ന്യൂദല്‍ഹി: റിപ്പോ നിരക്ക് ഉയര്‍ത്താനുള്ള സമിതിയുടെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാങ്കുകളുടെ സിആര്‍ആര്‍ (കാഷ് റിസര്‍വ്വ് റേഷ്യോ) Â നിരക്കും കൂട്ടി. നാലു ശതമാനമായിരുന്ന സിആര്‍ആര്‍ നാലര ശതമാനമാക്കി.
ബാങ്കുകള്‍ കരുതലായി വയ്‌ക്കേണ്ട പണമാണ് ക്യാഷ് റിസര്‍വ്വ്. സിആര്‍ആര്‍ ഉയര്‍ത്തിയാല്‍ ബാങ്കില്‍ നിന്ന് വായ്‌പകളായി പുറത്തേക്ക് പോകുന്ന പണം കുറയും. വിപണിയില്‍ പണ ലഭ്യതയും കുറയും. അതോടെ സമ്പദ് വ്യവസ്ഥയിലെ പണ ലഭ്യത നിയന്ത്രിതമാകും. എല്ലാ ബാങ്കുകളും കൂടി 87,000 കോടി രൂപയാണ് Â കരുതല്‍ Â ധനശേഖരമായി മാറ്റിവയ്‌ക്കേണ്ടത്.
ഇന്ത്യയുടെ വിദേശ നാണയ ശേഖരം 600 ബില്ല്യന്‍ ഡോളറിലേറെയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെയടക്കം വിലയില്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തിലാണ് പലിശ നിരക്ക് കൂട്ടിയത്. മാര്‍ച്ചിലെ വിലക്കയറ്റം ഏഴ് ശതമാനമാണ്. നാണയപ്പെരുപ്പം 17 മാസത്തെ ഏറ്റവും കൂടിയ തോതിലാണ്. ഉക്രൈന്‍-റഷ്യ യുദ്ധം കാരണം എണ്ണ വില കൂടിയ നിലയിലാണ്. അതാണ് വിലക്കയറ്റത്തിന് വഴിവയ്‌ക്കുന്നത്. യുഎസ് അടക്കം പല രാജ്യങ്ങളിലും വിലക്കയറ്റം രൂക്ഷമാണ്. അവിടെ എട്ടര ശതമാനമാണ് വിലക്കയറ്റം. 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
റിപ്പോവര്‍ധന നിക്ഷേപകര്‍ക്ക് ആശ്വാസമാകും. ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ കൂടുമെന്നതാണ് കാരണം. ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശയാണ് കൂടുക. റിപ്പോ സിആര്‍ആര്‍ നിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനം പൊടുന്നനെയുള്ളതായിരുന്നു. കഴിഞ്ഞ മാസം പതിവു പോലെ ആര്‍ബിഐ നയസമിതി യോഗം ചേര്‍ന്ന് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചതാണ്. പക്ഷെ ഏറെ ദിവസം കഴിയും മുന്‍പ് വീണ്ടും സമിതി അസാധാരണ യോഗം ചേര്‍ന്ന് റിപ്പോ നിരക്കില്‍ 0.40 ശതമാനം വര്‍ധന വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനം ഓഹരി വിപണിയില്‍ അമ്പരപ്പുണ്ടാക്കി. ഓഹരി വിലകള്‍ അല്പം താഴ്ന്നു.
















