തൃശ്ശൂര്‍: ചേര്‍പ്പ് വെങ്ങിണിശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ നാല് പേര് കൂടി അറസ്റ്റിലായി. കുപ്രസിദ്ധ ഗുണ്ടകളായ ഏറ്റുമാനൂര്‍ അതിരമ്പുഴ സ്വദേശികളായ കാറ്റാടിയില്‍ വീട്ടില്‍ ലിപിന്‍ (30), തൈവേലിക്കകത്ത് വീട്ടില്‍ നിക്കോളാസ് (21), മേടയില്‍ വീട്ടില്‍ അലക്സ് പാസ്കല്‍ (23), ചെറിയ പള്ളിക്കുന്ന് വീട്ടില്‍ ബിബിന്‍ ബാബു (25), ചെമ്പകപറമ്പില്‍ വീട്ടില്‍ നിഖില്‍ ദാസ് (36), ചൊവ്വൂര്‍ സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ ജിനു ജോസ് (24) മിജോ ജോസ് (20) മേനോത്തുപറമ്പില്‍ സജല്‍ (28), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി തൊട്ടിമലിയില്‍ വീട്ടില്‍ അച്ചു സന്തോഷ് (25) എന്നിവരെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ചേര്‍പ്പ് സ്വദേശിയെ ആക്രമിക്കാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്കിയവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ ജിനു ജോസ്, മിജോ ജോസ് എന്നിവര്‍ ചേര്‍പ്പ് പഞ്ചായത്ത് മുന്‍അംഗം മിനിയുടെ മക്കളാണ്.
ചൊവ്വാഴ്ച രാവിലെ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് മറ്റൊരു കാറില്‍ രക്ഷപ്പെട്ട അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ സിനിമാ സ്റ്റൈലില്‍ പിന്തുടര്ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് പിടികൂടിയത്. പോലീസ് ജീപ്പുമായുള്ള കൂട്ടിയിടിയില്‍ ഇവരില്‍ അലക്സ്, നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ക്വട്ടേഷനുള്ള യാത്രയ്ക്കിടയില്‍ മോഷണം നടത്തിയതായി പ്രതികള്‍ പോലീസിന് മൊഴി നല്കി. വ്യക്തി വൈരാഗ്യത്താല്‍ ചേര്‍പ്പ് സ്വദേശിയെ കൊല്ലാന്‍ വന്നതാണെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി.
പ്രതികളെ ചോദ്യം ചെയ്തതോടെയാണ് പോലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. സംസ്ഥാനത്ത് നിരവധി കൊലപാതകം, കൊലപാതക ശ്രമം, ആയുധം കൈവശം വയ്ക്കല്‍, പോലീസിനെ ആക്രമിച്ച കേസ്സുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതികളായ കൊടും ക്രിമിനലുകളെയാണ് തങ്ങള്‍ പിടികൂടിയതെന്ന് പോലീസ് അറിയുന്നത് ഇവരെ ചോദ്യം ചെയ്തപ്പോഴാണ്. നിരവധി കേസ്സുകളിലെ പ്രതിയും ചേര്‍പ്പ് സ്വദേശിയുമായ ഗിവര്‍ എന്നയാളെ കൊലപ്പെടുത്താന്‍ എത്തിയതാണ് തങ്ങളെന്ന് പ്രതികള്‍ പോലീസിനോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
അറസ്റ്റിലായ ചൊവ്വൂര്‍ സ്വദേശി മാളിയേക്കല്‍ ജിനു, മിജോ എന്നിവര്‍ സാക്ഷികളായ കൊലപാതക കേസിലെ പ്രതിക്കെതിരെ സാക്ഷി പറഞ്ഞാല്‍ കഥ കഴിക്കുമെന്ന് കഴിഞ്ഞ ദിവസം ഗിവറും സുഹൃത്തും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ നേരിട്ടും ഫോണിലൂടെയും വെല്ലുവിളികളും നടന്നിട്ടുണ്ട്. ഇതില്‍ പ്രകോപിതനായ ജിനു പ്രതികാരം വീട്ടുന്നതിന് സെന്‍ട്രല്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട സൂഹൃത്തായ കുപ്രസിദ്ധ ഗുണ്ട ഏറ്റുമാനൂര്‍ സ്വദേശി അച്ചു സന്തോഷിനെയും സംഘത്തേയും വിളിച്ചു വരുത്തി. തിങ്കളാഴ്ച രാത്രിയെത്തിയ സംഘം ഗിവറിനെ അന്വേഷിച്ച് നടന്നെങ്കിലും ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ മുങ്ങി നടന്നു. രാത്രി ഏറെ അലഞ്ഞ സംഘം രാവിലെ വീïും ഗിവറിനെ തേടിയുള്ള യാത്രയിലാണ് ലോറിയിലിടിച്ച് കാറിന് കേടുപാട് സംഭവിക്കുന്നതും സംഭവ സ്ഥലത്ത് പോലീസ് എത്തുന്നതും. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സാഹസികമായി ഇവരെ പിടികൂടിയത്.
പോലീസ് ജീപ്പില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കാര്‍ കയറ്റി ഇടിച്ചതിനെ തുടര്‍ന്ന് എസ്ഐമാരായ ജെ. ജെയ്സന്, ആര്.അരുണ്‍, ജീപ്പ് ഡ്രൈവര്‍ പി.ആര്. ഷാനി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ എസ്ഐ ജെയ്സന് ഇപ്പോഴും കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അരുണ്‍, ഷാനി എന്നിവരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. പ്രതികള്‍ സ്വര്‍ണവളകള്‍ മോഷ്ടിച്ചതെവിടെ നിന്നാണെന്ന് അന്വേഷിക്കുന്നതായി ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ ടി.വി ഷിബു പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ഒമ്പത് പ്രതികളെയും വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: