പാര്‍ട്ടി കോണ്‍ഗ്രസ്സായാലും കോണ്‍ഗ്രസ്സ് പാര്‍ട്ടി ആയാലും നമ്മുടെ കുമാരേട്ടന് അത് കോണ്‍ഗ്രസ്സാണ്. കാരണഭൂതന്റെ കളികളും കള പറിക്കലും കൃത്യമായി മൂപ്പര്‍ക്കറിയാം. എന്തിനും സംശയരഹിതവും രസാത്മകവുമായ മറുപടിയും ഉണ്ടാവും. രണ്ടും ആളു കൂടുന്ന ഏര്‍പ്പാടല്ലേ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം! എന്തായാലും ഇക്കാര്യത്തില്‍ മൂപ്പരോട് തര്‍ക്കിച്ചിട്ടുകാര്യമില്ല താനും. ഗാന്ധിജിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ആ ദീപം പകര്‍ന്നു നല്കിയ ഒരുപാടു വെളിച്ചങ്ങളില്‍ ആവേശഭരിതനായി പല പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിട്ടുണ്ട്. അതിന്റെ ഗരിമ കൊണ്ടാവാം നോട്ടിനെ ഗാന്ധിയെന്ന് വിളിക്കുന്നത് കുമാരേട്ടനെ അരിശം കൊള്ളിക്കാറുണ്ട്. തൊണ്ണൂറു വര്‍ഷം വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ജീവിതം പോകുന്നത്. ഇതിനിടെ പല കോണ്‍ഗ്രസ്സും കണ്ടതിന്റെ ഓര്മ സജീവമാണുതാനും.
കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലേക്കുള്ള എളുപ്പവഴിയുടെ ചെല്ലപ്പേരായി പാര്‍ട്ടി കോണ്‍ഗ്രസ് മാറുന്നില്ലേ എന്നൊരു സംശയം കുമാരേട്ടന് ഇല്ലാതില്ല. രാജ്യം മൊത്തം കോണ്‍ഗ്രസ്സ് വിരുദ്ധ വികാരത്താല്‍ കത്തി നില്‍ക്കെ കോണ്‍ഗ്രസ്സിലേക്കുള്ള പാലമായി മേപ്പടി പാര്‍ട്ടികോണ്‍ഗ്രസ്സിനെ എങ്ങനെ കാണും എന്നു ചോദിച്ചാല്‍ അതിനും അദ്ദേഹത്തിന്റെ കൈയില്‍ മറുപടി കൃത്യം.
വൈരുധ്യാത്മക ഭൗതികവാദമെന്നോ മറ്റെന്തെങ്കിലും വാദമെന്നോ പറഞ്ഞാലും തരക്കേടില്ല, ലൈന്‍ കോണ്‍ഗ്രസ്സിലേക്കെന്നാണ് വിവരണം. ഭാരതമൊട്ടാകെ കോണ്‍ഗ്രസ്സ് തകരുമ്പോള്‍ ആത്യന്തിക നഷ്ടം കമ്യൂണിസ്റ്റുകള്‍ക്കാണ്. കാരണം അന്യരാജ്യത്തിന്റെ വേദാന്തം വിറ്റഴിക്കാനുള്ള ഏറ്റവും നല്ല ചന്ത കോണ്‍ഗ്രസ്സിന്റെ ചൊല്‍പ്പടിയിലുള്ള ഇന്ത്യയാണ്. ഇവിടെ കുമാരേട്ടന് ഇന്ത്യയെന്നേ പ്രയോഗിക്കൂ. കാരണം കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റിനും ഇന്ത്യയെ ഭാരതമായി കാണാന്‍ ഇക്കാലമത്രയും കഴിഞ്ഞിട്ടില്ലത്രേ! അങ്ങനെ കോണ്‍ഗ്രസ്സിനെ ബലപ്പെടുത്തി ചന്തമിടുക്കിലേക്ക് പോകാനുളള എളുപ്പവഴിയാണ് പാര്‍ട്ടികോണ്‍ഗ്രസ് എന്നാണ് വ്യാഖ്യാനം. കോണ്‍ഗ്രസ്സിന്റെ നയങ്ങളിലേക്ക് തൊഴിലാളി സര്‍വാധിപത്യ രീതി ഒഴിച്ച് പരുവപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അതിന് തറയൊരുക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കുമാരേട്ടന്. ഗാന്ധിയന്‍ ആശയങ്ങള്‍ തന്നെക്കാള്‍ ഭംഗിയായി ഉള്‍ക്കൊള്ളാനും വ്യാഖ്യാനിക്കാനും കഴിയുന്ന ഒരു പ്രൊഫസറെ തന്നെ വേദിയിലെത്തിച്ചില്ലേ എന്നദ്ദേഹം ചോദിക്കുന്നു. എന്നു മാത്രമോ, കാരണഭൂതന്റെ സകല ചെയ്തികളെയും മനസ്സുകൊണ്ട് സ്വീകരിക്കുകയും മാലോകരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ താത്വിക വിശകലനം നടത്തുകയും ചെയ്തിരിക്കുന്നു. അതിനൊപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യവും കുമാരേട്ടന് ചൂണ്ടിക്കാണിക്കുന്നു.
സാധാരണഗതിയില്‍ ഭാരതത്തിലെ ഏതു പാര്‍ട്ടിയും സമ്മേളനം നടത്തുമ്പോള്‍ ഇവിടുത്തെ ജനങ്ങളുടെ ഉയര്‍ച്ചയ്ക്കാവശ്യമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. നാടിന്റെ പുരോഗതിയും അതുവഴി പാര്‍ട്ടിയുടെ മുന്നേറ്റവും ലക്ഷ്യമിടും. എന്നാല്‍ ഇവിടെ ഇന്ത്യയിലെ(കുമാരേട്ടന് വീക്ഷണം) കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയ്ക്ക് ഇപ്പറഞ്ഞതൊന്നുമല്ല പഥ്യം. തങ്ങളുടെ തനതു സ്വഭാവമായ ഛിദ്രീകരണം തന്നെ. അതിന് വേണ്ടത് ഭാരതത്തിന്റെ വൈഭവശാലിത്വത്തിനായി അഹര്‍നിശം പ്രവര്‍ത്തിക്കുന്ന കക്ഷിയെ തകര്‍ക്കല്‍. നരേന്ദ്രമോദിക്കെതിരെ സകല നിഷേധസ്വഭാവക്കാരെയും കൂട്ടുപിടിക്കല്‍. അതിന് ആദ്യം വേണ്ടത് നടേ സൂചിപ്പിച്ച കക്ഷിയെ മുഖ്യ ശത്രുവാക്കുകയാണ്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രധാന അജണ്ടയായി അത് രൂപപ്പെട്ടു. പലയിടങ്ങളില്‍ നിന്നും കളികാണാനെത്തിയവര്‍ക്കു മുമ്പില്‍ കേരളത്തിലെ ഈ അഖിലേന്ത്യാ പാര്‍ട്ടി മപ്പടിച്ച് നരേന്ദ്രമോദിക്കെതിരെ ആളെക്കൂട്ടി. കാര്‍ഷിക വിളകളെ ബാധിക്കുന്ന കീടങ്ങള്‍ക്കെതിരെ മിത്രകീടങ്ങളെ ഇറക്കി പൊരുതുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അങ്ങനെയത്രേ കോണ്‍ഗ്രസ് വേദിയിലെ ഊര്‍ജദായക ക്ലാസ് പ്രൗഢമായി നയിച്ച പ്രൊഫസറെ ചെമ്പട്ട് ഷാളണിയിച്ച് ആദരിച്ചിരുത്തിയത്. ഇനി ഈ മിത്രകീടം വഴിയാവും മുന്നോട്ടുള്ള സമരാത്മക പ്രയാണം. ചെന്നൈയില്‍ നിന്നെത്തിയ തലൈവരും മിത്രകീടവും കൂടി മുഖ്യശത്രുവിനെ തകര്‍ക്കാന്‍ കേരളത്തിന്റെ നിലപാടുതറയില്‍ പൊറാട്ടുനാടകം തകര്‍ക്കുമ്പോള്‍ രാജ്യത്തെ സാമ്പത്തിക രംഗവും പ്രതിരോധ രംഗവും സമഗ്രമായി ശക്തിപ്പെടുത്തി ജനങ്ങളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കാനുള്ള പ്രവര്‍ത്തന പദ്ധതിയിലാണ് കേന്ദ്ര ഭരണകൂടം. മുഖ്യശത്രുതാ മനോഭാവത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തു വരുന്ന നേതാക്കള്‍ ‘ശത്രുവാര് മിത്രമാര് ചൊല്ലൂ കിളിമകളേ’എന്ന പരുവത്തിലാണെന്ന് കുമാരേട്ടന് കട്ടായം പറയുന്നു. പരിക്കേറ്റ ഭാരത ഭടന്മാര്ക്ക് ചോരകൊടുത്തതിന് നടപടിക്കു വിധേയനായ നേതാവിന് പാര്‍ട്ടികോണ്‍ഗസ്സില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന് കാരണം വേറെയുണ്ടെങ്കിലും കാരണഭൂതസംഘം ഉള്ളാലേ സന്തോഷിക്കുക തന്നെയല്ലേ?
ഏതായാലും ഇതിലൊരു കാവ്യനീതിയുള്ളത് നിങ്ങളാരും ശ്രദ്ധിച്ചില്ലേ എന്നൊരു ചോദ്യവും കുമാരേട്ടന് വകയുണ്ട്. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ശ്ലോകന്‍ മോദിജിയുടെ പാര്‍ട്ടി വകയാണ്. ഒരര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ആഗ്രഹിക്കുന്നത് അതുതന്നെ. ബിജെപിയുടെ ആശയാദര്‍ശങ്ങളില്‍ ആകൃഷ്ടരായി കോണ്ഗ്രസ്സുകാര് ഒന്നൊന്നായി കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിനായി അണിചേരുമ്പോള്‍ കാരണഭൂതന്റെ പാര്‍ട്ടി മിത്രകീടം വഴിയാണ് അതു ചെയ്യുന്നത്. ഫലത്തില്‍ ഒന്ന് ഗുണാത്മകവും മറ്റത് ഋണാത്മകവും എന്ന വ്യത്യാസം മാത്രം. കണക്ക് ചെയ്യാന്‍ വഴി എത്രയെത്ര,അല്ലേ? അടുത്തത് പാര്‍ട്ടി കോണ്‍ഗ്രസ്സോ പാര്‍ട്ടി രഹിത കോണ്‍ഗ്രസ്സോ എന്നേ അറിയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: