തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ അടുത്ത കാലത്ത് വൈറലായ വീഡിയോ ദൃശ്യമായിരുന്നു അമല്‍ നീരദ്-മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വത്തിലെ മൈക്കിളപ്പന്റെ ഗ്രൂപ്പ് ഫോട്ടോയിലെ ‘ചാമ്പിക്കോ’. ജനം ഏറ്റടുത്ത ‘ചാമ്പിക്കോ’ ഇപ്പോഴും തരംഗം തീര്‍ക്കുകയാണ്. ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന ചാമ്പിക്കോ ഇപ്പോള്‍ മനുഷ്യന്റെ അതിര്‍ത്തിയും കടക്കുകയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത് നായ്ക്കളുടെ ‘ചാമ്പിക്കോ’ ആണ്. സംസ്ഥാനത്തെ ജയിലുകളില്‍ കാവല്ക്കാരാകാന് പരിശീലനം നേടുന്ന ഡോഗ് സ്ക്വാഡിലെ ലാബ്രഡോര്‍ ഇനത്തില്‍പെട്ട അഞ്ച് നായ്ക്കളാണ് മൈക്കിളപ്പന്റെ ചാമ്പിക്കോയില്‍ ആടിത്തിമിര്‍ത്ത് വൈറലായത്.
തൃശൂര്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിന് കിഴില്‍ കഴിഞ്ഞ ഒമ്പത് മാസമായി പരിശീലനം നേടുന്ന ഡോഗ് സ്ക്വാഡിലെ നായ്ക്കളാണ് സമൂഹമധ്യങ്ങളില്‍ താരങ്ങളായത്. പരിശീലനത്തിനിടെയായിരുന്നു വീഡിയോ ചിത്രീകരിച്ചത്. റാമ്പോ, ലൂക്ക്, ബ്രൂണോ, ടെസ്സ, റോക്കി എന്നിവരാണ് ‘ചാമ്പിക്കോ’ തരംഗത്തിനൊപ്പം അണിനിരന്നതെന്ന് ഡോഗ് ഹാന്ഡിലര്മാരില് ഒരാളായ അനീഷ് ‘ജന്മഭൂമി’യോട് പറഞ്ഞു. ജയിലുകളില്‍ തടവുകാര്‍ക്ക് ലഹരിയും മൊൈബല്‍ ഫോണുകളും പുറത്തുനിന്ന് എത്തിക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരക്കാരെ പിടികൂടുന്നതിനാണ് ജയിലില്‍ ഡോഗ് സ്ക്വാഡിനെ വിന്യസിക്കുന്നത്.
പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ മധുരാജ് വിജയനാണ് ഡോഗ് സ്ക്വാഡിലെ പ്രധാന പരിശീലകന്. ‘ചാമ്പിക്കോ’യില്‍ നിറഞ്ഞു നില്ക്കുന്ന അഞ്ചു നായ്ക്കളും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം തിരുവനന്തപുരം ജില്ലാ, സ്പെഷല്‍ ജയിലുകള്‍, രണ്ടെണ്ണം വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, ഒരെണ്ണം മലപ്പുറം തവന്നൂര്‍ ജയില്‍ എന്നിവിടങ്ങളില്‍ ഉടന്‍ ചാര്‍ജെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: