തിരുവനന്തപുരം: ബഹിരാകാശം, കൃത്രിമബുദ്ധി, സൈബര്‍ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള ആകര്‍ഷക മേഖലകളില്‍ ശാസ്ത്രം കരിയറായി പിന്തുടരാന് പ്രോത്സാഹനമേകി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) വിജ്ഞാന ഭാരതി കേരള ചാപ്റ്ററുമായി (സ്വദേശി സയന്‍സ് മൂവ്മെന്റ് ) സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നാലുദിവസത്തെ ശാസ്ത്ര ശില്‍പ്പശാലയ്ക്ക് സമാപനമായി.
ആര്‍ജിസിബിയുടെ പൂജപ്പുര കാമ്പസില്‍ ‘ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളുമായി നേര്‍ക്കുനേര്‍’ എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാലയില്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഉപരിപഠനവും തൊഴിലും തെരഞ്ഞെടുക്കുന്നതില്‍ സര്‍ഗാത്മകതയെ വഴികാട്ടിയായി പരിഗണിക്കണമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ ഉദ്ഘാടന പ്രസംഗത്തില്‍ വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ആര്‍ജിസിബി വാഗ്ദാനം ചെയ്ത വിവിധ സേവനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ആര്‍ജിസിബി, സിഎസ്ഐആര്‍എന്‍ഐഐഎസ്ടി, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ റിസര്‍ച്ച്, വിക്രം സാരാഭായ് സ്പേസ് സെന്റര്‍, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ബയോടെക്നോളജി, സുസ്ഥിര ഊര്‍ജ്ജ ഉപാധികള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളെ അഭിസംബോധന ചെയ്തു.
അപ്ലൈഡ് ബയോടെക്നോളജി സെഷന് നയിച്ച ആര്‍ജിസിബിയിലെ ശാസ്ത്രജ്ഞയായ ഡോ.ഇ.വി.സോണിയ ജനിതകമാറ്റം വരുത്തിയ വിളകള്‍, ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രതിപാദിച്ചു.
സിഎസ്ഐആര്എന്ഐഐഎസ്ടിയിലെ ഡോ.സൂരജ് സോമനും ഡോ.രാഖി ആര്.ബിയും സുസ്ഥിര ഊര്‍ജ്ജത്തിന്റെ ആവശ്യകതയെക്കുറിച്ചും ഡൈ സെന്‍സിറ്റൈസ്ഡ് സോളാര്‍ സെല്ലുകളുടെയും എനര്‍ജി സ്പേസ് ഡിവൈസ് സൂപ്പര്‍ കപ്പാസിറ്ററുകളുടെയും സാധ്യതയെക്കുറിച്ചും ക്ലാസ് നയിച്ചു. കേരള സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ അച്യുത്ശങ്കര്‍ എസ്.നായര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡീപ് ലേണിംഗിന്റെയും ആശയങ്ങള്‍ അവതരിപ്പിച്ചു.
സിഡിഎസിയിലെ മെല്വിന് ജോണും ഹിരണ്‍ ബോസും സൈബര്‍ സുരക്ഷയുടെ സങ്കീര്‍ണതകള്‍ തുറന്നുകാട്ടി. ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് പോലുള്ള പുതിയകാല പദപ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതായിരുന്നു ഇത്. എസ്സിടിഐഎംഎസ്ടിയില് നിന്നുള്ള ഡോ.എച്ച്.കെ. വര്‍മ്മയും ഡോ.അനൂപ് തെക്കുവീട്ടിലും യഥാക്രമം ബയോ മെറ്റീരിയലുകളുടെ ക്ലിനിക്കല്‍ ഉപയോഗവും കോവിഡ്19 ല്‍ നിന്നുള്ള അറിവുകളും അവതരിപ്പിച്ചു. തിരുവനന്തപുരം ഐസറിലെ ഡോ.രാജീവ് കിനി ഫെംടോസെക്കന്‍ഡ് ടൈം സ്കെയില്‍ ലോകത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തി. ബിജു പ്രസാദ് ബഹിരാകാശത്തെ ഭാവിസാധ്യതകളെക്കുറിച്ചുള്ള കാഴ്ചപ്പാട് നല്കി.
വിജ്ഞാനഭാരതി ദേശീയ സെക്രട്ടറി പി.എ. വിവേകാനന്ദ പൈ, പ്രോഗ്രാം ചെയര്‍മാനും സിഎസ്ഐആര്‍എന്‍ഐഐഎസ്ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ.യു.എസ്.ഹരീഷ്, സിഎസ്ഐആര്‍എന്‍ഐഐഎസ്ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഫോട്ടോ സയന്‍സസ് മേധാവിയുമായ ഡോ.കെ.നാരായണന് ഉണ്ണി എന്നിവര്‍ സമാപനച്ചടങ്ങില്‍ സംസാരിച്ചു.
വേദകാല ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള സെഷനും സയന്‍സ് ക്വിസും വിദ്യാര്‍ഥികളില്‍ ആവേശമുണ്ടാക്കുന്നതായിരുന്നു. അത്യാധുനിക വിശകലന സൗകര്യങ്ങള്‍ അനുഭവിക്കാനുതകി ആര്‍ജിസിബിയുടെ ലബോറട്ടറികള്‍ സന്ദര്‍ശിക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: