തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്രമായ പുരോഗതിയും കാര്യക്ഷമതയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന് പദ്ധതി നാല് വര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം രാജ്യത്ത് എട്ടു വര്‍ഷമായി തുടരുന്ന ജനക്ഷേമ ഭരണത്തിന്റെ നാഴികക്കല്ലുകളിലൊന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗമാണ് ചരിത്രപരമായ ഈ തീരുമാനമെടുത്തത്. 2026 ലെ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതുവരെ നീട്ടിയിരിക്കുന്ന പദ്ധതിക്കായി 6000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2018 ല്‍ തുടക്കമിട്ട ഈ പദ്ധതിയിലൂടെ പട്ടിണിയില്ലാത്തതും ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നതും, അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നതുമായ ശിശു സൗഹൃദ ഗ്രാമം കെട്ടിപ്പടുക്കലാണ് ലക്ഷ്യംവയ്ക്കുന്നത്. ഇതുവഴി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നവിധം ഗ്രാമസഭകളെ ശക്തിപ്പെടുത്തി സാമൂഹ്യനീതിയും സാമ്പത്തിക വികസനവും ഉറപ്പുവരുത്തും. 2021-22 സാമ്പത്തികവര്‍ഷംവരെ 2400 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാമസ്വരാജ് അഭിയാനുവേണ്ടി അനുവദിച്ചത്. ഇതിനു പിന്നാലെയാണ് 6000 കോടി രൂപകൂടി വകയിരുത്തിക്കൊണ്ടുള്ള സുപ്രധാനമായ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനത്തിനുള്ള കാര്യപദ്ധതിയുടെ ഭാഗമായ പ്രധാനപ്പെട്ട വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഗ്രാമീണ ഭാരതത്തെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്. 2015 ല്‍ യുഎന്‍ അംഗരാജ്യങ്ങളെല്ലാം അംഗീകരിച്ച ഈ കാര്യപരിപാടിയുടെ ആദ്യ ലക്ഷ്യം 2030 പിന്നിടുന്നതോടെ എല്ലാ രൂപത്തിലുമുള്ള ദാരിദ്ര്യം അവസാനിപ്പിക്കുകയെന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്ന പദ്ധതി ഒന്‍പത് മേഖലകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഗ്രാമങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കി ഉപജീവനമാര്‍ഗം വികസിപ്പിക്കുക, ഗ്രാമീണ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുക, ഗ്രാമങ്ങളെ ശിശുസൗഹൃദമാക്കുക, മതിയായ തോതില്‍ വെള്ളമെത്തിക്കുക, ശുചിത്വമുള്ളതും ഹരിത സൗഹൃദവുമാക്കുക, സ്വയംപര്യാപ്തതയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുക, സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുക, സദ്ഭരണം പ്രദാനം ചെയ്യുക എന്നിവയാണിത്. പദ്ധതിയുടെ ഭാഗമായ എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം പഞ്ചായത്തുകളായിരിക്കും. പദ്ധതികള്‍ നടത്തിപ്പില്‍ വരുത്തുന്നതിന് പഞ്ചായത്തുതലത്തില്‍ പട്ടികജാതി-വര്‍ഗങ്ങളില്‍നിന്നും വനിതകളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും. സാമ്പത്തിക വികസനവും സാമൂഹ്യനീതിയും സമന്വയിപ്പിക്കുന്നതിനാണിത്.
സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, ജനജീവിതത്തിന്റെ പുരോഗതി ഉറപ്പുവരുത്താനുള്ള ആത്മാര്‍ത്ഥതയില്‍നിന്ന് ഉയര്‍ന്നുവന്നതാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്. അടിസ്ഥാന മേഖലകളുടെ വികസനം, ജനക്ഷേമ പദ്ധതികള്‍ എന്നിവയ്ക്കായി എട്ടുവര്‍ഷംകൊണ്ട് 100 ലക്ഷത്തോളം കോടി രൂപയാണ് മോദി സര്‍ക്കാര്‍ ചെലവിട്ടത്. എന്നാല്‍ 2007 മുതല്‍ 10 വര്‍ഷം അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ടത് 49 ലക്ഷം കോടി രൂപമാത്രവും. അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് ഈ തുകയുടെ ഗുണംപോലും ജനങ്ങള്‍ക്ക് ലഭിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്കു നല്കിയ ഓയില്‍ ബോണ്ടിന്റെ ബാധ്യതപോലും തീര്‍ക്കുന്നത് മോദി സര്‍ക്കാരാണ്. 2026 വരെ ഇതിനായി ഒന്നരലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നല്‍കേണ്ടിവന്നത്. ഇങ്ങനെയൊരു ബാധ്യത ഇല്ലായിരുന്നുവെങ്കില്‍ അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലവര്‍ധനവ് കണക്കിലെടുക്കാതെതന്നെ കുറഞ്ഞ നിരക്കില്‍ ഇന്ധനം വിതരണം ചെയ്യാന്‍ കഴിയുമായിരുന്നു. ഭക്ഷണം, എണ്ണ, വളം എന്നിവയുടെ സബ്സിഡിക്കായി മോദി സര്‍ക്കാര്‍ ഇതുവരെ 25 ലക്ഷം കോടി രൂപ ചെലവിട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാര്‍ ചെലവിട്ടത് 14 ലക്ഷം കോടി രൂപ മാത്രമാണ്. ബിജെപി സര്‍ക്കാരിന് എന്തുകൊണ്ട് ഭരണത്തുടര്‍ച്ച ലഭിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ഈ കണക്കുകളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: