കടമെടുക്കുക. കടത്തിന് പലിശ നല്‍കാനും കടമെടുക്കുക. ഇങ്ങനെ പോയാല്‍ എന്താകും സ്ഥിതി. കേരള ഭരണക്കാര്‍ ഇതൊന്ന് ചിന്തിക്കുന്നുണ്ടോ? നികുതി, നികുതിയിതര വരുമാനം വര്‍ധിപ്പിക്കണം. അനാവശ്യ ചെലവുകള്‍ കുറയ്ക്കണം. 1957-67 കാലഘട്ടത്തില്‍ റവന്യൂവരുമാനത്തിന്റെ 32 ശതമാനം നികുതിയിതര വരുമാനത്തില്‍ നിന്നായിരുന്നു. ഇപ്പോഴത് പത്തു ശതമാനത്തില്‍ താഴെയാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനത്തില്‍ താഴെയാണ് നികുതി വരുമാനം. ദേശീയ ശരാശരി 10-12 ശതമാനമാണ്. വിദേശരാജ്യങ്ങളില്‍ അത് 25-40 ശതമാനമാണ്. ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതാണ്. എന്നാല്‍ പരോക്ഷ നികുതി പിരിക്കുന്നതില്‍ ഏഴാം സ്ഥാനത്താണ്. ഇതിനര്‍ഥം നികുതി യഥാസമയം പിരിക്കുന്നില്ല, നികുതി വെട്ടിപ്പ് നടക്കുന്നു എന്നാണ്. ഇക്കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിച്ചാലേ കേരളത്തിനു പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സര്‍ക്കാരിന് അംഗീകരിക്കാവുന്ന വിദഗ്ധരുണ്ട്. അവരുടെ ഉപദേശവും നിര്‍ദ്ദേശവും അനുസരിച്ചേ മുന്നോട്ടുപോകൂ. അത് ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍ സമയമില്ല. താത്പര്യമില്ല. വരവറിയാതെ ചെലവാക്കിയാല്‍ കുത്തുപാളയാണ് ഗതി എന്ന് പറയാറുണ്ടല്ലോ. അതാണിന്നത്തെ സ്ഥിതി.
ചെലവുചുരുക്കലിനും അഴിമതി ഇല്ലാതാക്കുന്നതിനുമാണ് മുന്തിയ പരിഗണന എന്ന് കൊട്ടിഘോഷിച്ചവരാണ് ഭരണക്കാര്‍. ഇന്നത് അവസാനത്തെ ചിന്താപദ്ധതിയായി. തേവരുടെ ആന വലിയെടാ വലി എന്ന മട്ടിലായി ചെലവിന്റെ പോക്ക്. തോറ്റ എംപിയ്ക്ക് ഏഴേകാല്‍ കോടി രൂപ കൊടുത്ത സര്‍ക്കാരല്ലേ ഇത്. കൊവിഡ് കാലത്തെ രണ്ടുവര്‍ഷം ദല്‍ഹി ദര്‍ബാറിന് പോകാനേ കഴിയാതിരുന്നിട്ടും കൊടുത്തു ഭീമമായ തുക. കാബിനറ്റ് പദവിയും പത്രാസുമെല്ലാം ചാര്‍ത്തിക്കൊടുത്താല്‍ അത്രയും പണം കൊടുത്തല്ലെ പറ്റൂ.
ബജറ്റ് രേഖകളില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നെടുക്കുന്ന കടങ്ങളും സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായത്. 2020-21 സാമ്പത്തിക വര്‍ഷം മുതലുള്ള കടമെടുപ്പിന് ഇതു ബാധകമാകും. കടമെടുക്കാനുള്ള കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്ര തീരുമാനം നീളുന്നത് ഇതിനാലാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര തീരുമാനം വലിയ തിരിച്ചടിയാണ്. കേരളത്തിനു കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കാത്തതോടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ശമ്പളവിതരണവും മുടങ്ങുമെന്ന സ്ഥിതിയാണ്. 11 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിനു ശേഷമാണ് കേന്ദ്രം ഈ തീരുമാനത്തിലേക്കെത്തിയത്.
കിഫ്ബിയിലൂടെ എടുക്കുന്ന വായ്പകള്‍ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം നേരത്തേ നിര്‍ദേശിച്ചിരുന്നെങ്കിലും പാലിക്കാന്‍ സംസ്ഥാനം കൂട്ടാക്കിയിരുന്നില്ല. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിനു പുറത്ത് പണം കണ്ടെത്താനാണ് കിഫ്ബിയെന്ന സംവിധാനത്തിനു സര്‍ക്കാര്‍ രൂപം നല്‍കിയത്. മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനം കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുവാദമുള്ളത്. അത് 32,425 കോടി രൂപ വരും. ഇതിനു പുറമേയാണ് കിഫ്ബി വഴി പണം സ്വരൂപിക്കുന്നത്. പെട്രോളില്‍നിന്നുള്ള സെസും മോട്ടര്‍ വാഹന നികുതിയുമാണ് തിരിച്ചടവിനുള്ള മാര്‍ഗം. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡില്‍ നിന്നും കടമെടുത്തിട്ടുണ്ട്. ബജറ്റിനു പുറത്ത് കടമെടുക്കുന്നത് വര്‍ധിച്ചതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. പരിശോധനകള്‍ക്കുശേഷം അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ കണക്കുകളില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് കേന്ദ്ര നിര്‍ദേശം.
കേന്ദ്ര ധനകാര്യ കമ്മിഷന് ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും സംസ്ഥാനത്തിനു വായ്പാപരിധി നിശ്ചയിച്ചു നല്‍കുന്നത്. സംസ്ഥാനം ഇതിലധികം വായ്പ എടുക്കുകയാണെങ്കില്‍ ആ തുക അടുത്ത വര്‍ഷത്തെ വായ്പാ പരിധിയില്‍ കുറയ്ക്കും. വായ്പാ പരിധി പൂര്‍ണമായി ഉപയോഗിച്ചില്ലെങ്കില്‍ വായ്പയെടുക്കാത്ത തുക അടുത്ത വര്‍ഷത്തെ വായ്പാ പരിധിയില്‍ ചേര്‍ത്ത് വായ്പയെടുക്കാം. കൊവിഡ് കാലത്ത് സംസ്ഥാനത്തിന്റെ വായ്പാ പരിധി മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്ന് ശതമാനത്തില്‍നിന്ന് നാല് ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ 3.5 ശതമാനം നിബന്ധനകളില്ലാത്ത വായ്പയായിരുന്നു. ഊര്‍ജ മേഖലയില്‍ വരുത്തേണ്ട പരിഷ്ക്കാരങ്ങള്‍ക്കു വിധേയമായി 0.50 ശതമാനം അധിക വായ്പയും 2024-25വരെ സംസ്ഥാനത്തിനു ലഭിക്കും.
പൊതു വിപണിയില്‍നിന്നാണ് സംസ്ഥാനം വായ്പയെടുക്കുന്നത്. വിവിധ ഘടകങ്ങള്‍ വിലയിരുത്തി ധനവകുപ്പാണ് വായ്പകളുടെ കാലാവധി തീരുമാനിക്കുന്നത്. പലിശ വിപണിയിലെ സാഹചര്യം അനുസരിച്ചാണ് അതു നിശ്ചയിക്കപ്പെടുക. ദേശീയ സമൂഹിക സുരക്ഷാ ഫണ്ടില്‍നിന്നുള്ള വായ്പയ്ക്ക് കേന്ദ്രസര്‍ക്കാരാണ് പലിശ നിശ്ചയിക്കുന്നത്. ഇതിനു പുറമേ റിസര്‍വ് ബാങ്കില്‍നിന്ന് വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സുകളും സര്‍ക്കാര്‍ സ്വീകരിക്കാറുണ്ട്. ഇത്തരം മുന്‍കൂര്‍ ഇടപാടുകള്‍ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്കു വിധേയമായിരിക്കും. നബാര്‍ഡില്‍നിന്ന് എടുക്കുന്ന വായ്പയുടെ പലിശ പൊതു വിപണി നിരക്കുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിന് അനുസരിച്ച് വ്യത്യാസപ്പെടും. ഒന്നേ പറയാനുള്ളൂ. ആരും തലമറന്ന് എണ്ണ തേക്കരുത്.
ശമ്പളത്തിനും മറ്റുമായി രണ്ടായിരം കോടി രൂപ കടമെടുക്കാനുള്ള കേരളത്തിന്റെ നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. പരിധികളില്ലാതെ കടമെടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെപ്പറ്റി കേന്ദ്ര ധനമന്ത്രാലയം വിശദീകരണവും ചോദിച്ചിട്ടുണ്ട്. വരുമാന വര്‍ധനയ്ക്ക് ശ്രമിക്കാതെ വീണ്ടും വീണ്ടും കടമെടുത്ത് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കെല്ലാം കേന്ദ്ര ധനമന്ത്രാലയം നിയന്ത്രണ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം കടമെടുത്തത് 28,800 കോടി രൂപയാണ്. വിവിധ സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ വന്‍തോതില്‍ വായ്പകള്‍ വാങ്ങിക്കൂട്ടി ഭരിക്കുന്നുണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് കടമെടുപ്പിന് നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ കേന്ദ്ര ധനമന്ത്രാലയം പരിധി നിശ്ചയിച്ചിരിക്കുകയാണ്. കിഫ്ബി വഴിയെടുക്കുന്ന വായ്പയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയെടുക്കുന്ന വായ്പകളും സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുമെന്നും എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(3) പ്രകാരം കടമെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതാണ്. അനുമതിയോ? മോദിയോടോ എന്നതാണ് ചിന്താഗതിയെങ്കില്‍ സഹതപിക്കാനേ നിര്‍വാഹമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: