അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഹാലോളിലെ ജെ.സി.ബി ഫാക്ടറി സന്ദര്‍ശിച്ചു. ഫാക്ടറിയിലെ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്ത അദ്ദേഹം പ്രദര്‍ശത്തിന് സജ്ജമാക്കിയ ജെസിബിയില്‍ കയറി മാധ്യമങ്ങള്‍ക്ക് നേരേ കൈവീശി കാണിക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
വഡോദരയ്‌ക്ക് സമീപം പഞ്ച്മഹലിലെ വ്യാവസായിക നഗരമായ ഹലോളിലാണ് പുതിയ ജെസിബി ഫാക്ടറി സ്ഥിതിചെയ്യുന്നത്. ഫാക്ടറിയിലെ ജീവനക്കാരോടും ബോറിസ് ജോണ്‍സണ്‍ ആശയവിനിമയം നടത്തി. ഗുജറാത്തില്‍ എത്തുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോണ്‍സണ്‍. രാവിലെ അഹമ്മദാബാദില്‍ പറന്നിറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി നേരെ സബര്‍മതി ആശ്രമത്തിലേക്കായിരുന്നു പോയത്. മഹാത്മഗാന്ധിയുടെ ചിത്രങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ആദാനി ഗ്രൂപ്പ് ആസ്ഥാനത്തെത്തിയ അദ്ദേഹം ആദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുമായും കൂടിക്കാഴ്ച നടത്തി.
നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: