പേരാവൂര്‍ (കണ്ണൂര്‍): ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി. സിപിഎം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയാ കമ്മിറ്റിയംഗവും ദേശാഭിമാനി പത്രത്തിന്റെ ലേഖകനുമായ കെ.കെ. ശ്രീജിത്തിനെതിരെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി നടപടിയെടുത്തത്.
ഇന്നലെ രാവിലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ നടന്ന പേരാവൂര്‍ ഏരിയാ കമ്മറ്റി യോഗത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പീഡന പരാതി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ അടിയന്തര ഏരിയ കമ്മറ്റി യോഗം വിളിക്കുകയായിരുന്നു. ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മറ്റി അംഗവുമായ യുവനേതാവിനെതിരെ പീഡന പരാതിയുയര്‍ന്നത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡിവൈഎഫ്ഐയുടെ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയത്.
കഴിഞ്ഞ ഏപ്രില്‍ 22 നാണ് പരാതിക്കാധാരമായ സംഭവം. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മറ്റി ഓഫീസില്‍ എത്താനും യുവനേതാവ് വനിതാ നേതാവിനോട് നിര്‍ദേശിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് ഏരിയ കമ്മറ്റി ഓഫീസിനുള്ളിലുള്ള മീഡിയ റൂമിലേക്ക് ഇയാള്‍ വനിതാ നേതാവിനെ കൈ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. തുടര്‍ന്ന് യുവതി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മറ്റിക്കും പരാതി നല്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം പരാതിയില്‍ അടിയന്തര നടപടി എടുക്കാന്‍ ഏരിയ കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ ഇന്നലെ ഏരിയ കമ്മറ്റി യോഗം ചേര്‍ന്ന് ദേശാഭിമാനി പത്രത്തിന്റെ ലേഖകന്‍ കൂടിയായ ആരോപണ വിധേയനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സംഭവം പാര്‍ട്ടിക്കുള്ളില്‍ വിവാദമാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് സിപിഎം അടിയന്തിര നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: