മക്കളേ,
നമ്മുടെ സംസ്ഥാനമായ കേരളം പലതുകൊണ്ടും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്. ഏറ്റവുവുമധികം ഉന്നതബിരുദധാരികള്‍ ഉള്ള സംസ്ഥാനം. സംപൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം. ഒന്നാമതായി എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയ സംസ്ഥാനം. ഏറ്റവുമധികം ആശുപത്രികളും ഡോക്ടര്‍മാരുമുള്ള സംസ്ഥാനം. അങ്ങനെ കേരളത്തിന്റെ തൊപ്പിയിലെ തൂവലുകള്‍ പലതാണ്.
ഇതൊക്കെ നമുക്ക് അഭിമാനിക്കാന്‍ പറ്റിയകാര്യങ്ങള്‍ തന്നെ. എന്നാല്‍ നമുക്ക് അത്രകണ്ട് അഭിമാനിക്കാന്‍ പറ്റാത്ത കുറേ ഒന്നാംസ്ഥാനങ്ങളും ഉണ്ട്. ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനം. ഏറ്റവും അധികം റോഡപകടങ്ങള്‍ നടക്കുന്ന സംസ്ഥാനം ഏറ്റവുംഅധികം പ്രമേഹരോഗികളും രക്തസമ്മര്‍ദരോഗികളും ഹൃദ്രോഗികളും ഉള്ള സംസ്ഥാനം. ഏറ്റവും അധികം മദ്യം കുടിച്ചുതീര്‍ക്കുന്ന സംസ്ഥാനം. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളിലും കേരളം മുന്‍പന്തിയില്‍ തന്നെ. നമ്മുടെ മതമൈത്രിയിലും വിള്ളലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം എന്താണ്കാണിക്കുന്നത്? എവിടെയാണ്നമുക്ക് തെറ്റുപറ്റിയത്. ഒരുപരമ്പരാഗത ഗ്രാമീണ സംസ്കാരത്തില്‍ നിന്ന് ഒരു നാഗരിക ഉപഭോഗസംസ്കാരത്തിലേക്ക് കേരളം മാറിക്കഴിഞ്ഞു. ആ മാറ്റത്തിന് ഇടയില്‍ വിലപ്പെട്ടത ്പലതും നമുക്ക് നഷ്ടമാകുന്നു എന്നതു തന്നെ കാര്യം.
പണ്ട് ഓരോ കുടുംബത്തിലേയും വ്യക്തികള്‍ തമ്മിലും അയല്‍വീടുകള്‍ തമ്മിലും ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങള്‍ തമ്മിലും പങ്കുവെയ്ക്കലിന്റെ സംസ്ക്കാരം നിലനിന്നിരുന്നു. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പ്രായമായവരോട് ഉണ്ടായിരുന്ന ആദരവ്, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സ്നേഹബന്ധം, മനുഷ്യന് മണ്ണിനോടും പ്രകൃതിയോടും ഉണ്ടായിരുന്ന അടുപ്പവുംഹൃദയബന്ധവും അതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ഓരോവര്‍ഷവും മലയാളികള്‍ എത്രമാത്രം മദ്യമാണ് കുടിച്ച് തീര്‍ക്കുന്നത്. അവര്‍ കുടിക്കുന്നത് കള്ളുംചാരായവും അല്ല, പ്രിയപ്പെട്ടവരുടെ ചോരയും കണ്ണീരുമാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കുറ്റിപ്പുറവും പുനലൂരും കല്ലുവാതുക്കലും മലപ്പുറവുമൊക്കെ ഒന്നിന്പുറകെ ഒന്നായി വന്നുപോയി. മനുഷ്യജീവനും ജീവിതവും പാഴായിപ്പോകുമ്പോള്‍ എങ്ങനെ ദുഃഖിക്കാതിരിക്കും, എങ്ങനെ പറയാതിരിക്കും. പക്ഷെ പറഞ്ഞിട്ട് എന്തു വിശേഷമാണ്.
അതുപോലെ ലോകംമുഴുവന്‍ മാംസാഹാരത്തിന്റെ ദോഷംമനസ്സിലാക്കി അതിന്റെ ഉപയോഗം കുറയ്ക്കുമ്പോള്‍, കേരളത്തില്‍വിവാഹത്തിനെന്നല്ല, ഓണത്തിനും വിഷുവിനും മാംസം കൂടിയേ തീരൂ എന്നായിരിക്കുന്നു.
നമ്മള് മലിനമാക്കിയ മണ്ണും വിണ്ണും വെള്ളവും നമ്മുടെ വേദനയെ വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ ഏറ്റവും വലിയനദികളായ പേരാറും പെരിയാറും മരിച്ചു കൊണ്ടിരിക്കുന്നു.
നമ്മുടെ കുട്ടികളില്‍ വലിയൊരു വിഭാഗത്തിന് ഇന്ന് മലയാളം എഴുതാനറിയില്ല, വായിക്കാനറിയില്ല, ശരിയായി ഉച്ചരിക്കാനും അറിയില്ല. ഇംഗ്ലീഷിനെ കൂട്ടുപിടിച്ച് മുറിമലയാളം സംസാരിക്കാനേ പലര്‍ക്കുമറിയൂ. എന്നാല്‍ അതിനും അവര്‍ക്ക് മടിയാണ്. മാതൃഭാഷ പെറ്റമ്മയാണ്. മറ്റുള്ളഭാഷകള്‍ പോറ്റമ്മമാരാണ് എന്നവികാരം എന്നേ പോയ്മറഞ്ഞു. ചുരുക്കത്തില്‍ അടിസ്ഥാനമായ മൂല്യങ്ങള്‍ നഷ്ടപ്പെട്ട് വ്യര്‍ത്ഥമായ എന്തിന്റെയൊക്കെയോ പിറകേപായുകയാണ് മലയാളി. മലയാളിക്ക് ഇന്ന് തിരക്കാണ്. ആ തിരക്കിനിടയില്‍ ഹൃദയത്തിന്റെ സംഗീതവും തൊട്ടടുത്തുള്ളവരോടുള്ള സ്നേഹവും ഉള്ളിലെ ശാന്തിയും നഷ്ടമാകുന്നു. എന്നാല്‍ഇതിനേക്കാളെല്ലാം ഏറെ നമ്മളെ വേദനിപ്പിക്കുന്നത് മറ്റൊന്നാണ്. എവിടെയൊക്കെയോ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കനലുകള്‍ എരിയുന്നു. അത് ചിലപ്പോള്‍ ആളിക്കത്തുന്നു. വിവേകത്തിന്റെ കാലവര്‍ഷം ആ കനലുകളെ കെടുത്തട്ടെ എന്ന് നമുക്ക് ്പ്രാര്‍ത്ഥിക്കാം. കാരണം ഇന്ന് വേലിക്കെട്ടുകള്‍ വര്‍ദ്ധിച്ചുവരുന്നു. സങ്കുചിതഭാവം വളരുന്നു.
ഒപ്പം അവിശ്വാസവും വൈരവും. അത് പാടില്ല. നമ്മള് ഹൃദയം തുറന്ന് മറ്റുള്ളവരോട് സംസാരിക്കണം. തുറന്ന മനസ്സോടെ മറ്റുള്ള മതങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും പഠിക്കണം. എല്ലാറ്റിലും നന്മയുണ്ട്. കുറേ ജീര്‍ണതയും കാണും. ആ ജീര്‍ണതകളില്‍ മുറുകെ പിടിക്കാതെ മുന്നോട്ടു പോകണം.
പഴയകാലമെല്ലാം നല്ലത്. ഇപ്പോഴത്തേതെല്ലാം ചീത്ത അങ്ങനെയല്ല. പഴയതിലെ ജീര്‍ണതയുടെ അംശങ്ങള്‍ തള്ളിക്കളയുകയും അതിലെ നന്മയെ നമ്മള് സ്വീകരിക്കുകയും വേണം. അതാണ് പുരോഗതിയുടെ പാത. ലോകത്തിന്റെ ഏതു ഭാഗത്ത്നിന്നും നല്ല ചിന്തകളും നല്ല ആശയങ്ങളും നമ്മളിലേക്ക് വരട്ടെ എന്ന ഒരുപ്രാര്‍ത്ഥനഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ആപ്രാര്‍ത്ഥന അന്നും ഇന്നും എന്നും പ്രസക്തമാണ്. നമ്മുടെ ജീവിതത്തില്‍, കലകളില്‍, വിദ്യകളില്‍ എല്ലാം നമ്മള് ഉള്‍ക്കൊള്ളേണ്ട മഹത്തായ സന്ദേശമാണിത്. എവിടെനിന്നും നല്ലമാതൃക സ്വീകരിക്കുവാനുള്ള വിശാലതനമുക്കു വേണം.
നമ്മുടെ കുടുംബത്തിലെ കൂട്ടായ്മയും തൊടിയിലെ പച്ചപ്പും പക്ഷിമൃഗാദികളോടുള്ള സൗഹൃദവും പ്രകൃതിയോടുള്ള ഭക്തിയും മാതൃഭാഷയോടുള്ള ഹൃദയബന്ധവും മുത്തശ്ശിമാര്‍ പകര്‍ന്നുതന്ന മൂല്യങ്ങളും നഷ്ടപ്പെട്ടാല്‍നമുക്ക് വിലപ്പെട്ടതായി പിന്നെയെന്തുണ്ട്? അവ നമ്മുടെ സംസ്ക്കാരത്തിന്റെ കെടാവിളക്കുകളാണ്, നമ്മെ നാമാക്കുന്നത് അതൊക്കെയാണ്. അവ നെഞ്ചിലേറ്റിനമുക്ക് മുന്നോട്ട്പോകാം.
മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: