മലപ്പുറം: രാജസ്ഥാനെ തകര്‍ത്ത് ബംഗാള്‍ ഗ്രൂപ്പ് എയില്‍ നിന്ന് സന്തോഷ ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. ഇന്നലെ കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബംഗാള്‍ വിജയിച്ചത്. വിജയത്തോടെ അവര്‍ക്ക് നാല് കളികളില്‍ മൂന്ന് 9 പോയിന്റുമായി കേരളത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അവസാന നാലിലേക്ക് പ്രവേശിച്ചത്. 29ന് നടക്കുന സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരാണ് ബംഗാളിന്റെ എതിരാളികള്‍. ബംഗാളിന് വേണ്ടി ഫര്ദിന് അലി മൊല്ല ഇരട്ടഗോള്‍ നേടി. സുജിത് സിങ്ങിന്റെ വകയാണ് ഒരു ഗോള്‍. മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.
കളിയുടെ തുടക്കം മുതല്‍ ബംഗാള്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. പന്ത് കൈവശം വയ്ക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നു. കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കിയിരുന്നെങ്കില്‍ വന്‍ മാര്‍ജിനില്‍ വിജയിക്കാമായിരുന്നു. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബംഗാളിന് ആദ്യ അവസരം ലഭിച്ചു. രാജസ്ഥാന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ബംഗാള്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിയായി. ഫര്ദിന് അലി മൊല്ലയും സുജിത് സിങ്ങും ദിലീപ് ഒര്‍വാനും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മത്സരിക്കുകയായിരുന്നു. 39, 41 മിനിറ്റുകളില്‍ ബംഗാളിന് അവസരം ലഭിച്ചു. ആദ്യ പകുതിയില്‍ അപൂര്‍വമായി മാത്രമാണ് ബംഗാള്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ രാജസ്ഥാന് കഴിഞ്ഞത്. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി കലാശിച്ചു.
രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബംഗാള്‍ ലീഡ് നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. 46-ാം മിനിറ്റില്‍ ദിലീപ് ഒര്‍വാനെ ബോക്സിന് അകത്ത് രാജസ്ഥാന് പ്രതിരോധ താരം ലക്ഷ്യ ഗര്‍ഷ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഫര്ദിന് അലി മൊല്ലയ്ക്ക് പിഴച്ചില്ല. ഫര്‍ദിന്റെ കിക്ക് രാജസ്ഥാന് ഗോളിയെ കീഴടക്കി വലയില്‍ കയറി. തുടര്‍ന്നും നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ 60-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. സുജിത് സിങ്ങിന്റെ ഷോട്ട് രാജസ്ഥാന് ഗോള്‍ കീപ്പര്‍ ഗജരാജ് സിങ് തട്ടിഅകറ്റി. പന്ത് പിടിച്ചെടുത്ത ഫര്ദിന് അലി ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. ഫര്ദിന് അലി മൊല്ലയുടെ രണ്ടാം ഗോള്‍.
മേഘാലയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലും ഫര്ദിന് രണ്ട് ഗോളുകള്‍ നേടിയിരുന്നു. ഇതോടെ ഈ ചാമ്പ്യന്‍ഷിപ്പില്‍ ഫര്ദിന് നേടിയ ഗോളുകളുടെ എണ്ണം നാലായി. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ബംഗാള്‍ 81-ാം മിനിറ്റില്‍ ഗോള്‍ പട്ടിക തികച്ചു. നിരവധി അവസരങ്ങള്‍ പാഴാക്കിയ സുജിത് സിങ് തന്റെ പിഴവുകള്‍ക്ക് പരിഹാരം ചെയ്ത് ഗോള്‍ കണ്ടെത്തി. ബോക്സിന് പുറത്തുനിന്ന് സുജിത് സിങ് പായിച്ച ഇടംകാലന്‍ കെര്‍വിങ് ഷോട്ടാണ് രാജസ്ഥാന് ഗോളിയെ കീഴടക്കി വലയില്‍ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: