കൊല്ലം: ഫിഷറീസ് വകുപ്പിനു കീഴിലുള്ള മത്സ്യഫെഡിന്റെ അന്തിപ്പച്ച പദ്ധതിയില്‍ നടന്ന ഒരുകോടി രൂപയുടെ തട്ടിപ്പ് കണ്ടെത്താനാകാതെ സഹകരണ വകുപ്പ് ഓഡിറ്റിങ് വിഭാഗം. 2020-21, 2021-22ലും സഹകരണ വകുപ്പ് ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇത്രവലിയ തുകയുടെ തട്ടിപ്പ് കണ്ടെത്താനായില്ല.
93.75 ലക്ഷം രൂപയുടെ ക്രമക്കേടാണ് പ്രാഥമികമായി കണ്ടെത്തിയത്. ഇതില്‍ 75ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത് 2021-22ല്‍. ഈ സാമ്പത്തിക വര്‍ഷം ആകെ വിറ്റുവരവ് എട്ടുകോടിയായിരുന്നു. വിറ്റുവരവിന്റെ ഏകദേശം 9.5 ശതമാനം തുകയാണ് തട്ടിയെടുത്തത്. വ്യാജബില്ലുകളും രേഖകളും ഉപയോഗിച്ച് വിദഗ്ധമായാണ് തട്ടിപ്പു നടത്തിയതെന്നും അതിനാലാണ് ഓഡിറ്റിങില്‍ കണ്ടെത്താനാകാതിരുന്നതെന്നുമാണ് മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന്റെ വിശദീകരണം.
സഹകരണവകുപ്പ് ഓഡിറ്റിങ് വിഭാഗത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് മത്സ്യഫെഡ് വിശദീകരണം. സംസ്ഥാന സഹകരണ വകുപ്പില്‍ വ്യാപക അഴിമതിയും വെട്ടിപ്പും നടക്കുന്നതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
തട്ടിപ്പില്‍ ഒരു താത്ക്കാലിക ജീവനക്കാരന് ഉള്‍പ്പെടെ രണ്ടുപേര്‍ക്കു മാത്രമാണ് പങ്കെന്ന മത്സ്യഫെഡ് ചെയര്‍മാന്റെ വിശദീകരണവും തൃപ്തികരമല്ല. എല്ലാ ദിവസവും വിറ്റുവരവ് അക്കൗണ്ട്സ് വിഭാഗം പരിശോധിക്കുമെന്നാണ് മത്സ്യഫെഡ് വിശദീകരണം. എല്ലാ യൂണിറ്റുകളിലും കമ്പ്യൂട്ടര്‍ ബില്ലിങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഓരോ വാഹനത്തിലും നടത്തിയ വില്‍പ്പന സംബന്ധിച്ച സമാഹരണ റിപ്പോര്‍ട്ടും വില്‍പ്പന തുകയും കച്ചവടം കഴിഞ്ഞ് വാഹനം മടങ്ങിയെത്തുന്ന മുറയ്ക്ക് വാഹനത്തിന്റെ സിപിസിയുടെ ലോക്കറില്‍ സൂക്ഷിച്ച് അടുത്ത ദിവസം അക്കൗണ്ട്സ് സെക്ഷന്‍ നല്‍കും. ഈ തുക ബാങ്കില്‍ അടയ്ക്കുന്നതാണ് രീതി.ഇത്തരത്തില്‍ യൂണിറ്റംഗങ്ങളില്‍ നിന്ന് സ്വീകരിച്ച തുക ബാങ്കില്‍ അടയ്ക്കാതെ ഇപ്പോള്‍ നടപടി നേരിട്ട രണ്ടു ഉദ്യോഗസ്ഥര്‍ ക്രമക്കേട് കാട്ടിയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഇത്രവലിയ തട്ടിപ്പു നടത്താനാകില്ലെന്നാണ് ആക്ഷേപം. മത്സ്യഫെഡിന്റെ ശക്തികുളങ്ങരയിലെ സിപിസി സെന്ററിലെ താത്ക്കാലിക അക്കൗണ്ടന്റ് എം. മഹേഷ്, അഴീക്കല്‍ ഹാര്‍ബര്‍ ഐസ് പ്ലാന്റ് ചുമതലക്കാരന് കെ. അനിമോന് എന്നിവര്‍ക്കെതിയാണ് നടപടി സ്വീകരിച്ചത്. മഹേഷിനെ പിരിച്ചുവിട്ടു. അനിമോനെ സസ്പെന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: