മഞ്ചേരി: മുന്‍ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ സര്‍വീസസിനെ നിലംപരിശാക്കി മണിപ്പൂരിന്റെ കുതിപ്പ്. മൈതാനത്ത് പറന്നുകളിച്ച മണിപ്പൂര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് മണിപ്പൂര്‍ നടത്തിയത്.
മൂന്നാം മിനിറ്റില്‍ സര്‍വീസസിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ ഞെട്ടിച്ച് മണിപ്പൂര്‍ ഗോളടിച്ചു. ബോക്സിനുള്ളില്‍ നാരിയാന്‍ബാം ജെനിഷ് സിങ് ഇടംകാലുകൊണ്ട് തൊടുത്ത കിടിലന്‍ ഷോട്ട് സര്‍വീസസ് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ കയറുകയായിരുന്നു. എട്ടാം മിനിറ്റില്‍ സര്‍വീസസിന് സമനില നേടാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പത്താം മിനിറ്റിലും മണിപ്പൂര്‍ നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും സര്‍വീസസ് ഗോളി മുന്നോട്ടുകയറി വന്ന് അപകടം ഒഴിവാക്കി. 14-ാം മിനിറ്റില്‍ സര്‍വീസസിന് അനുകൂലമായി ഫ്രീകിക്ക്. പിന്റു മഹാത എടുത്ത കിക്ക് പോസ്റ്റിലേക്ക് പറന്നിറങ്ങിയെങ്കിലും മണിപ്പൂരി ഗോളി എം.ഡി. അബുജാര്‍ ഉജ്ജ്വലമായി കുത്തിയകറ്റി.
മണിപ്പൂര്‍ മേധാവിത്വം പുലര്‍ത്തിയ മത്സരത്തില്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ അവര്‍ക്ക് കഴിയാതിരുന്നതിന് കാരണം സര്‍വീസസ് ഗോളിയുടെ മികച്ച പ്രകടനമായിരുന്നു. മണിപ്പൂര്‍ സൃഷ്ടിച്ച നാലോളം അവസരമാണ് സര്‍വീസസ് ഗോളി രക്ഷപ്പെടുത്തിയത്. ആദ്യപകുതിയില്‍ അപൂര്‍വമായി മാത്രമാണ് സര്‍വീസസിന് എതിര്‍ ബോക്സിലേക്ക് പന്തെത്തിക്കാന്‍ കഴിഞ്ഞത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍വീസസ് സമനില ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും മണിപ്പൂര്‍ ഗോളി രക്ഷകനായി. ഇടതുവിങ്ങില്‍ നിന്ന് സര്‍വീസസ് താരം പിന്റു മഹാത ബോക്സിലേക്ക് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച മണിപ്പൂരി താരത്തിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് ഉയര്‍ന്നുപൊങ്ങി. തുടര്‍ന്ന് ഗോള്‍ വഴങ്ങാതെ മണിപ്പൂര്‍ ഗോളി രക്ഷകനായി.
രണ്ടാം പകുതിയുടെ തുടക്കത്തിലും മണിപ്പൂര്‍ മുന്നേറ്റമാണ് കണ്ടത്. ആദ്യ മിനിറ്റില്‍ തന്നെ സര്‍വീസസ് ബോക്സില്‍ പന്തെത്തിക്കാന്‍ മണിപ്പൂര്‍ താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും ഗോളി അപകടമൊഴിവാക്കി. 50-ാം മിനിറ്റില്‍ മണിപ്പൂര്‍ ലീഡ് ഉയര്‍ത്തി. കോര്‍ണറിനൊടുവിലായിരുന്നു ഗോള്‍. എന്‍ഗുല്‍ഗൊലാല്‍ എടുത്ത കോര്‍ണര്‍ കിക്ക് ലുമിന്‍ലെന്‍ ഹോകിപ് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു (20). 74-ാം മിനിറ്റില്‍ മണിപ്പൂര്‍ മൂന്നാം ഗോളും നേടി. മൈതാന മധ്യത്തില്‍ നിന്ന് നാരിയാന്‍ബാം ജെനിഷ് സിങ് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത് മുന്നേറിയ ശേഷം തൊക്ചോം മണിചന്ദ് സിങ് നിറയൊഴിക്കും മുന്‍പ് സര്‍വീസസ് താരം സുനിലിന്റെ കാലില്‍ത്തട്ടി പന്ത് സ്വന്തം വലയില്‍ കയറി. കളിയുടെ അവസാന മിനിറ്റുകളില്‍ ഒരു ഗോളെങ്കിലും മടക്കാന്‍ സര്‍വീസസ് കിണഞ്ഞു ശ്രമിച്ചെങ്കിലും മണിപ്പൂരി ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതാണ് കാരണം. സര്‍വീസസ് അടുത്ത മത്സരത്തില്‍ നാളെ ഗുജറാത്തുമായും മണിപ്പൂര്‍ ഒഡീഷയുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: