ബെംഗളൂരു: ബെംഗളൂരുവില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച മലയാളികളടക്കം ആറ് പേര് പിടിയില്‍. അന്താരാഷ്ട്ര കോളുകളെ പ്രാദേശിക കോളുകളാക്കി പരിവര്‍ത്തനം ചെയ്ത് ടെലികോം കമ്പനികള്‍ക്ക് വരുമാനം നഷ്ടപ്പെടുത്തിയ എറണാകുളം, മലപ്പുറം സ്വദേശികളായ സുബൈര്‍, എം.എം. മനു, ഇസ്മായില്‍ അബ്ദുള്‍, ജൗഹര്‍ ഷരീഫ്, ഷാഹിര്‍, ബെംഗളൂരുവില്‍ നിന്നുള്ള രവിചന്ദ്ര എന്നിവരെ സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ നാലുപേരെ ബെംഗളൂരുവില്‍ നിന്നും രണ്ടുപേരെ കേരളത്തില്‍ നിന്നും പിടികൂടി. സംഘത്തില്‍ നിന്ന് 17 സിം ബോക്സുകള്‍, രണ്ട് സെഷന് ഇനിഷ്യേഷന്‍ പ്രോട്ടോക്കോള്‍ (എസ്ഐപി) ട്രങ്ക് കോള്‍ ഉപകരണങ്ങള്‍, ഒമ്പത് െ്രെപമറി റേറ്റ് ഇന്റര്‍ഫേസ് (പിആര്‍ഐ) ഉപകരണങ്ങള്‍, അഞ്ച് ലാപ്ടോപ്പുകള്, രണ്ട് ഡെസ്ക്ടോപ്പുകള്‍, ഒമ്പത് മൊബൈല്‍ ഫോണുകള്‍, ആറ് റൂട്ടറുകള്‍, 205 ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായ സുബൈറും ഇസ്മായിലുമാണ് സംഘത്തിന്റെ സൂത്രധാരന്മാരെന്ന് സിസിബി അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ രണ്ടു വ്യത്യസ്ഥ കേസുകളിലായാണ് പ്രതികള്‍ മുഴുവന്‍ പിടിയിലായത്. സിം ബോക്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് മെയ് 18ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ രവിചന്ദ്ര, സുബൈര്‍, മനു എന്നിവരെ അറസ്റ്റ് ചെയ്തപ്പോള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി വെര്‍ട്ടിക്കല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ പരാതിയെ തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ പിടിയിലായത്. അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നതിനൊപ്പം വകുപ്പിന് നഷ്ടമുണ്ടാക്കിയതായി അധികൃതര്‍ പറഞ്ഞു.
പ്രതികളെല്ലാവരും ഗള്‍ഫില്‍ ജോലി ചെയ്ത നാട്ടിലേക്ക് മടങ്ങിയവരാണ്. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ ശ്രമിക്കുന്നതിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വേണ്ടി കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതികള്‍ തട്ടിപ്പ് തുടര്‍ന്നിരുന്നു. കോളുകള്‍ വണ്‍വേയാണ്. സ്വീകര്‍ത്താവിന് തിരികെ വിളിക്കാന്‍ കഴിയില്ല.സംഘം ഇന്ത്യയില്‍ വന്ന അന്താരാഷ്ട്ര കോളുകള്‍ പരിവര്‍ത്തനം ചെയ്യുകയും മുന്‍കൂട്ടി സജീവമാക്കിയ സിം കാര്‍ഡുകള്‍ മൊത്തമായി വാങ്ങുകയും ചെയ്തുവെന്ന് സിറ്റി പോലീസ് മേധാവി സി. എച്ച്. പ്രതാപ് റെഡ്ഡി പറഞ്ഞു.
ഏകദേശം 400 സിം കാര്‍ഡുകള്‍ 16 സിം ബോക്സുകളില്‍ പ്ലഗ് ചെയ്ത് 8,000 മണിക്കൂര്‍ സംസാര സമയം ലോക്കല്‍ കോളുകളാക്കി പ്രതികള്‍ മാറ്റി. ഒരു പിആര്‍ഐ ലൈനില്‍, ഏകദേശം 30 നമ്പറുകള്‍ പ്ലഗ് ചെയ്യുകയും 720 മണിക്കൂര്‍ സംസാര സമയം പരിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ സിം കാര്‍ഡുകള്‍ എങ്ങനെയാണ് വിതരണം ചെയ്തതെന്നും എസ്ഐപി ട്രങ്ക് കോളും മറ്റ് ഉപകരണങ്ങളും വാങ്ങിയ ഉപഭോക്താക്കളുടെ ക്രെഡന്‍ഷ്യലുകള്‍ പരിശോധിക്കാന്‍ ടെലികോം സേവന ദാതാവ് എന്ത് നടപടിക്രമം പാലിച്ചുവെന്നും സിസിബി അന്വേഷിക്കും. സംഘത്തെ സഹായിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റെഡ്ഡി വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളില്‍ രവിചന്ദ്ര സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മഹാദേവപുരയില്‍ ഐക്കണ്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന കമ്പനി സ്ഥാപിക്കാന്‍ രവിചന്ദ്ര തന്റെ ദീര്‍ഘകാല സുഹൃത്തായ സുബൈറിന് തന്റെ രേഖകള്‍ കടം നല്‍കിയിരുന്നു. രേഖകള്‍ കോള്‍ സെന്ററിനായി ഉപയോഗിക്കുമെന്ന് പറഞ്ഞാണ് പ്രതിമാസം 30,000 മുതല്‍ 40,000 രൂപ വരെ നല്‍കിയിരുന്നത്. തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്ന് രവിചന്ദ്ര പോലീസിനോട് പറഞ്ഞു. ഇതിനിടെ സോഫ്റ്റ്വെയര് എഞ്ചിനീയറായ മനു, ഇന്ത്യയിലെ കുടുംബാംഗങ്ങളെ സ്ഥിരമായി ഫോണ്‍ വിളിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഡാറ്റ ലഭിക്കുന്നതിന് സാങ്കേതിക പിന്തുണ നല്കി.
എക്സ്ചേഞ്ച് സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ഷെരീഫ് തന്റെ സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗിച്ചു. ഷാഹിര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ സിം കാര്‍ഡുകള്‍ സിം ബോക്സുകളില്‍ പ്ലഗ് ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. അതേസമയം മാര്‍ച്ചില്‍ ചില അക്രമികള്‍ മഹാദേവപുര എക്സ്ചേഞ്ച് വഴി മൂന്ന് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ദക്ഷിണ കന്നഡയിലെ പുത്തൂരില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകനായ എം. ചന്ദ്രഹാസയ്ക്് (24) ഭീഷണി കോളുകള്‍ ചെയ്തതായി സിസിബി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: