിണറായിയുടെ മകളെക്കുറിച്ച്. മകള്‍ക്ക് എങ്ങനെയാണ് കോയമ്പത്തൂര്‍ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം കിട്ടിയതെങ്ങനെ എന്നതിനെക്കുറിച്ച്. കമ്പ്യൂട്ടറിനെതിരെ വ്യാപകമായ പ്രചാരണവും പ്രക്ഷോഭവും നടത്തിയവരാണ് സിപിഎമ്മും ഡിവൈഎഫ്ഐയും. പക്ഷേ മകളുടെ കാര്യം വന്നപ്പോള്‍ അതൊക്കെ മറന്നേക്കൂ എന്നായി മുഖ്യമന്ത്രി. ബര്‍ലിനേയും കൂട്ടി കോയമ്പത്തൂരിലേക്ക് ചെന്നപ്പോഴാണ് പ്രൊഫ. പരമേശ്വരന് എന്‍ട്രന്‍സ് പരീക്ഷയുണ്ടെന്നകാര്യം പറയുന്നത്. അതൊഴിവാക്കി കിട്ടാനായി പിന്നത്തെ ശ്രമം. ആ കടമ്പയും ചുളുവില്‍ കടന്നു. കമ്പ്യൂട്ടര്‍ ബിരുദം പാസായി. ബാംഗ്ലൂരില്‍ ഐടി വ്യവസായിയുമായി. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റുമായിട്ടായിരുന്നു ആ മകളുടെ രണ്ടാം വിവാഹം എന്നത് യാദൃച്ഛികം. അതെന്തുമാകട്ടെ.
മുഖ്യമന്ത്രിയെ നേരിട്ടറിയാത്ത ഷാജിനെ ദല്ലാളായി നിയോഗിച്ചത് റിയാസാകുമോ? റിയാസിന് ഇങ്ങനെയുള്ള ഏടാകൂടത്തിനെയൊക്കെ നല്ല പരിചയമാണെന്ന് കേട്ടിട്ടുണ്ട്. ക്രൈം നന്ദകുമാറിന് തല്ലുകിട്ടിയതും ക്രൈമിനെ തകര്‍ത്തെറിഞ്ഞതുമെല്ലാം ഏറെ പഴകാത്ത കഥകളാണല്ലൊ. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ പറഞ്ഞവര്‍ സഹിക്കേണ്ടിവരും. അരനൂറ്റാണ്ട് മുമ്പത്തെ തലശ്ശേരി കലാപം മുതലുള്ള കഥ ഓര്‍ത്തെടുക്കേണ്ടിവരും.
തലശ്ശേരിയ്ക്കുചുറ്റും നിരവധി പള്ളികള്‍ തകര്‍ത്തു. കച്ചവടകേന്ദ്രങ്ങള്‍ കൊള്ളയടിച്ചു. രണ്ടുദിവസം കഴിഞ്ഞാണ് സിപിഎം തലശ്ശേരിയില്‍ സമാധാനമുണ്ടാക്കാന്‍ മൈക്ക് കെട്ടി പ്രചാരണം നടത്തിയത്. ആര്‍എസ്എസ് കലാപം നടത്തി എന്നായിരുന്നല്ലോ പ്രചാരണം. അന്ന് ആര്‍എസ്എസിന് തലശ്ശേരി തിരുവങ്ങാട് മാത്രമായിരുന്നു പ്രവര്‍ത്തനം. തലശ്ശേരിയുടെ ഗ്രാമഭാഗത്തെവിടെയും ആര്‍എസ്എസ് ഉണ്ടായിരുന്നില്ല. ആര്‍എസ്എസ് ഇല്ലാത്തിടത്താണ് പള്ളി തകര്‍ത്തത്. പള്ളിക്ക് കാവല്‍ നിന്നപ്പോള്‍ ഒരു സഖാവ് കൊല്ലപ്പെട്ടു എന്ന പച്ചക്കളം പ്രചരിപ്പിച്ചു. ഇയാള്‍ തനിച്ചാണോ പള്ളികാക്കാന്‍ നിന്നതെന്ന ചോദ്യം ഇപ്പോഴും കാതുകളില്‍ മുഴങ്ങുകയാണ്. സഖാവ് കുഞ്ഞിരാമന് മരിച്ചത് പള്ളിക്ക് കാവല്‍ നില്‍ക്കുമ്പോഴല്ല നീര്‍വേലിയിലെ അളകാപുരി കള്ളുഷാപ്പിലെ അടിപിടിയിലാണെന്ന സത്യം ഇന്നും പച്ചയായി നില്ക്കുന്നു. ആ കൊലപാതകത്തിലെ പ്രതികളാരും ആര്‍എസ്എസുകാരായിരുന്നില്ല, സോഷ്യലിസ്റ്റുകാരായിരുന്നു. അന്നത്തെ കള്ളം സത്യമാണെന്ന് ധരിപ്പിക്കാന്‍ കഴിയുന്ന പാര്‍ട്ടിക്ക് എന്ത് കള്ളവും കത്തിച്ച് നിര്‍ത്താന്‍ കഴിഞ്ഞേക്കും.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പല തവണ ബിരിയാണിച്ചെമ്പില്‍ ഒളിപ്പിച്ച ലോഹക്കട്ടികള്‍ എത്തിച്ചുവെന്നും മുഖ്യമന്ത്രിയുടെ ദുബായ് യാത്രയില്‍ ഒരു പെട്ടി കറന്‍സി കടത്തിയെന്നും തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന കാര്യങ്ങളാണ് സ്വപ്ന മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം. ശിവശങ്കര്‍, മുന്‍മന്ത്രി കെ.ടി. ജലീല്‍, മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ എന്നിവരുടെ പങ്ക് വ്യക്തമാക്കി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്.
2016ല്‍ മുഖ്യമന്ത്രി ദുബായ്യില് പോയപ്പോഴാണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോള്‍ പരിശോധിക്കാനും വിമാനത്താവളത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും വിളിച്ചു. പിന്നീട്, മുഖ്യമന്ത്രി ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് വഴി അത് കൊടുത്തുവിട്ടു. കോണ്‍സുലേറ്റില്‍ സ്കാന്‍ ചെയ്തപ്പോള്‍ ബാഗില്‍ നിറയെ നോട്ടുകെട്ടുകള്‍ ആണെന്നു മനസ്സിലായി. അസാധാരണമായി ബിരിയാണി പാത്രങ്ങള്‍ കോണ്‍സുലേറ്റില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ ഭാരമുള്ള പാത്രങ്ങളായിരുന്നു അവ. പാത്രത്തിനുള്ളില്‍ ലോഹക്കട്ടി ഉണ്ടായിരുന്നു. ഇങ്ങനെ നിരവധി തവണ ലോഹക്കട്ടിയുള്ള ബിരിയാണിച്ചെമ്പുകള്‍ കൊടുത്തുവിട്ടിട്ടുണ്ട്.
പല വിവരങ്ങളും വിശദമായി രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ട്. ഇഡിക്കെതിരേ സംസാരിക്കാന്‍ പോലീസ് നിര്‍ബന്ധിച്ചു എന്നതടക്കം മൊഴി നല്കി. ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.
ഏതായാലും മുഖ്യമന്ത്രി വ്യാകുലപ്പെട്ടിരിക്കുകയാണ്. കക്ഷി അന്തം വിട്ടിരിക്കുകയാണ്. എന്തും ചെയ്യാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ലുപോലെ. എന്തായാലും അത് അനുഭവിച്ചുതന്നെ തീര്‍ക്കണം. വാടിക്കല്‍ രാമകൃഷ്ണന്റെ കൊലമുതല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രാര്‍ത്ഥനവരെ. അനുഭവിച്ചല്ലേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: