ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2017ല്‍ നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനം ജീവിതത്തിലെ ഏറ്റവും രോമാഞ്ചദായകമായ നിമിഷമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍. അങ്ങേയറ്റം ആവേശകരമായിരുന്നു അത്. അക്ഷരാര്‍ത്ഥത്തില്‍ സവിശേഷമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ 74-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ജയശങ്കര്‍ മനസ്സ് തുറന്നത്.
‘ടെല്‍ അവീവിലാണ് ഞങ്ങളുടെ ഗാഢബന്ധത്തിന്റെ തുടക്കം. അന്ന് ഞാന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു. 2017 ജൂലൈയിലാണ് പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിച്ചത്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. അതൊരു ത്രസിപ്പിക്കുന്ന സന്ദര്‍ശനമായിരുന്നു’, അദ്ദേഹം പറഞ്ഞു.
നവീകരണത്തിലും ഗവേഷണത്തിലും സഹകരണം ഉള്‍പ്പെടുന്ന വിജ്ഞാനാധിഷ്ഠിത ബന്ധം വിപുലീകരിക്കുന്നതിലാണ് ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. ‘മെയ്ക് ഇന്‍ ഇന്ത്യ’ സംരംഭങ്ങളുടെ അവിഭാജ്യ ഘടകമാണ് ഇസ്രയേല്‍. ഈ ബന്ധത്തിന്റെ ഭാവി ശോഭനമാണ്. അതിന് ഏറ്റവും പ്രോത്സാഹജനകമായ അടയാളങ്ങളിലൊന്ന് ബൗദ്ധികമാണ്, ഇന്ത്യ, ഇസ്രയേല്‍, യുഎഇ, യുഎസ് എന്നിവ ഉള്‍പ്പെടുന്ന പുതിയ ക്വാഡ് ഗ്രൂപ്പിന് മേഖലയിലെ സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ചതല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ജയശങ്കറിന്റെ സാന്നിധ്യം ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായത് അഭിമാനകരമാണെന്ന് ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാന് എന്നിവിടങ്ങളിലെ ഇസ്രയേല്‍ പ്രതിനിധി നയോര്‍ ഗിലോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: