കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാധ്യമ വിചാരണകള്‍ക്ക് വിലക്കിട്ട് ഹൈക്കോടതി. ആറാം പ്രതിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവുമായ സുരാജിനെതിരായ അഭ്യൂഹങ്ങളോ, ചാനല്‍ ചര്‍ച്ചകളോ നടത്തെരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ 19 മുതല്‍ മൂന്നാഴ്ചക്കാലത്തേക്ക് സുരാജുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരികയോ, സംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുത് എന്നാണ് നിര്‍ദേശം. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനും തനിക്കുമെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ മാധ്യമ വിചാരണ നടത്തുകയാണ്. ചാനല്‍ റേറ്റിങ്ങിനും സെന്‍സേഷണലിസത്തിനും വ്യാജ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുകയാണെന്നും ആരോപിച്ചാണ് സൂരജ് കോടതിയെ സമീപിച്ചത്. കേസിലെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയുടെ ചില വാര്‍ത്തകളുടെ ഭാഗങ്ങളും ഹര്‍ജിക്കൊപ്പം അദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു. ചാനല്‍ വാര്‍ത്തയായി നല്കിയതു പലതും തെറ്റാണെന്ന് സൂരജ് കോടതിയില്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനലിനെ മൂന്നാഴ്ചത്തേക്ക് ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും വിലക്കിയത്. കേസിലെ കോടതി ഉത്തരവുകള്‍ ഒഴികെ മറ്റൊന്നും പ്രസിദ്ധീകരിക്കരുതെന്നും റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ജസ്റ്റിസ് മുഹമ്മദ് നിയാസ് നിര്‍ദേശം നല്കി. എന്നാല്‍ തങ്ങളെ കേള്‍ക്കാതെയാണ് വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിധി പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ടിവി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: