കല്‍പ്പറ്റ: കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് മുന്നില്‍ ദുരിതങ്ങളുടെ കെട്ടഴിച്ച് വയനാട്ടിലെ ആദിവാസികള്‍. ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് പദ്ധതിയുടെ അവലോകനത്തിനായി ജില്ലയില്‍ എത്തിയതായിരുന്നു മന്ത്രി. വയനാട് ജില്ലാ കളക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മുമ്പ് തീരുമാനിച്ച പരിപാടിയില്‍ മാറ്റം വരുത്തി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അമ്പലച്ചാല്‍ പണിയ കോളനിയിലാണ് മന്ത്രി ആദ്യം സന്ദര്‍ശനം നടത്തിയത്.
എണ്‍പത്തഞ്ചു വയസുള്ള മഞ്ഞള ചെത്തിപ്പൂ നല്‍കി കോളനിയിലേക്ക് സ്വീകരിച്ചു. കോളനിയിലെ ദുരവസ്ഥകള്‍ ഓരോന്നായി അവര്‍ മന്ത്രിയെ ധരിപ്പിച്ചു. 40 സെന്റ് സ്ഥലത്ത് 1989 ല്‍ നിര്‍മ്മിച്ച 23 വീടുകളില്‍ 32 കുടുബങ്ങള്‍ താമസിക്കുന്നു. മഴ പെയ്താല്‍ വീടിനകത്ത് കുട പിടിക്കണം. ചതുപ്പ് നിലമായതിനാല്‍ കോളനി മുറ്റത്തും വീടിനകത്തും വെള്ളം. ശൗചാലയങ്ങള്‍ നിറഞ്ഞ് വിസര്‍ജ്ജ്യങ്ങള്‍ കോളനിയിലൂടെ ഒഴുകി നടക്കും. വിരലില്‍ എണ്ണാവുന്ന ശൗചാലയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്.
പല വീടുകളിലും വൈദ്യുതി ഇല്ല. ഉള്ള കിണറിലെ വെള്ളം കുടിച്ച് ഭക്ഷ്യവിഷ ബാധയും ഇവിടെ ഉണ്ടായിട്ടുണ്ട്. കിണര്‍ ഇപ്പോള്‍ ഉപയോഗ ശൂന്യമാണ്. എല്ലാ വീടുകളിലും നേരത്തേ കുടിവെള്ള കണക്ഷനുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് പൊതു ടാപ്പുകള്‍ മാത്രം. മുമ്പ് 5000 രൂപ തോതില്‍ പണികഴിപ്പിച്ച വീടുകള്‍ പിന്നീട് ചെറിയ മാറ്റങ്ങള്‍ വരുത്തി. കുട്ടികള്‍ക്ക് പഠന മുറിയോ സാംസ്‌കാരിക നിലയമോ ഇവിടെയില്ല. ചിലര്‍ക്ക് കൂലിപ്പണി വഴി ലഭിക്കുന്ന വരുമാനമാണ് പലപ്പോഴും അടുപ്പ് പുകയാന്‍ ഇടയാക്കുന്നത്. മഞ്ഞളയ്‌ക്ക് 20 വര്‍ഷമായ് ഗോയിറ്റര്‍ രോഗബാധയുണ്ട് ഇതിന് ചികിത്സയില്ലാതെ കോളനിയില്‍ കഴിയുന്നു.
ഇവരുടെ പരാതികള്‍ ശ്രദ്ധയോടെ കേട്ട് മന്ത്രി സ്മൃതി ഇറാനി ഊരിനകത്ത് കയറി വീടിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കി. ഒരേക്കര്‍ സ്ഥലവും വീടും നല്‍കി തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ഇവരുടെ ആവശ്യത്തിന് 20 വര്‍ഷത്തെ പഴക്കമുണ്ട് കോളനിക്കാരുടെ പരാതികള്‍ വിശദമായി തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കാനും അതിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനു നല്‍കാനും ആവശ്യപ്പെട്ടാണ് മന്ത്രി അവിടം വിട്ടത്.
പിന്നീട് കണിയാമ്പറ്റ പഞ്ചായത്തില്‍ത്തന്നെ വരദൂരില്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടിയും സന്ദര്‍ശിച്ചു. കല്‍പ്പറ്റ നഗരസഭയിലെ മരവയല്‍ പണിയ കോളനി നിവാസികള്‍ക്കും ദുരിതങ്ങളുടെ കഥ തന്നെയായിരുന്നു മന്ത്രിയോട് പറയാന്‍ ഉണ്ടായിരുന്നത്. നഗര സഭയിലേതന്നെ പൊന്നട അങ്കണവാടിയും സഖി വണ്‍ സെന്ററും സന്ദര്‍ശിച്ചു. ഉച്ചക്ക് ഒന്നരയോടെ ബിജെപി നേതാക്കളോടൊപ്പം ഭക്ഷണം കഴിച്ച് പാര്‍ട്ടി നേതാക്കളുമായി സംവദിച്ചു. 3.40ന് Â മാധ്യമങ്ങളെ കണ്ടു സംസാരിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത, ജി. പ്രിയങ്ക, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.
















