കൂത്തുപറമ്പ്: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനെത്തിയ ഭക്തജനങ്ങള്‍ക്ക് അന്നദാനം നല്‍കി ശ്രദ്ധേയമാകുകയാണ് ചിറ്റാരിപ്പറമ്പ് സേവാഭാരതി പ്രവര്‍ത്തകര്‍. ഇതിനകം ആയിരിക്കണക്കിന് ഭക്തര്‍ക്കാണ് ഇത്തവണ അന്നദാനം നല്‍കിയത്. മുന്‍വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് തിരക്കുള്ള ദിവസങ്ങളില്‍ കൊട്ടിയൂര്‍ തീര്‍ഥാടകര്‍ക്ക് ഹോട്ടലില്‍ നിന്ന് പോലും ഭക്ഷണം ലഭിക്കാറില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരം പ്രതിസന്ധികള്‍ കണ്ടറിഞ്ഞാണ് സേവാഭാരതി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി അന്നദാനം നല്‍കാന്‍ തീരുമാനിച്ചത്. ദിവസവും 1500 ലധികം ആളുകള്‍ കണ്ണവം പതിനേഴാം മൈലിലൊരുക്കിയ ഭക്ഷണശാലയിലെത്തുന്നുണ്ട്. രാവിലെ 8 മണി തൊട്ട് കഞ്ഞിയും പുഴുക്കും റെഡി. 11 മണി ആകുമ്പോഴേക്കും അന്നദാനം ആരംഭിക്കും. മിക്കദിവസങ്ങളിലും ഊണിനൊപ്പം പായസവുമുണ്ടാകും. കഴിഞ്ഞ ശനിയാഴ്ച മൂവായിരവും ഞായറാഴ്ച അയ്യായിരത്തോളവും ആളുകള്‍ ഭക്ഷണം കഴിക്കാനെത്തി.
കൊട്ടിയൂര്‍ അമ്പലത്തിലേക്ക് പോകുന്നതും തിരിച്ചുവരുന്നതുമായ വാഹനങ്ങളിലെ ഭക്തജനങ്ങളെ അന്നദാനത്തിനുവേണ്ടി ക്ഷണിക്കാന്‍ റോഡിന്റെ ഇരുവശങ്ങളിലും സേവാഭാരതി പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് സേവാഭാരതി പ്രവര്‍ത്തകരുടെ, നേതൃത്വത്തിലാണ് അന്നദാനം നല്‍കുന്നതെങ്കിലും ഓരോ ദിവസവും ഭക്ഷണശാലയില്‍ വളണ്ടിയര്‍മാരായി കോളയാട്, കൂത്തുപറമ്പ്, പാട്യം എന്നീ പഞ്ചായത്തുകളിലെ സേവാഭാരതി യൂണിറ്റുകളില്‍ നിന്നും പ്രവര്‍ത്തകന്മാര്‍ സേവനത്തിനായെത്തുന്നുണ്ട്.
ഭക്തജനങ്ങള്‍ക്ക് അന്നദാനം നല്‍കുന്ന സേവാഭാരതിയുടെ സംരംഭത്തിന് നല്ല പിന്തുണയാണ് സമീപപ്രദേശത്തെ ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. അന്നദാനത്തിന് ആവശ്യമായ അരി, പച്ചക്കറികള്‍, ധാന്യങ്ങള്‍, പാചക ആവശ്യത്തിനുള്ള വിറകുകള്‍ ഇവയെല്ലാം ഭക്ഷണശാലയില്‍ സമീപപ്രദേശങ്ങളില്‍ നിന്നും സ്വയപ്രേരണയാല്‍ സജ്ജനങ്ങളെത്തിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണ, സദ്പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്താന്‍ സേവാഭാരതിക്ക് പ്രചോദനമാണെന്ന് അന്നദാനത്തിന്റെ മുഖ്യകോഡിനേറ്റര്‍മാറായി പ്രവര്‍ത്തിക്കുന്ന കെ. ശശിധരന്‍ ചെറുവാഞ്ചേരി, അനിരുദ്ധന്‍ കണ്ണവം, എം.ടി. രജീഷ് എന്നിവര്‍ ജന്മഭൂമിയോട് പറഞ്ഞു. മെയ് 18 ന് ആരംഭിച്ച അന്നദാനം, ജൂണ്‍ 6 വരെ ഉണ്ടാകുമെന്ന് സേവാഭാരതി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: