ശത്രുസംഹാരത്തിനുള്ള അവതാരമായാണ് കാളിയെ പലരും കരുതുന്നത്. കാളിമയാര്‍ന്ന രൂപവും തലയോട്ടിമാലയും പുറത്തേക്കു നീട്ടിയ നാവുകളും തുറിച്ച കണ്ണുമായി രൗദ്രഭാവത്തിലുള്ള കാളിയുടെ രൂപം ആരെയും ഭയപ്പെടുത്തും.
യഥാര്‍ത്ഥത്തില്‍ ആദ്ധ്യാത്മിക സാധനയുടെ ഉന്നത ഭാവവും അവസ്ഥയുമാണ് കാളി. എന്നാല്‍ കാളീ ഉപാസനയുടെ ഔന്നത്യങ്ങളെ അറയുമ്പോള്‍ മാത്രമേ അതു നമുക്ക് അനുഭവവേദ്യമാകുകയുള്ളൂ.
പ്രകടം,രഹസ്യം, അതിരഹസ്യം, പരാപരഹസ്യം എന്നിങ്ങനെ പല തലങ്ങളാണ് കാളീ ഉപാസനയ്ക്കുള്ളത്. കേരളത്തിലെ കാവുകളില്‍ കാളിയെ ആരാധിക്കുന്നത് പ്രകടഭാവത്തിലാണ്. രഹസ്യവിധാനത്തെ ദൃശ്യമാക്കുന്നതാണ് വീടുകളില്‍ കാളിക്കായി നടത്താറുള്ള ശാക്തേയ പൂജ. സാധനയുടെ ഔന്നത്യത്തില്‍ മാത്രം അനുഭവിക്കാവുന്നതാണ് അതിരഹസ്യവും പരാപരഹസ്യവും.
പലപ്പോഴും അജ്ഞാനത്തിന്റെ മറയിലൂടെയാണ് സാധാരണക്കാര്‍ കാളിയെ സങ്കല്പിച്ചു വരുന്നത്. കാളീ ഉപാസന ഇത്രത്തോളം വ്യാപ്തിയുള്ളതാണെന്ന് മനസ്സിലാക്കുക അവര്‍ക്ക് ശ്രമകരമായിരിക്കും. പറഞ്ഞുകേട്ട കാര്യങ്ങളാണ് പലരുടേയും ഉള്ളില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ടാവുക.
ഷഡ് വൈരികളെയാണ് കാളി യഥാര്‍ത്ഥത്തില്‍ നിഗ്രഹിക്കുന്നത്. മനുഷ്യന്റെയുള്ളില്‍ കുടികൊള്ളുന്ന കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയാണ് ഷഡ് വൈരികള്‍.
ദാരികാസുരന്റെ ശിരസ്സാണ് കാളിയുടെ കൈകളില്‍ കാണാനാവുക. മനുഷ്യന്റെ അഹങ്കാരത്തിന്റെ പ്രതീകമാണത്. അമ്മ ഛേദിച്ചു കളയുന്നത് സര്‍വനാശിയായ അഹങ്കാരത്തെയാകുന്നു.
കാളീ ഉപാസനയിലേക്ക് എത്തിപ്പെടാന്‍ പൂര്‍വജന്മ സുകൃതവും യോഗവും അനിവാര്യമാണ്. കാളിയെ ഭക്തിപൂര്‍വം ധ്യാനിക്കുന്നതു പോലും ഉപാസനയായി കാണാവുന്നതാണ്.
കാളിപ്രീതിക്കായി ജപിക്കുന്ന ശ്ലോകങ്ങളാണ് കാളിപ്പത്ത് എന്നറിയപ്പെടുന്നത്.
ഭീതി, ദുരിതം, മാറാവ്യാധി, ദാരിദ്ര്യം, മൃത്യുഭയം തുടങ്ങിയവ മാറാനായി ഈ സ്തോത്രം ജപിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: