ഇരിട്ടി: കൊട്ടിയൂര്‍ പെരുമാളിന് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷ മാല സമര്‍പ്പിച്ചു. വിവിധ സ്ഥലങ്ങളിലെ പതിനാറോളം ഭക്തരുടെ നേതൃത്വത്തിലാണ് അഞ്ചു ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ്ണത്തില്‍ തിര്‍ത്ത രുദ്രാക്ഷമാല പെരുമാള്‍ക്ക് സമര്‍പ്പിച്ചത്. അടിയന്തര യോഗത്തിന് മുന്പിലായിരുന്നു സമര്‍പ്പണ ചടങ്ങ് നടത്തിയത്.
നിലവിലുണ്ടണ്ടായിരുന്ന കൊട്ടിയൂര്‍ പെരുമാളുടെ രുദ്രാക്ഷമാല കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് രുദ്രാക്ഷമാല പുതുക്കിപ്പണിയുന്നതിന് ദേവസ്വം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചെയര്മാന് കെ.സി. സുബ്രഹ്മണ്യന് നമ്പ്യാര്‍ ചില ഭക്തരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വിവിധ പ്രദേശങ്ങളിലെ പതിനാറോളം ഭക്തരുടെ നേതൃത്വത്തില്‍ അഞ്ചു ലക്ഷത്തോളം രൂപ ചിലവില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷമാല നിര്‍മ്മിച്ച് സമര്‍പ്പിച്ചത്.
കരിമ്പനക്കല്‍ ചാത്തോത്ത് കുടുംബം, എം.കെ. ഗോവിന്ദന്, കെ.വി. ജയകുമാര്‍, വി.കെ. മണികണ്ഠന്, രമണിയമ്മ നാമത്ത് മണത്തണ, ചന്ദ്രമതിയമ്മ പെരുന്താനം, കെ.പി. ഹരിദാസ് മണത്തണ, സുകുമാരന്‍ കാടാച്ചിറ, പത്മാവതിയമ്മ മട്ടന്നൂര്‍, എ.കെ. ഗോവിന്ദന് ശാരദാസ് കൂത്തുപറമ്പ്, പി.സി. ഭാസ്കരന് പേരാവൂര്‍, പ്രശാന്ത് മാഹി, ശശി പാനൂര്‍, കരുണാകരന്, രാമദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പെരുമാള്‍ക്ക് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷമാല സമര്‍പ്പിച്ചത്. സ്വര്‍ണ്ണക്കുടം വെളളിക്കുടം സമര്‍പ്പണ്ണ ചടങ്ങിനിടെ അടിയന്തര യോഗത്തിന് മുമ്പാകെയാണ് രുദ്രാക്ഷമാല സമര്‍പ്പണം നടത്തിയത്.
കൊട്ടിയൂരില്‍ ഇന്ന് അത്തം ചതുശ്ശത നിവേദ്യം പെരുമാള്‍ക്ക് നേദിക്കും. ചതുശ്ശത നിവേദ്യങ്ങളില്‍ നാലാമത്തേതാണ് അത്തം ചതുശ്ശതം. ഇതുകൂടി നിവേദിക്കുന്നതോടെ ഭഗവാന്റെ സ്ഥായീ ഭാവമായ തപശ്ചര്യയിലേക്ക് പെരുമാള്‍ നീങ്ങുമെന്നാണ് വിശ്വാസം. തുടര്‍ന്ന് ഉച്ചശീവേലിക്കുശേഷം വാളാട്ടം നടക്കും. ഏഴില്ലക്കാര്‍ ഭഗവദ് വിഗ്രഹത്തില്‍ നിന്ന് ഉത്സവകാലത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെ എല്ലാം തിരികെ ആവാഹിച്ച് വാളുകളില്‍ ലയിപ്പിക്കുന്ന ചടങ്ങാണ് ഇത്. ഇതിനുശേഷം കുടിപതികളുടെ തേങ്ങയേറ് നടക്കും. തുടര്‍ന്ന് മണിത്തറയിലെ പൂജകളെല്ലാം അവസാനിപ്പിച്ച് ആയിരം കുടം അഭിഷേകവും നടക്കും. വ്യാഴാഴ്ച രാത്രിയോടെ തുടങ്ങുന്ന കലശപൂജകള്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: