മക്കളേ,
ലോകത്തെങ്ങുംഅക്രമവുംഅസഹിഷ്ണുതയും നടമാടുന്നു. അവയെ അതിജീവിക്കാനുള്ള മാര്‍ഗമെന്താണെന്ന് പലരും ചോദിക്കാറുണ്ട്. അക്രമവും അസഹിഷ്ണുതയും ലോകാരംഭം മുതല്‍ ഉണ്ടായിരുന്നു. യുദ്ധവും സംഘര്‍ഷവും ഉണ്ടായിരുന്നു. മനുഷ്യര്‍ പരസ്പരം കൊന്നൊടുക്കുവാനുപയോഗിക്കുന്ന ആയുധങ്ങളും യുദ്ധത്തിനുപയോഗിക്കുന്ന സാങ്കേതികവിദ്യയും ഇന്ന് ഒന്നുകൂടി പുരോഗമിച്ചിട്ടുണ്ടെന്നു മാത്രം.
ഇന്നത്തെ ലോകത്ത് ആത്മീയമൂല്യങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. അധികം പേര്‍ക്കും ഭൗതിക നേട്ടങ്ങളിലാണ് താല്പര്യം. ഈ മനോഭാവം മനുഷ്യരെസ്വാര്ത്ഥരും സ്നേഹശൂന്യരും ദയയില്ലാത്തവരും പ്രതികാരദാഹികളുമാക്കുന്നു. ജനങ്ങളില്‍ ആദ്ധ്യാത്മികജ്ഞാനം വളര്‍ത്തുകയെന്നതാണ് ലോകത്ത് ഇന്നു കാണുന്ന അക്രമവും അസഹിഷ്ണുതയും കുറയ്ക്കാനുള്ള ഒരു മാര്‍ഗം.
എല്ലാ നന്മയും തിന്മയും വീട്ടില്‍നിന്നാണ് തുടങ്ങുന്നത്. സംസ്ക്കാരത്തിന്റെയും മൂല്യങ്ങളുടെയും ആദ്യത്തെ പരിശീലനകേന്ദ്രം വീടാണ്. മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്. അവര്‍ മക്കള്‍ക്ക് നല്ല മാതൃക സൃഷ്ടിക്കണം. ദയ, ക്ഷമ, അനുഭാവം, സത്യസന്ധത, മറ്റുള്ളവരോടുള്ള ആദരവ് എന്നിങ്ങനെയുള്ള നല്ല ഗുണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അടുത്ത സ്ഥാനംവിദ്യാലയങ്ങള്ക്കാണ്. കുട്ടികളില്‍ മൂല്യബോധം വളര്‍ത്താനുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉണ്ടായിരിക്കണം. കൂടാതെ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് നല്ല മാതൃകയാകാന്‍ ശ്രമിക്കണം. ഭരണാധികാരികളും രാഷ്ട്രീയക്കാരും ജനങ്ങള്‍ക്കു ധാര്‍മ്മികജീവിതത്തിനു പ്രചോദനം നല്കുന്നവരാകണം.
ജപ്പാനിലെ ഒരു നഗരത്തില്‍ ഒരു ട്രാഫിക് സിഗ്നലില്‍ ചുവന്നവെളിച്ചം കണ്ട് ടാക്സി ഡ്രൈവര്‍ കാര്‍ നിര്‍ത്തി. കാറില്‍ യാത്രചെയ്തിരുന്ന വിദേശസഞ്ചാരി ഡ്രൈവറോടു ചോദിച്ചു, ‘ഈ സമയത്ത് ഇവിടെ മറ്റൊരു വാഹനവുമില്ല, പിന്നെ എന്തിനാണ് നിങ്ങള്‍ കാര്‍ നിര്‍ത്തിയത്?’ ഡ്രൈവര്‍പറഞ്ഞു, ‘എനിക്കു വേണമെങ്കില്‍ സിഗ്നല്‍ അവഗണിച്ചുകൊണ്ട് വണ്ടി ഓടിച്ചുപോകാന്‍ കഴിയും. എന്നാല്‍ എന്റെ ഈ പ്രവൃത്തി ഏതെങ്കിലും കുട്ടികള്കണ്ടെന്നിരിക്കും. മറ്റാരും കാണാത്തപ്പോള്‍ നിയമം ലംഘിക്കാം എന്ന സന്ദേശമായിരിക്കും അവര്‍ക്ക് അതില്‍നിന്നു ലഭിക്കുക. എന്റെ രാജ്യത്തെ ഭാവി തലമുറയ്ക്ക് ഒരു തെറ്റായ മാതൃകസൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’
കുട്ടികള്‍ക്ക് മുതിര്‍ന്ന ആളുകളെപ്പോലെ സ്വന്തം വികാരവിചാരങ്ങള്‍ വാചാലമായിഅവതരിപ്പിക്കാന് കഴിയില്ലായിരിക്കും. എന്നാല്‍ കാര്യങ്ങളെ ഗ്രഹിക്കാനുള്ള അവരുടെ കഴിവിനെ നമ്മള്നിസ്സാരമായി കാണരുത്. നമ്മുടെ ഓരോ പ്രവൃത്തിയും കുട്ടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയെഅനുകരിക്കുകയും ചെയ്യും. അവരുടെ സാന്നിദ്ധ്യത്തില്‍ നമ്മുടെ നിസ്സാര പെരുമാറ്റത്തില്‍പോലും ജാഗ്രതപുലര്‍ത്തണം.
ദയയും, ക്ഷമയും, സ്നേഹവും ശാന്തിയും ഒക്കെ വ്യക്തിപരമായ ഗുണങ്ങളാണ്. അവയെ ആരിലുംഅടിച്ചേല്പിക്കാനാവില്ല. എന്നാല്‍ ഈ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സാഹചര്യങ്ങളും പ്രചോദനവും നമുക്കുസൃഷ്ടിക്കാന് കഴിയും. ഒരു പൂമൊട്ടിന്റെ ഇതളുകള്‍ ബലംപ്രയോഗിച്ച് വിടര്‍ത്തിയാല്‍ അതു വികലമായിപ്പോകും. പൂവ്സ്വാഭാവികമായി വിടരാന്‍ അനുവദിക്കണം. അതുപോലെ മനുഷ്യഹൃദയങ്ങളില്ദയ, ക്ഷമ, സ്നേഹം, ശാന്തിതുടങ്ങിയ നല്ല ഗുണങ്ങള്‍ സ്വാഭാവികമായി വളരാന്‍ അനുവദിക്കണം. അതിന്പറ്റിയ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് നമ്മുടെകടമ. ആത്മീയതത്ത്വങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കു വേണ്ടത്ര ജ്ഞാനം ഉണ്ടാകുമ്പോള്‍ ശാന്തിയിലേയ്ക്കുള്ള പരിവര്‍ത്തനം ഒന്നുകൂടി എളുപ്പമാകും.
അങ്ങനെമൂല്യങ്ങള് ഉള്‍ക്കൊണ്ടു വളരുന്ന തലമുറകള്‍ ഉണ്ടായാല്‍ ലോകത്തു ധര്‍മ്മവും ശാന്തിയും വളരുകതന്നെചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: