തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ 65-ആം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചു.
ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്ത / ലേഖനത്തിനുള്ള പുരസ്കാരം കേരള കൗമുദി ലേഖകനായ പി.എച്ച്. സനല്‍കുമാറിനാണ്. താപവൈദ്യുതിയ്ക്ക് ബദലായി ജലവൈദ്യുത ഉത്പാദനവും സൗരോര്‍ജ്ജ ഉത്പാദനവും കൂട്ടുന്നത് സംബന്ധിച്ച് സ്ഥിതി വിവരകണക്കുകളുടെ സഹായത്തോടെ വിശദമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിനാണ് പുരസ്കാരം.
മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം മാതൃഭൂമി ദിനപത്രത്തിലെ ഫോട്ടോഗ്രാഫറായ ബി. മുരളികൃഷ്ണന് ലഭിച്ചു. വൈദ്യുതി ജീവനക്കാരുടെ അപകടകരമായ സാഹസികത ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തതിനാണ് അവാര്‍ഡ്.
മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള പുരസ്കാരത്തിന് മാതൃഭൂമി ന്യൂസിലെ ജി. പ്രസാദ് കുമാര്‍ അര്‍ഹനായി. കുര്യാര്‍ക്കുട്ടി – കാരപ്പാറ പദ്ധതിയുടെ പുനരുജ്ജീവന സാധ്യതകള്‍ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിനാണ് പുരസ്കാരം.
നവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള പുരസ്കാരം ടി.എം. ഹര്ഷന് (ട്രൂകോപ്പി തിങ്ക്)-ന് ലഭിച്ചു. കേന്ദ്രവൈദ്യുതി നയം സാധാരണക്കാരന്റെ ജീവിതത്തേയും നിലവിലെ വൈദ്യുതി വിതരണ സംവിധാനത്തെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുന്ന റിപ്പോര്‍ട്ടിനാണ് പുരസ്കാരം.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എം.പി.യുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അദ്ധ്യക്ഷനും സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ കെ. മനോജ് കുമാര്‍, ദി ഹിന്ദു ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന എസ്. ഗോപകുമാര്‍ എന്നിവര്‍ അംഗങ്ങളും കെ.എസ്.ഇ.ബി.എല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കണ്‍വീനറുമായ ജൂറിയാണ് പുരസ്ക്കാര നിര്‍ണ്ണയം നടത്തിയത്.
അര്‍ഹമായ എന്‍ട്രികള്‍ ലഭിക്കാത്തതിനാല്‍ മികച്ച ടെലിവിഷന്‍ ക്യാമറാമാനുള്ള അവാര്‍ഡ് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: