കൊല്ലം: കെഎംഎംഎല്‍, ടിഎസ്പി യൂണിറ്റില്‍ പഞ്ചിംഗ് തിരിമറി നടത്തിയ ജീവനക്കാരനെ അന്വേഷണവും നടപടികളുമില്ലാതെ തിരികെയെടുത്തു. കെഎംഎംഎല്ലിനെ കബളിപ്പിച്ചുകൊണ്ട് കമ്പനിയില്‍ വരാതെ ശമ്പളവും, ഓവര്‍ടൈമും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ കമ്പനിയില്‍ നിന്നും തട്ടിയെടുത്ത ഡിവൈഎഫ്ഐ നേതാവിനെയാണ് സസ്പെന്‍ഷനുശേഷം അന്വേഷണവും നടപടിയും കൂടാതെ 28 ദിവസങ്ങള്‍ക്ക് ശേഷം തിരികെയെടുത്തത്.
പ്രതിപക്ഷ യൂണിയനുകളുടെ സമരത്തെ തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകനായ ഇയാളെ സസ്പെന്റ് ചെയ്യുകയും അന്വേഷണം നടത്താന്‍ ഉത്തരവിട്ടതും. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കാതെ യാതൊരു ശിക്ഷണ നടപടിയും സ്വീകരിക്കാതെയാണ് ഇയാളെ തിരികെയെടുത്തത് എന്നാണ് ആരോപണം.
കമ്പനിയിലെ പി ആന്‍ഡ് എ ഡിപ്പാര്‍ട്ട്മെന്റ് പോലും അറിയാതെ, ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കളുടെ വഴിവിട്ട ഇടപെടലിലൂടെയാണ് ഇയാളെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അതേ തസ്തികയില്‍, ജോലി ചെയ്തിരുന്ന അതേ സ്ഥലത്ത് തന്നെ വീണ്ടും പ്രവേശിപ്പിച്ചിരിക്കുന്നത്. കമ്പനിയില്‍ മുമ്പ് പഞ്ചിംഗുമായി ബന്ധപ്പെട്ട് നിസ്സാര ക്രമക്കേട് നടത്തിയിട്ടുള്ള ജീവനക്കാരെ പോലും മാസങ്ങളോളം സസ്പെന്റ് ചെയ്ത് പുറത്ത് നിര്‍ത്തി അന്വേഷണം നടത്തി കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിലാണിത്. ഈ തിരിമറിക്ക് സര്‍ക്കാര്‍ സംവിധാനവും, ഭരണപക്ഷ യൂണിയനണ്ടും, സിപിഎം നേതൃത്വവും കൂട്ട് നില്‍ക്കുകയാണ്.
ഇയാളുടെ തട്ടിപ്പിന് കൂട്ടുനിന്ന് അനധികൃതമായി ഓവര്‍ടൈം നല്കി ലക്ഷക്കണക്കിന് രൂപ കമ്പനിക്ക് ബാധ്യത വരുത്തിയ ഉദ്യോഗസ്ഥനെതിരെയും പഞ്ചിംഗിന് കൂട്ടുനിന്ന താത്ക്കാലിക ജീവനക്കാര്‍ക്കെതിരെയും യാതൊരുവിധ നടപടികളും ഇതുവരെയും കൈക്കൊണ്ടിട്ടില്ല. മനീഷിന്റെ നിയമനം തന്നെ അനധികൃതമെന്നാണ് ആരോപണം ഉയരുന്നത്. മിനിമം യോഗ്യതയിലും എക്സ്പീരിയന്‍സിലും ഇളവുനല്കിയാണ് ഇയാളുടെ നിയമനമെന്നാണ് കെഎംഎംഎല്‍ യൂണിയന് നേതാക്കള്‍ ആരോപിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ കെഎംഎംഎല്ലില്‍ ജോലിയില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: