ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന. കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. കശ്മീരിനെ മാറ്റാന്‍ ശ്രമിച്ചാല്‍ കൊല തുടരുമെന്നും സംഘടന ഭീഷണിപ്പെടുത്തി.
മോഹന്‍പുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരും രാജസ്ഥാന് സ്വദേശിയുമായ വിജയ്കുമാറിനാണ് വ്യാഴാഴ്ച രാവിലെ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി കശ്മീരില്‍ വളരെ അധികം സജീവമായ സംഘടനയാണ് കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്. നേരത്തെ നാല് പേരുടെ മരണത്തിനിടയാക്കിയ ബസ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വവും കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് ഏറ്റെടുത്തിരുന്നു. കശ്മീരില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ ദിവസം സ്കൂള്‍ ടീച്ചറായ ജമ്മു സാംബ സെക്ടര്‍ സ്വദേശിനി രജ്നി ബാല വെടിയേറ്റ് മരിച്ചിരുന്നു.
കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയും പ്രദേശവാസികള്‍ക്ക് നേരെയും തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നിന് ദല്‍ഹിയിലാണ് യോഗം. ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: