മുബൈ: മുംബൈയിലെ കുര്‍ളയിലുള്ള ഗോവവാല കോമ്പൗണ്ട് പിടിച്ചെടുക്കാന്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്ക് ദാവൂദ് ഗ്യാങ്ങുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റപത്രത്തിലെ ആരോപണം ശരിയാണെന്ന് സ്പെഷ്യല്‍ പിഎംഎല്‍എ കോടതി അംഗീകരിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫയല്‍ ചെയ്ത കുറ്റപത്രത്തിലായിരുന്നു ഈ ആരോപണം.
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കര്‍, സലിം പട്ടേല്‍, സര്‍ദാര്‍ ഖാന് എന്നീ ദാവൂദ് ഗ്യാങ്ങിലെ അംഗങ്ങളുമായി ഒത്തുചേര്‍ന് മുനീറ പ്ലംബര്‍ എന്ന സ്ത്രീയുടെ കുര്‍ളയിലെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് പിടിച്ചെടുക്കാന്‍ ക്രിമനില്‍ ഗൂഢാലോചന നടത്തിയെന്ന് പ്രത്യേക ജഡ്ജി രാഹൂല്‍ ആര് റോക്കാഡെ പറഞ്ഞു.
കള്ളപ്പണം വെളുപ്പിച്ച പണം കൊണ്ടാണ് കുര്‍ളയിലെ സ്വത്ത് വാങ്ങിയത്. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ നവാബ് മാലിക്കിന് നേരിട്ട് ബന്ധമുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ജഡ്ജി പറഞ്ഞു. കുര്‍ളയിലെ ഗോവവാല കോമ്പൗണ്ടില്‍ നവാബ് മാലിക്ക് അനധികൃതമായി താമസിക്കുന്ന വാടകക്കാരെക്കുറിച്ച് ഒരു സര്‍വ്വേ നടത്തി. പിന്നീട് സര്‍വ്വേയറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ദാര്‍ ഷാവാലി ഖാന്റെ സഹായം തേടി. ഈ കോമ്പൗണ്ട് പിടിച്ചെടുക്കാന്‍ ഹസീന പാര്‍ക്കര്‍, സര്‍ദാര്‍ ഷാവാലി ഖാന് എന്നിവരുമായി ചേര്‍ന്ന് പല കുറി നവാബ് മാലിക്ക് ഗൂഢാലോചന നടത്തി. നവാബ് മാലിക്കിനും 1993ലെ ബോംബ് സ്ഫോടനക്കേസ് പ്രതി സര്‍ദാര്‍ ഷാവാലി ഖാനും എതിരെ കോടതി നടപടികള്‍ ആരംഭിക്കുമെന്നും പിഎംഎല്‍എ കോടതി പറഞ്ഞു.
ഫിബ്രവരി 23ന് ഈ കേസുമായി ബന്ധപ്പെട്ട് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ നിഷ്കളങ്കരായ ഒട്ടേറെപ്പേരുടെ ഭൂമി തട്ടിയെടുക്കുന്നതില്‍ തന്റെ സഹോദരി ഹസീനപാര്ക്കറുടെ പങ്കിനെക്കുറിച്ച് ഇഖ്ബാല്‍ കാസ്കര്‍ ഇഡിയോട് നടത്തിയ ചില വെളിപ്പെടുത്തലുകളില്‍ നിന്നാണ് നവാബ് മാലിക്കിന്റെ പങ്കും വെളിപ്പെട്ടത്.
ഇന്നത്തെ നിലയില്‍ 300 കോടി വിലമതിക്കുന്ന മുനീറ പ്ലംബര്‍ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള കുര്‍ളയിലെ ഭൂമി ദാവൂദിന്റെ സഹോദരിയായ ഹസീന പാര്‍ക്കറുടെ സഹായത്തോടെ നവാബ് മാലിക്ക് തട്ടിയെടുക്കുകയായിരുന്നു. തന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള സോളിഡസ് ഇന്‍വെസ്റ്റ്മെന്റ് പ്രൈ. ലിമിറ്റഡ് എന്ന കമ്പനി വഴിയായിരുന്നു ഈ തട്ടിയെടുക്കല്‍. ഹസീന പാര്‍ക്കര്‍ക്ക് പുറമെ അവരുടെ ബോഡിഗാര്‍ഡ് സലിം പട്ടേല്‍, 1993ലെ മുംബൈ ബോംബ് സ്ഫോടനപരമ്പരയിലെ പ്രതി സര്‍ദാര്‍ ഷാ വാലി ഖാന് എന്നിവരുടെ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: