കോഴിക്കോട് : അനുമതിയില്ലാതെ വര്‍ഷങ്ങളോളം പള്ളിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ നിന്നും ഖനനം നടത്തിയ പള്ളി വികാരിക്കും താമരശ്ശേരി ബിഷപ്പിനും കാല്‍കോടിയോളം പിഴ ചുമത്തി. അനുമതിയില്ലാതെ ഖനനം നടത്തിയെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിന്റേതാണ് നടപടി.
കൂടരഞ്ഞി വില്ലേജിലെ താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചിന് കീഴിലെ ക്വാറി പ്രവര്‍ത്തനം അനുമതിയില്ലാതെയാണെന്ന് കകണ്ടെത്തലിലാണ് നടപടി. താമരശേരി ബിഷപ്പ് റെമേജിയോസ് പോള്‍ ഇഞ്ചനാനി, ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് വികാരി ഫാദര്‍ മാത്യു തെക്കേടിയില് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ മുപ്പതിനകം പിഴയൊടുക്കണം. കാത്തലിക് ലേമെന്‍ അസോസിയേഷന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ജനുവരിയിലാണ് കാത്തലിക് ലേമെന്‍ അസോസിഷേയന്‍ കൂടരഞ്ഞിയിലെ ക്വാറി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രണ്ട് മാസത്തിനകം നടപടിയെടുക്കാന്‍ ജിയോളജി വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റാണ് മാര്‍ച്ച് 31ന് പിഴചുമത്തി ഉത്തരവിറക്കി.
2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റര്‍ കരിങ്കല്ലാണ് ഖനനം ചെയ്തത്. ഈ കാലയളവില്‍ ക്വാറി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നു, എന്നാല്‍ ഖനനം ചെയ്ത 3200 ഘനമീറ്റര്‍ കല്ലിന് മാത്രമാണ് റോയല്‍റ്റിയായി പണമടച്ചത്. ബാക്കി 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികമായി ഖനനം ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതില്‍ ഘനമീറ്ററിന് 40 രൂപ നിരക്കില്‍ 23,48,013 രൂപ പിഴയും, അനുവദിച്ചതിലും അധികമായി ധാതു ഖനനം ചെയ്ത കുറ്റത്തിന് 5000 രൂപ കോമ്പൗണ്ടിങ് ഉള്‍പ്പടെയാണ് 23,53,013 രൂപ പിഴയിട്ടത്.
58,700.33 ഘനമീറ്റര്‍ കരിങ്കല്ല് ഉപയോഗിച്ച് എന്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത് എന്ന കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്കാന് പള്ളിക്ക് രൂപത നേതൃത്വത്തിനോ കഴിഞ്ഞിട്ടില്ല. വിഷയത്തില്‍ ബിഷപ്പിന്റെയും സഭാ അധികൃതരുടെയും പ്രതികരണം പലതവണ തേടിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
അതേസമയം സ്വന്തം ആവശ്യത്തിനായി സ്വന്തം ഭൂമിയില്‍ നിന്ന് ഖനനം നടത്താന്‍ വ്യവസ്ഥയുണ്ടെന്നും ഖനനം ഏറെയും നടന്നത് 60 വര്‍ഷം മുമ്പാണ്. 1967ലെ കേരള മൈനറല്‍ മിനറല്‍ കണ്സഷന് ചട്ടങ്ങള്‍ ഇവിടെ ബാധഘകമാകില്ലെന്നാണ് പള്ളി അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ ജിയോളജി വകുപ്പിന്റെ ഉത്തരവിനെക്കുറിച്ച് രൂപത നേതൃത്വം പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: