കോഴിക്കോട്: മലപ്പുറം വേദിയാകുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരും യുവത്വവുമടങ്ങിയ ടീമിനെ ഏഴാം സന്തോഷ് ട്രോഫി കളിക്കാനിറങ്ങുന്ന തൃശ്ശര്‍ സ്വദേശി മധ്യനിര താരം ജിജോ ജോസഫ് നയിക്കും. 30 അംഗങ്ങളുടെ ക്യാമ്പില്‍ നിന്ന് 20 പേരുടെ ടീമാണ് പ്രഖ്യാപിച്ചത്. 13 പുതുമുഖങ്ങള്‍. സോയല്‍ ജോഷി, മുഹമ്മദ് ഷഹീഫ്, എ.പി, മുഹമ്മദ് ബാസിത്, പി.ടി, ഷിഗില്‍, എന്‍.എസ്. മുഹമ്മദ് സഫ്നാദ് എന്നീ അണ്ടര്‍ 21 താരങ്ങള്‍ക്കും ഇടം. 30 വയസ്സുള്ള ജിജോ ജോസഫാണ് ടീമിലെ സീനിയര്‍. 19 വയസ്സുകാരന് മുഹമ്മദ് സഹീഫ് പ്രായം കുറഞ്ഞ താരം. രാംകോ സിമന്റ്സാണ് കേരള ടീമിന്റെ മുഖ്യസ്പോണ്സര്.
മുന്‍പ് അഞ്ച് തവണ സന്തോഷ് ട്രോഫി കളിച്ച കേരള യുണൈറ്റഡ് എഫ്സിയുടെ വി. മിഥുന്, നാല് തവണ കളിച്ച കെഎസ്ഇബിയുടെ എസ്. അജ്മല്‍, ഓരോ തവണ കളിച്ച ജി. സഞ്ജു, പി. അഖില്‍, ബ്ലാസ്റ്റേഴ്സ് മുന്‍ താരം അര്ജുന് ജയരാജ്, നിലവില്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ മുഹമ്മദ് ബാസിത്, നിജോ ഗില്‍ബര്‍ട്ട്, ഗോകുലം കേരള എഫ്സിയുടെ മുഹമ്മദ് റാഷിദ്, കെപിഎല്‍ ചാമ്പ്യന്മാരായ ഗോള്‍ഡന്‍ ത്രെഡ്സിന്റെ അജയ് അലക്സ്, സോയല്‍ ജോഷി, ബിബിന്‍ അജയന്, കേരള യുണൈറ്റഡ് എഫ്സിയുടെ സല്മാന്. കെ, ജെസിന്. ടി.കെ, മുഹമ്മദ് സഫ്നാദ് തുടങ്ങിയ പരിചയസമ്പന്നരും ടീമിലുണ്ട്. ഗോകുലം കേരള എഫ്സിയുടെ മുന്‍ പരിശീലകനായിരുന്ന ബിനോ ജോര്‍ജാണ് ഇത്തവണ കേരളത്തിന്റെ കോച്ച്. സഹപരിശീലകനായി ടി.ജി. പുരുഷോത്തമന്, ഗോള്‍കീപ്പര്‍ കോച്ചായി സജി ജോയി എന്നിവരുമുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി പി. അനില്‍കുമാര്‍, രാംകോ സിമന്റ് സീനിയര്‍ ജനറല്‍ മാനേജര്‍ രമേഷ് ഭരത്, മാര്‍ക്കറ്റിങ് സീനിയര്‍ മാനേജര്‍ പി.എം. സിജു, കെഡിഎഫ്എ പ്രസിഡന്റ് പി. രഘുനാഥ്, കെഎഫ്എ വൈസ് പ്രസിഡന്റ് അബ്ദുല്‍ കരിം, ട്രഷറര്‍ എം. ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ടീം:ഗോള്‍കീപ്പര്‍മാര്‍: വി. മിഥുന്, എസ്. അജ്മല്‍. പ്രതിരോധനിര: ജി. സഞ്ജു, സോയല്‍ ജോഷി, ബിപിന്‍ അജയന്, മുഹമ്മദ് സഹീഫ്, അജയ് അലക്സ്, പി.ടി. മുഹമ്മദ് ബാസിത്. മധ്യനിര: ജിജോ ജോസഫ്, അര്ജുന് ജയരാജ്, കെ. സല്മാന്, പി. അഖില്‍, എം. ഫസലുറഹ്മാന്, എന്‍.എസ്. ഷിഖില്‍, പി.എന്‍. നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, കെ. മുഹമ്മദ് റാഷിദ്. മുന്നേറ്റ നിര: എം. വിഘ്നേഷ്, ടി.കെ. ജെസിന്, മുഹമ്മദ് സഫ്നാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: