ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധി തരണം ചെയ്ത്, ചൈനയും അമേരിക്കയും ഉള്‍പ്പെടുന്ന വന്‍ സാമ്പത്തിക ശക്തികളെയും മറികടന്ന് ഇന്ത്യ വികസനക്കുതിപ്പില്‍. ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയെന്ന് കണക്കുകള്‍ പറയുന്നു.
ഇന്ത്യയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഡിപി അഥവാ സാമ്പത്തിക വളര്‍ച്ച 8.7 ശതമാനമാണ്. ചൈനയുടെ ജിഡിപി 8.1 ശതമാനവും. മൂന്നാമതുള്ള ബ്രിട്ടന്റെ ജിഡിപി 7.4 ശതമാനവും ഫ്രാന്‍സിന്റേത് ഏഴു ശതമാനവും അമേരിക്കയുടേത് 5.7 ശതമാനവുമാണ്.
ജപ്പാനു പോലും കൊവിഡ് പ്രതിസന്ധിയെ മറികടന്ന് അതിവേഗം കുതിക്കാനായിട്ടില്ല. അവരുടെ ജിഡിപി 1.6 ശതമാനം മാത്രമാണ്.
സമ്പദ് രംഗത്ത് മികച്ച ഉണര്‍വുള്ളതിനാലും കേന്ദ്രം യഥാസമയം കൈക്കൊണ്ട നടപടികള്‍ വിജയം കണ്ടതിനാലുമാണ് ഇന്ത്യക്ക് മികച്ച വളര്‍ച്ച നേടാനായത്. കേന്ദ്ര സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം, കേന്ദ്രത്തിന്റെ ആത്മവിശ്വാസം എന്നിവ ശക്തമാണെന്നും ജിഡിപി തെളിയിക്കുന്നു. സര്‍ക്കാരിലുള്ള ജനവിശ്വാസം ഏറ്റവുമധികം ഇന്ത്യയിലാണ്. രണ്ടാമത് മലേഷ്യയും. ജര്‍മനിയും നെതര്‍ലാന്‍ഡ്സുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
ചരക്കുസേവന നികുതി വരുമാനവും മികച്ച നിലയിലാണ്. തുടര്‍ച്ചയായ നാലാം മാസമാണ് ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി കവിയുന്നത്. സാമ്പത്തിക പ്രവര്‍ത്തനം നല്ല നിലയ്‌ക്കാണെന്നും ഇതു തെളിയിക്കുന്നു.
റഷ്യ-ഉക്രൈന്‍ യുദ്ധവും അതുമൂലം ആഗോളതലത്തിലുണ്ടായിട്ടുള്ള പ്രശ്നങ്ങളും വരുംവര്‍ഷങ്ങളില്‍ ഇന്ത്യയടക്കമുള്ള മുഴുവന്‍ രാജ്യങ്ങള്‍ക്കും വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്. അതിനാല്‍ വളര്‍ച്ച നിരക്ക് നിലനിര്‍ത്തി മുന്നേറുക ശ്രമകരമാണ്. അതിനു സാധിച്ചാല്‍ വരുംവര്‍ഷങ്ങളിലും വളര്‍ച്ച സുസ്ഥിരമായി നിര്‍ത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: