മഞ്ചേരി: ആ മതിലിന് എത്ര നേരം ഉയര്‍ന്ന് നില്ക്കാനാകും. ആക്രമണത്തിന്റെ നീണ്ട പരമ്പരക്കൊടുവില്‍ 85-ാം മിനിറ്റില്‍ കേരളത്തിന്റെ പടയാളികള്‍ അത് തകര്‍ക്കുക തന്നെ ചെയ്തു. ചിര വൈരികളായ ബംഗാളിന്റെ പ്രതിരോധ മതില് തച്ചുതകര്‍ത്ത് കേരളം വിജയിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. പയ്യനാട് മൈതാനത്തെ ഇളക്കിമറിച്ച് നൗഫലും ജസിനും കേരളത്തിന് ആധികാരിക ജയം സമ്മാനിച്ചു.
രാജസ്ഥാനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്നലെ ബംഗാളിനെതിരെ കോച്ച് ബിനോ ജോര്‍ജ് ടീമിനെ മൈതാനത്തിറക്കിയത്. മുഹമ്മദ് ഷഫ്നാദിന് പകരം ഷിഗിലാണ് കളത്തിലെത്തിയത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നു തുടക്കത്തില്‍. മൂന്നാം മിനിറ്റില്‍ വിഘ്നേഷിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 12-ാം മിനിറ്റില്‍ കേരളത്തിന് കോര്‍ണര്‍ ലഭിച്ചു. അര്ജുന് ജയരാജ് എടുത്ത കിക്ക് ബംഗാള്‍ ബോക്സില്‍ ഭീതി പടര്‍ത്തിയെങ്കിലും വിഘ്നേഷിന്റെ ഹെഡ്ഡര്‍ പുറത്തേക്കാണ് പോയത്. 22-ാം മിനിറ്റില്‍ ബംഗാളിന് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 26-ാം മിനിറ്റില്‍ വലതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ ശേഷം നിജോ ഗില്‍ബര്‍ട്ട് ബോക്സിലേക്ക് നല്കിയ ക്രോസ് ബംഗാള്‍ ഗോളി പ്രിയന്ത് കുമാര്‍ സിംഗ് രക്ഷപ്പെടുത്തി. ഇതിന് തൊട്ടുമുന്‍പ് വിഘ്നേഷിന്റെ ബോക്സിന് പുറത്തുനിന്നുള്ള നല്ലൊരു ഷോട്ടും ബംഗാള്‍ ഗോളി കൈപ്പിടിയിലൊതുക്കി.
കളിയില്‍ വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളും കുറവായിരുന്നു. കേരള ഗോളി മിഥുനെ കാര്യമായി ഒന്ന് പരീക്ഷിക്കാന്‍ ബംഗാള്‍ താരങ്ങള്‍ക്കും കഴിയാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിതം. രണ്ടാം പകുതിയില്‍ കേരളം കൂടുതല്‍ മുന്നേറ്റങ്ങള്‍ മെനഞ്ഞു. ആദ്യ ഏഴ് മിനിറ്റിനിടെ മൂന്ന് അവസരങ്ങള്‍ ലഭിച്ചു. ക്യാപ്റ്റന്‍ ജിജോ ജോസഫും വിഘ്നേഷും നിജോ ഗില്‍ബര്‍ട്ടും ഷിഗിലും ഉള്‍പ്പെട്ട മധ്യ-മുന്നേറ്റനിരയുടെ ആക്രമണം പ്രതിരോധിക്കാന്‍ ബംഗാള്‍നിര ഏറെ പണിപ്പെട്ടു. 73-ാം മിനിറ്റില്‍ കേരളം രണ്ട് മാറ്റങ്ങള്‍ വരുത്തി. ഷിഗിലിനും വിഘ്നേഷിനും പകരം മുഹമ്മദ് ഷഫ്നാദിനെയും ജെസിനെയും കളത്തിലിറക്കി. ഒടുവില്‍ 85-ാം മിനിറ്റില്‍ ആരാധകരെ ആവേശക്കടലിലാഴ്ത്തി കേരളത്തിന്റെ ഗോള്‍ പിറന്നു. ജെസിന് പന്തുമായി മുന്നേറിയശേഷം രണ്ട് പ്രതിരോധനിര താരങ്ങള്‍ക്കിടയിലൂടെ പന്ത് ജിജോയ്ക്ക് കൈമാറി. ജിജോ അത് നൗഫലിനും. പന്ത് പിടിച്ചെടുത്ത നൗഫല്‍ പായിച്ച ഷോട്ട് അതുവരെ കീഴടങ്ങാതിരുന്ന ബംഗാള്‍ ഗോളിയെ പരാജയപ്പെടുത്തി. കളി അധിക സമയത്തേക്ക് നീണ്ടതിന് പിന്നാലെ കേരളം രണ്ടാം ഗോളും നേടി. ടി.കെ. ജസിനാണ് ബംഗാള്‍ ഗോളിയെ കീഴടക്കി വലയിലേക്ക് പന്തടിച്ചു കയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: