തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍. സമയപരിധിയുടെ പേരില്‍ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്കി.
ക്രൈംബ്രാഞ്ച് മേധാവിയേയും അന്വേഷണ സംഘത്തേയുമാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസില്‍ അട്ടിമറി ആരോപിച്ചുള്ള നടിയുടെ ഹര്‍ജിക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഈ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. അതിജീവിത രാഷ്ട്രീയ അട്ടിമറി എന്ന ആരോപണം ഉന്നയിച്ചതാണ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെങ്കില്‍ കോടതിയെ സമീപിക്കണം. എല്ലാ തെളിവുകളും പരിശോധിച്ച് നീതിപൂര്‍വ്വമായ അന്വേഷണം ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനും തടയിട്ടിരുന്നു. ഇതോടെ ഹൈക്കോടതി നിര്‍ദ്ദേശിച്ച സമയപരിധിയായ ഈ മാസം 31നകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിത രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: