മാവേലിക്കര: പശുവിന്റെ പേരുപറഞ്ഞ് നാട്ടുകാരെ പറ്റിച്ചു. ഹൈക്കോടതിയുടെ പേരുപറഞ്ഞ് കീഴ്‌ക്കോടതിയില്‍ നിന്ന് ജാമ്യവും സംഘടിപ്പിച്ചു. അവസാനം തട്ടിപ്പ് കേസില്‍ രണ്ടാമതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ അറസ്റ്റിലുമായി.. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
നെടുമുടി ചെമ്പുപുറം മൃഗാശുപത്രിയിലെ ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടറായ ഇറവങ്കര വൈഷ്ണവം കെ.ജയശ്രീ (51) ആണ് ജയിലിലായത്.
ഏഴ് ലക്ഷം രൂപയുടെ ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസില്‍ മാര്‍ച്ചില്‍ ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍നിന്ന് ജാമ്യം കിട്ടിയതായി അഫിഡവിറ്റ് നല്‍കി റിമാന്‍ഡ് ഒഴിവാക്കി ജാമ്യത്തിലിറങ്ങി. ഇത് കള്ള അഫിഡവറ്റായിരുന്നുവെന്ന് വ്യക്തമായതിനെതുടര്‍ന്നാണ് രണ്ടാമതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് മാവേലിക്കര പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
വാത്തികുളം മൃഗാശുപത്രിയില്‍ ജോലി ചെയ്യവേ 25 ക്ഷീരകര്‍ഷകരില്‍ നിന്നു പണം കബളിപ്പിച്ചതിനു കുറത്തികാട് പൊലീസ് ജയശ്രീക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ഇല്ലാത്ത പദ്ധതിയുടെ പേരില്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്.
















