മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂര്‍ സെമിയില്‍. ഇന്നലത്തെ നിര്‍ണായക പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കര്‍ണാടകയെ തകര്‍ത്താണ് മണിപ്പൂര്‍ സെമി ബര്‍ത്ത് സ്വന്തമാക്കിയത്.
മണിപ്പൂരിനായി ലൂന്‍മിന്‍ലെന്‍ ഹോകിപ് ഇരട്ടഗോള്‍ നേടി. സോമിഷോണ്‍ ഷിറകിന്റെ വകയാണ് ഒരു ഗോള്‍. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റുമായി മണിപ്പൂരാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി നാല് പോയിന്റാണ് കര്‍ണാടകയ്‌ക്കുള്ളത്. നാളെ ഗുജറാത്തിനെതിരെയാണ് കര്‍ണാടകയുടെ അവസാന മത്സരം.
കളിയുടെ തുടക്കം മുതല്‍ കര്‍ണാടക ബോക്സിലേക്ക് മണിപ്പൂര്‍ മുന്നേറ്റങ്ങള്‍ ആരംഭിച്ചു. തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. ഇടയ്‌ക്ക് കര്‍ണാടക ചില പ്രത്യാക്രമണങ്ങളിലൂടെ മണിപ്പൂരിനെയും പരീക്ഷിച്ചു. 19-ാം മിനിറ്റില്‍ മണിപ്പൂര്‍ ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് കര്‍ണാടകന്‍ പ്രതിരോധ താരം ദര്‍ശന്‍ വരുത്തിയ പിഴവില്‍ നിന്ന് പന്ത് ലഭിച്ച സോമിഷോണ്‍ ഷിറകിന് ബോക്‌സിലേക്ക് നല്‍കി. ബോക്‌സില്‍ രണ്ട് പ്രതിരോധനിരക്കാരുടെ ഇടയില്‍ നിന്നിരുന്ന ലൂന്‍മിന്‍ലെന്‍ ഹോകിപ് അത് ഗോളാക്കി മാറ്റി. 42-ാം മിനിറ്റില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി. വലത് വിങ്ങിലൂടെ പന്തുമായി മുന്നേറിയ ലൂന്‍മിന്‍ലെന്‍ ഹോകിപ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി ഒറ്റയാന്‍ മുന്നേറ്റത്തിനൊടുവില്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റിന്റെ ഇടവേളയ്‌ക്കുശേഷം 44-ാം മിനിറ്റില്‍ മണിപ്പൂര്‍ വീണ്ടും ലീഡ് ഉയര്‍ത്തി. വലതു വിങ്ങിലൂടെ മുന്നേറിയ സോമിഷോണ്‍ ഷിറക് അടിച്ച പന്ത് കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ ജയന്ത്കുമാര്‍ തട്ടിയെങ്കിലും വീണ്ടും പന്ത് പിടിച്ചെടുത്ത സോമിഷോണിന്റെ രണ്ടാം ശ്രമം വലയിലെത്തി. ഇതോടെ ആദ്യ പകുതിയില്‍ മണിപ്പൂര്‍ 3-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ കര്‍ണാടകയുടെ മുന്നേറ്റമാണ് കണ്ടത്. 65-ാം മിനിറ്റില്‍ വലത് വിങ്ങില്‍ നിന്ന് പകരക്കാരനായി എത്തിയ കര്‍ണാടകന്‍ താരം ആര്യന്‍ അമ്ല നല്‍കിയ പാസ് സുധീര്‍ കൊട്ടികല നഷ്ടപ്പെടുത്തി. തുടര്‍ന്നും ആശ്വാസ ഗോളിന് വേണ്ടി കര്‍ണാടക മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മണിപ്പൂര്‍ പ്രതിരോധത്തെയും ഗോളിയെയും കീഴടക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: