തൃശ്ശൂര്‍: തൃശൂര്‍-പാലക്കാട് റൂട്ടിലെ പന്നിയങ്കരയിലെ ടോള്‍പിരിവ് വിഷയത്തില്‍ പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍-പാലക്കാട് ജില്ലകളിലെ മുഴുവന്‍ സ്വകാര്യ ബസുകളും ഇന്ന് സര്‍വീസ് നടത്തില്ല. അമിത ടോള്‍നിരക്ക് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.
ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ തരൂര്‍ എംഎല്‍എ പി.സുമോദിന്റെ അധ്യക്ഷതയില്‍ ഇന്നലെ വടക്കഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ വിട്ടു നിന്നതിനാല്‍ പ്രശ്‌നത്തിന് പരിഹാരമായില്ല.
പാലക്കാട് ജില്ലയില്‍ തന്നെയുള്ള വാളയാറില്‍ 2300 രൂപ മാസത്തേക്ക് പാസിന് ഈടാക്കുമ്പോള്‍ പന്നിയങ്കരയില്‍ 25,326 രൂപയാണ് മാസത്തേക്ക് നിരക്ക്. തൃശൂര്‍ – പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുടമകളും, ബസ് തൊഴിലാളികളും 19 ദിവസമായി ടോള്‍ പ്ലാസയ്‌ക്ക് സമീപം ഉപവാസ സമരത്തിലാണ്. റിലേ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തൃശൂര്‍ -പാലക്കാട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും ജീവനക്കാരും ഇന്ന് ഒരു ദിവസം സര്‍വീസ് നിര്‍ത്തിവെച്ച് സൂചനാ സമരം നടത്തുന്നത്.
സമരത്തിന് അടിയന്തിരമായി പരിഹാരമുണ്ടാക്കുന്നതിന് പാലക്കാട് , തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ദേശീയപാത അതോറിറ്റി അധികൃതര്‍ക്കും നിരവധി തവണ നിവേദനം നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. പാലക്കാട്-തൃശ്ശൂര്‍ റൂട്ടില്‍ സ്റ്റേജ് ക്യാരേജ് ബസുടമകളുടെ വരുമാനത്തിന് ഒത്തുപോകുന്ന ടോള്‍ നിരക്ക് ഏര്‍പ്പെടുത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് സംയുക്ത സമര സമിതിയുടെ ആവശ്യം.
ടോള്‍ കൊള്ളയില്‍ പ്രതിഷേധിച്ച് 15 ദിവസമായി തൃശ്ശൂര്‍-പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, മംഗലംഡാം തുടങ്ങിയ റൂട്ടുകളിലെ 150-ലേറെ സ്വകാര്യ ബസുകള്‍ പണിമുടക്കിലാണ്. രണ്ടാഴ്ചയിലേറെയായി ബസുകള്‍ സര്‍വീസ് നടത്താതായിട്ടും സര്‍ക്കാരിന്റേയും ടോള്‍ അധികൃതരുടെയും ഭാഗത്ത് നിന്ന് അനുകൂല നിലപാടുകള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പാലക്കാട്-തൃശ്ശൂര്‍ റൂട്ടിലോടുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള നീക്കത്തിലാണ് ബസ് ഉടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: