തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനം നടക്കുന്ന സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സാമൂഹിക സംസ്ക്കാരിക രംഗത്തെ പ്രമുഖരും സിനിമാ സംവിധാകയരും കലാ രംഗത്തെ പ്രമുഖരും എട്ടു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളെ സംബന്ധിച്ച് സംസാരിക്കും.
സമ്മേളനം നടക്കുന്ന സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളിനു മുന്നില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഇന്നലെ ഉദ്ഘാടനം ചെയ്തു. അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയെന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ സനാതനമൂല്യങ്ങള് ആധുനിക ലോകത്ത് സംരക്ഷിക്കപ്പെടണമെന്ന് സ്വാമി പറഞ്ഞു.
മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രചോദിപ്പിക്കാന്‍ കഴിയുന്നതാണ് ഭാരതത്തിന്റെ ചിന്താധാരകള്‍. അത് വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും സ്മൃതികളിലൂടെയും ലോകത്ത് പ്രചുരപ്രചാരം നേടിയതാണ്. ഓരോ ഭാരതീയനും ഇതിന്റെ കാവല്‍ക്കാരാകണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഹിന്ദു ധര്‍മ്മ പരിഷത്ത് പ്രസിഡന്റ് എം. ഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്മാന് കെ.രാജശേഖരന് , സിദ്ധ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി. ഹരിഹരന്, ശാന്തിഗിരി ആശ്രമം തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സേതുനാഥ് എന്നിവര്‍ പ്രസംഗിച്ചു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിക്കും. പ്രശസ്ത സിനിമ സംവിധായകന് വിവേക് രജ്ഞന്‍ അഗ്നിഹോത്രിയാണ് മുഖ്യാതിഥി. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും. 27 ന് ആരംഭിക്കുന്ന സമ്മേളനം മെയ് 1 ന് സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ ക്ലിനിക്കല്‍ വിഭാഗം ഡിപ്പാര്‍ട്ട്മെന്റുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: