കൊല്ലം: തിരുമുല്ലവാരം കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു കടത്തി. റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവിലാണ് ഈ അനധികൃത മരംമുറി. കടല്‍ത്തീരത്തോട് ചേര്‍ന്ന് ജോയ്സ് റിസോര്‍ട്ട് ഗ്രൂപ്പ് ഏക്കറുകണക്കിന് ഭൂമി വാങ്ങികൂട്ടിയതിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചത്.
50 സെന്റ് ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണ്. അനധികൃത മരംമുറി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി മുറിക്കുന്നത് തടഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുല്ലവാരം ബലിതര്‍പ്പണ പരിപാലന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും പരാതി നല്കി.
ബലിതര്‍പ്പണ കേന്ദ്രമായ തിരുമുല്ലവാരം കടല്‍ത്തീരത്തെ ഭൂമി റിസോര്‍ട്ട് മാഫിയ വാങ്ങികൂട്ടിയതിന് എതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ബലിതര്‍പ്പണഭൂമി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതിനിടയിലും കടല്‍ത്തീരത്തോട് ചേര്‍ന്ന് മൂന്ന് നിലകളിലായുള്ള റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുകയാണ്.
കടല്‍ത്തീരത്ത് എത്തുന്നവരെ റിസോര്‍ട്ടിലെ ജീവക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും മുമ്പ് പരാതി ഉയര്‍ന്നിരുന്നു. മുമ്പ് റിസോര്‍ട്ട് നിര്‍മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത മണ്ണ് കൂട്ടിയിട്ട് കടലിലേക്ക് പോകുന്ന ഭാഗത്തെ വഴിയടച്ചതും തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധവുമായി എത്തി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി വഴി തെളിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: