വണ്ടിപ്പരിയാര്‍: പട്ടയമില്ലാത്ത 10 സെന്റ് ഭൂമിയില്‍ കെട്ടി ഉയര്‍ത്തിയ തറയില്‍ കൊച്ചു വീടെന്ന സ്വപ്നം അവശേഷിപ്പിച്ചാണ് മാധ്യമ പ്രവര്ത്തകന് യു.എച്ച്. സിദ്ധീഖ്(43) എന്ന അബൂബക്കര്‍ ലോകത്തോട് വിടവാങ്ങുന്നത്. സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.
വാടകവീട്ടില്‍ ഇടമില്ലാത്തതിനാല്‍ അടുത്ത പറമ്പിലെ പന്തലില്‍ ആണ് അന്ത്യയാത്രക്കൊരുക്കിയിരിക്കുന്നതെന്നത് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവരുടെ ഉളളുലക്കും. സിദ്ധീഖിന്റെ ഇന്നലെകളും ഇന്നത്തെ ജീവിതാവസ്ഥയും അവര്‍ക്ക് നേര്‍ചിത്രമാകും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെയുളള കറുപ്പുപാലത്തെ തോട്ടം തൊഴിലാളി ലയത്തില്‍ ദുരിതങ്ങളോട് പൊരുതിയ ബാല്യം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലപ്പുറം പുത്തനത്താണിയില്‍ നിന്നും വണ്ടിപ്പെരിയാറിലെ തേയില തോട്ടത്തില്‍ പണിക്കെത്തിയവരാണ് സിദ്ധീഖിന്റെ പൂര്‍വികര്‍. പിതാവ് ഹംസ 14-ാം വയസില്‍ മരിച്ചു. ആര്‍ബിടി എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന മാതാവ് ഖദീജയാണ് സിദ്ധീഖിനെയും സഹോദരങ്ങെളയും വളര്‍ത്തിയത്. ഡിസിസി മുന്‍ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉടുമ്പഞ്ചോലയില്‍ മത്സരിച്ചപ്പോള്‍ മീഡിയ ചുമതല വഹിച്ചു. ഇതോടെയാണ് സിദ്ധീഖിലെ മാധ്യമ പ്രവര്‍ത്തകന്റെ ഉദയം. മംഗളത്തിന്റെ കുമളി ലേഖകനായി തുടക്കം. പിന്നീട് തേജസില്‍ പ്രാദേശിക ലേഖകനും സ്റ്റാഫ് റിപ്പോര്‍ട്ടറുമായി.
കുട്ടിക്കാലത്ത് തന്നെ കളിയും കളിക്കളവും ഹരമായിരുന്നു. ഈ കളിക്കമ്പമാണ് സിദ്ധീഖിലെ കളിയെഴുത്തുകാരനെ വാര്‍ത്തെടുത്തത്. സുപ്രഭാതത്തില്‍ കായിക റിപ്പോര്‍ട്ടറായതോടെ ഒട്ടേറെ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളുടെ ഹരം ചോരാതെയുളള നേര്കാഴ്ചകള് സിദ്ധീഖ് വായനക്കാര്‍ക്കായി നല്കി. ഒടുവില്‍ മലപ്പുറത്ത് സന്തോഷ് ട്രോഫിയില്‍ കേരളം മുത്തമിട്ടത് ചെറിയ പെരുന്നാള്‍ മധുരമായി കായികപ്രേമികള്‍ക്ക് പകര്‍ന്ന് നല്കി.
അടുത്ത കായിക വേദി പ്രതീക്ഷിച്ചിരിക്കെയാണ് ജീവിതത്തിന്റെ കളിക്കളത്തില്‍ അപ്രതീക്ഷിതമായി മരണത്തിന്റെ ലോംഗ് വിസില്‍ ഈ ചെറുപ്പക്കാരനെ തേടിയെത്തിയത്. ഇന്നലെ രാവിലെ 10.15ന് സുപ്രഭാതം പത്രത്തിന്റെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിച്ച ശേഷമാണ് കുഴഞ്ഞ് വീഴുന്നത്.
മൈതാനങ്ങളുടെ ആവേശത്തിലും ആരവത്തിലും അഭിരമിക്കുമ്പോഴും മനസില്‍ അലയടിക്കുന്ന സ്വകാര്യ ദുഖങ്ങള്‍ മുഖത്ത് പ്രകടമാകാതിരിക്കാന്‍ സിദ്ധീഖ് ശ്രദ്ധിച്ചു. എപ്പോഴും ചിരിച്ച മുഖവുമായി അദ്ദേഹം സഹ പ്രവര്‍ത്തകരുടെ മുന്നില്‍ എത്തിയിരുന്നത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം ഒടുവില്‍ കോഴിക്കോട് എന്നിങ്ങനെ വിവിധ ജില്ലകളില്‍ സിദ്ധീഖ് പ്രവര്‍ത്തിച്ചു. അവിടങ്ങളിലെല്ലാം സൗഹൃദത്തിന്റെ പൂമരമായി മാറി. ഇന്നലെ സിദ്ധീഖിന്റെ അപ്രതീക്ഷിത വിയോഗമറിഞ്ഞ സാമുഹ്യ മാധ്യമങ്ങളില്‍ കണ്ട വിട പറയുന്ന പോസ്റ്റുകള്‍ ഇതിന് തെളിവാണ്.
കായികരംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2017ലെ ജി.വി. രാജ സ്പോര്‍ട്സ് അവാര്‍ഡ് നേടി. 2012, 2018 വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മികച്ച കായിക റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡുകളും നേടിയിരുന്നു. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: നിസ. മക്കള്‍: ഫിദ ഫാത്വിമ, ഫാദിയ ഫാത്വിമ. സംസ്കാരം ഇന്ന് രാവിലെ ഇടുക്കി വണ്ടിപ്പെരിയാറില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: