ഉദുമ: ജില്ലയില്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായത് 32,132 പേര് മാത്രം. 15ന് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പിനുള്ള സമയപരിധി കഴിഞ്ഞപ്പോഴുള്ള അവസാന കണക്കാണിത്. കടലാസ് മെമ്പര്‍ഷിപ്പ് വഴി ഒരുലക്ഷത്തോളം പേരെ ചേര്‍ക്കാനുള്ള പെടാപാടിലാണ് ജില്ലാ നേതൃത്വം. കഴിഞ്ഞ തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കേണ്ടിയിരുന്ന ജില്ലാ നേതൃത്വയോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ.ഫൈസല്‍ അവതരിപ്പിക്കേണ്ടിയിരുന്നത് ഈ തട്ടിക്കൂട്ടിയ കണക്കായിരുന്നു.
ഈ കണക്കില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരും ഉണ്ടായിരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെയാണ് അംഗങ്ങളെ ചേര്‍ക്കുന്നതെങ്കില്‍ പാര്‍ട്ടിയുടെ നാശമായിരികും ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.ശങ്കരനാരായണന്റെനിര്യാണത്തെ തുടര്‍ന്ന് യോഗം മാറ്റിവെക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പറും ഫോട്ടോയടക്കം ചേര്‍ത്താണ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ചേര്‍ക്കേണ്ടിയിരുന്നത്. ഇതിന് ആളെകിട്ടാത്തതിനാല്‍ സ്റ്റാമ്പ് രൂപത്തിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തി കടലാസ് മെമ്പര്‍ഷിപ്പിന് എഐസിസി അനുമതി നല്കി. അതുകൊണ്ടും മെമ്പര്‍ഷിപ്പ് ഉയരാതെവന്നപ്പോള് ഫോട്ടോയും ഒഴിവാക്കി. വോട്ടര്‍പട്ടികയിലെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നോക്കി ആളെ ചേര്‍ക്കാന്‍ ഡിസിസി പ്രസിഡന്റ് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷം അംഗത്വമാണ് ലക്ഷ്യം. കഴിഞ്ഞതവണ 85,000 പേരെ ചേര്‍ത്തിരുന്നു.
സംഘടനാ തെരഞ്ഞെടുപ്പ് അടുത്തെങ്ങും നടക്കുമെന്ന് പ്രതീക്ഷയില്ലാത്തതും കെ.സി.വേണുഗോപാല്‍, സുധാകരന്, സതീശന് ഗ്രൂപ്പുകള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയതും മറ്റു നേതാക്കളില്‍ നിര്ജീവതയുണ്ടാക്കി. കാസര്‍കോട് നഗരസഭയില്‍ 212 പേരാണ് ഡിജിറ്റല്‍ വഴി അംഗങ്ങളായത്. കടലാസ് കണക്കില്‍ 1360 പേരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: