കോഴിക്കോട് : പ്രമുഖ ആദ്ധ്യാത്മികാചര്യനും എഴുത്തുകാരനുമായ പട്ടയില്‍ പ്രഭാകരന് (87) കോട്ടപ്പറമ്പിലെ വസതിയില്‍ അന്തരിച്ചു. മുത്തശ്ശി രാമായണത്തിന്റെ ശീലുകളിലൂടെ കുട്ടികളെ രാമായണ മഹാകാവ്യത്തിലേക്ക് ആനയിച്ച ആചാര്യന്, സനാതന സംസ്കൃതിയുടെ ആഴങ്ങളില്‍ നിന്നും അറിവിന്റെ ഖനി പകര്‍ന്നു തന്ന പണ്ഡിതന്, ബാലഗോകുലത്തിന്റെ രക്ഷാധികാരി, സനാതന ധര്‍മ്മപരിഷത്തിന്റെ സാരഥി,
അനേകരെ സംസ്കൃത ഭാഷാ ഗംഗയിലേക്ക് നയിച്ച ഗുരുവര്യന്, ശ്രീനാരായണ കൃതികളും വേദാന്ത വിഷയങ്ങളും മധുരമായി പഠിപ്പിക്കാന്‍ കഴിവുള്ള അറിവിന്റെ നിറകുടം, ഏത് സംശയങ്ങള്‍ക്കും എപ്പോഴും വിളിക്കാവുന്ന ഒരു അത്താണിയാണ് നഷ്ടമായത്.
ഭാര്യ: ചന്ദ്രിക. മക്കള്‍: വിനീത (റിട്ട. വാട്ടര്‍ അതോറിറ്റി), പ്രീത (അധ്യാപിക). മരുമക്കള്‍: ബാബു (യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്), മോഹന്‍കുമാര്‍ (റെയില്‍വേ റിട്ട.)
പട്ടയില്‍ പ്രഭാകരന് ബാലഗോകുലത്തിന്റെ പ്രാരംഭകാലം മുതലുള്ള രക്ഷാകര്‍ത്താവായിരുന്നു. ദീര്‍ഘകാലം ജില്ലാ അധ്യക്ഷനായും രക്ഷാധികാരിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിത്യപ്രസാദസാന്നിദ്ധ്യം പ്രവര്‍ത്തകര്‍ക്ക് വലിയ പ്രേരണയായിരുന്നു. അദ്ദേഹം രചിച്ച മുത്തശ്ശിരാമായണം ബാലസാഹിതീ പ്രകാശന്റെ താരപുസ്തകമായി മാറി. രാമജന്മഭൂമി സമരകാലത്തെ സര്‍ഗ്ഗാത്മകമാക്കിയ കാവ്യ പുസ്തകമാണ് മുത്തശ്ശിരാമായണം.
ബാലമേളകളില്‍ പട്ടയില്‍ പ്രഭാകരന്റെ കഥാസദസ്സുകള്‍ ആസ്വദിച്ചവര്‍ക്ക് അത് ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയായിരുന്നു. വാര്‍ദ്ധക്യകാലത്തും വിശ്രമത്തിനു മുതിരാതെ പുസ്തക രചനയിലും പാഠ്യവസ്തു സമ്പാദനത്തിലും മുഴുകി. ഗോകുലകാര്യങ്ങളുടെ ക്ഷേമാന്വേഷിയായി ജീവിതാന്ത്യം വരെ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഗുരുതുല്യനായ ആ മാര്‍ഗ്ഗദര്‍ശിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ബാലഗോകുലം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: