കോഴിക്കോട്: പാലാരിവട്ടത്ത് മേല്‍പ്പാലം തകര്‍ന്നു വീണില്ല. നിര്‍മിച്ച കമ്പനിതന്നെയാണ് നിര്‍മാണത്തില്‍ പിഴവുകണ്ടെത്തിയത്. പക്ഷേ പരിശോധിക്കാന്‍ മദ്രാസില്‍നിന്ന് ഐഐടി സംഘത്തെ കൊണ്ടുവന്നു.
കോഴിക്കോട്ട്, ചാലിയാറിന് കുറുകേ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കാന്‍ നിര്‍മിച്ച പാലം പണിനടക്കവേ തകര്‍ന്നുവീണു. പാലം പൂര്‍ത്തിയായി ഗതാഗതം നടക്കവേ ആയിരുന്നെങ്കില്‍ വന്‍ ദുരന്തമായേനെ. പക്ഷേ, വീഴ്ച അന്വേഷിക്കുന്നത് കിഫ്ബി സംഘം, കോഴിക്കോട് ബസ് ടെര്‍മിനല്‍ പൊളിക്കണമെന്ന് റിപ്പോര്‍ട്ടുണ്ടാക്കാനും സര്‍ക്കാര്‍ ഐഐടിയെ കൊണ്ടുവന്നിരുന്നു.
പാലാരിവട്ടം പാലം പണിയാന്‍ നിശ്ചയിച്ചത് എല്‍ഡിഎഫ് ഭരണകാലത്തില്, പണി പൂര്‍ത്തീകരിച്ചത് യുഡിഎഫ് ഭരണത്തില്‍, ഉദ്ഘാടനം ചെയ്തത് എല്‍ഡിഎഫിന്റെ പിണറായി സര്‍ക്കാര്‍. പാലാരിവട്ടത്തെ കരാര്‍ കേരളത്തിനുപുറത്തുള്ള ആര്‍ഡിഎസ് കമ്പനിക്കായിരുന്നു. കൂളിമാട് പാലം പണി ചില ഉന്നത നേതാക്കള്‍ക്ക് ബിനാമി പങ്കാളിത്തം ഉണ്ടെന്നുപറയപ്പെടുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക്.
പാലാരിവട്ടത്ത് നിര്‍മാണത്തില്‍ ചെറിയ പിഴവുണ്ടെന്നും അറ്റകുറ്റപ്പണിക്ക് അടച്ചിട്ട് അവസരം നല്‍കണമെന്നും കമ്പനിആവശ്യപ്പെട്ടത് സര്‍ക്കാര്‍ തള്ളി. പിന്നീട് വിള്ളല്‍ കണ്ടെത്തിയെന്ന പേരില്‍ വിവാദമാക്കി. കരാര്‍കാലത്തെ മന്ത്രിയേയും പൊതുമരാമത്ത് സെക്രട്ടറിയേയും അഴിമതിക്കേസില്‍ പ്രതിയാക്കി. വിജിലന്‍സ് അന്വേഷണത്തിന് തൊട്ടുപിന്നാലേ, അവരുടെ ശിപാര്‍ശ പ്രകാരം മദ്രാസ് ഐഐടി വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. ഒടുവില്‍ ഇന്ത്യയുടെ ടെക്നോക്രാറ്റ് മെട്രോമാന് ഇ. ശ്രീധരനെക്കൊണ്ട് പരിശോധിപ്പിച്ച് പാലത്തിന് ബലവര്‍ധന നടത്തി. പാലം പണിഞ്ഞകാലത്തെ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ ഉള്‍പ്പെടെ കേസ് എടുത്തു.
എന്നാല്‍ കൂളിമാട് പാലം തകര്‍ച്ചയില്‍ ഈ നടപടിക്രമമൊന്നുമുണ്ടായിട്ടില്ല. പാലം തകര്‍ന്നുവീണു. കരാറുകാരുടെ ന്യായീകരണം പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് ഏറ്റുപറയുകയാണ്. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ചോദിച്ചു. പാലംപണിക്ക് പണം ഒരുക്കിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തവും അധികാരവുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പോലും പ്രഖ്യാപിച്ച കിഫ്ബിയുടെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അന്വേഷിച്ച് അപകടം നിസ്സാരവത്കരിച്ചു. പിഡബ്ല്യുഡി വിജിലന്‍സ് കൂടുതല്‍ അന്വേഷണം വേണമെന്ന് പറഞ്ഞു. പക്ഷേ, കരാറുകാരന്റെ വിശദീകരണത്തില്‍ വകുപ്പുമന്ത്രിയും സര്‍ക്കാരും തൃപ്തരായിരിക്കുകയാണ്. ഐഐടി മദ്രാസ് വിദഗ്ദ്ധര്‍ വരുന്നില്ല!
പിണറായി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ വന്നപ്പോള്‍ പാലാരിവട്ടത്തെ പാലംപൊളി വിവാദമുണ്ടാക്കിയത് യുഡിഎഫിനെ നേരിടാനായിരുന്നു. സമ്മര്‍ദ്ദത്തിലൂടെ മുസ്ലിം ലീഗിനെ വരുതിയിലാക്കാനും, ഊരാളുങ്കല്‍ സൊസൈറ്റിയെന്ന കരാറുകാര്‍ക്ക് ഒത്താശകള്‍ ചെയ്യാനും ഉദ്ദേശ്യമായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ത്തന്നെ കോഴിക്കോട്ടെ വന്‍കിട നിര്‍മാണ ഇടപാടുകളില്‍ ഒരു നിര്‍മാണക്കമ്പനിയും ചില നേതാക്കളും ചേര്‍ന്ന് കോഴിക്കോട്ട് വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതിന്റെ ഭാഗമായാണ് കോഴിക്കോട് ബസ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ കുഴപ്പമെന്ന ആരോപണം ഉയര്‍ന്നത്. കുഴപ്പം ഉണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആശ്രയിച്ചത് സാങ്കേതിക വിദഗ്ദ്ധരായ മദ്രാസ് ഐഐടിയുടെ സഹായമാണ്.
എന്നാല്‍, വന്‍ ദുരന്തമായേക്കുമായിരുന്ന കൂളിമാട് പാലത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാനോ പഠിക്കാനോ, വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിട്ടും മദ്രാസ് ഐഐടിയെ മന്ത്രി വിളിക്കുന്നില്ല.
പാലാരിവട്ടം പാലത്തിന്റെ വിഷയത്തില്‍ വിദഗ്ധാന്വേഷണമാണ് പാലം ഡിസൈനിലെ പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കരാറിലെ കള്ളക്കളികള്‍ പുറത്തുവന്നത്. മന്ത്രിയും വകുപ്പ് സെക്രട്ടറിയും കേസില്‍ പ്രതിയായത്. കൂളിമാട് പാലം തകര്‍ച്ചയില്‍ ‘കിഫ്ബി’യുടേതല്ലാത്ത ഗൗരവമുള്ള ഒരന്വേഷണവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധവെക്കുന്നത് മന്ത്രിനേരിട്ടിടപെട്ടാണെന്നതാണ് വിചിത്രമായ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: