ന്യൂദല്‍ഹി: ചരക്കു സേവന നികുതി നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 7.35 ലക്ഷം കോടി രൂപ നല്കി. ഈ സാമ്പത്തിക വര്‍ഷം കൊടുക്കാനുള്ള എട്ടു ഗഡുക്കളും സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കിയതായും ഇനി നാലു ഗഡുക്കള്‍ മാത്രമാണുള്ളതെന്നും നഷ്ടപരിഹാര നിധിയില്‍ ഫണ്ട് എത്തുന്ന മുറയ്ക്ക് അതും വൈകാതെ നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ചരക്കു സേവന നികുതി നടപ്പാക്കുന്നതു മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ അഞ്ചു വര്‍ഷം നഷ്ടപരിഹാരം കൊടുക്കുമെന്ന് നിയമം പാസാക്കിയപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. പാന്‍ മസാല, കല്‍ക്കരി, പുകയില, കാറുകള്‍ എന്നിവയ്ക്കുള്ള നികുതി വരുമാനമാണ് നഷ്ടപരിഹാരത്തിനു കേന്ദ്രം നീക്കി വയ്ക്കുന്നത്.
2017-18ല്‍ 49,000 കോടിയാണ് നഷ്ടപരിഹാരമായി നല്‍കിയത്. 2018-19ല്‍ 83,000 കോടിയായും 2019-20ല്‍ 1.65 ലക്ഷം കോടിയായും ഇതുയര്‍ന്നു. ഈ മൂന്നു വര്‍ഷം കൊണ്ട് ഏകദേശം മൂന്നു ലക്ഷം കോടിയാണ് സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം കൊടുത്തത്. കൊവിഡ് പ്രതിസന്ധിയുണ്ടായതോടെ നല്‍കേണ്ട നഷ്ടപരിഹാരത്തുക കുത്തനെ ഉയര്‍ന്നു.
2020-21ല്‍ കേന്ദ്രം 1.1 ലക്ഷം കോടി കടം വാങ്ങിയാണ് സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കിയത്. 2021-22ല്‍ 1.59 ലക്ഷം കോടി നല്കി. 2020-21ലെ നഷ്ടപരിഹാരത്തില്‍ ഇനി ഒരു രൂപ പോലും കുടിശിക കൊടുക്കാനില്ല. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 7.35 ലക്ഷം കോടി കൈമാറിക്കഴിഞ്ഞു. ഇനി 78,704 കോടി മാത്രമാണു നല്‍കാനുള്ളത്. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള 10 ഗഡുക്കളില്‍ എട്ടെണ്ണം ഇതുവരെ നല്കി. അതിലുള്ള രണ്ടു ഗഡുക്കളും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഗഡുക്കളുമാണ് ഇനി നല്‍കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: