കൊല്ലം: 2020, 2021, 2022 ഞാങ്കടവ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിന്റെ തീയതികള്‍ മാറിമറിയുകയാണ്. 2023 മാര്‍ച്ചിനു മുന്‍പ് പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഒടുവിലത്തെ പ്രഖ്യാപനം.
കല്ലടയാറ്റിലെ ഞാങ്കടവില്‍ തടയണ കെട്ടി വെള്ളം പമ്പ് ചെയ്തു ശുദ്ധീകരിച്ച് കൊല്ലം കോര്‍പറേഷനിലും കൊറ്റങ്കര പഞ്ചായത്തിലും വിതരണം ചെയ്യുന്നതാണ് പദ്ധതി. രണ്ടാം ഘട്ടത്തില്‍ പനയം, തൃക്കരുവ പെരിനാട് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തും. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി, കിഫ്ബി എന്നിവയില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടമായാണ് നിര്‍മാണം നടക്കുന്നത്.
335.08 കോടി രൂപയാണ് അടങ്കല്‍ തുക. കല്ലടയാറ്റില്‍ നിന്ന് ദിവസേന 100 ദശലക്ഷം ലിറ്റര്‍ വെള്ളം കിണറ്റില്‍ ശേഖരിച്ച് വസൂരിച്ചിറയില്‍ സ്ഥാപണ്ടിക്കുന്ന ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഞാങ്കടവില്‍ 23 മണിക്കൂറും പമ്പുഹൗസ് പ്രവര്‍ത്തിപ്പിക്കും. ഒരു മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുക.
ഞാങ്കടവ് പദ്ധതിയില്‍ നിന്ന് കൊറ്റങ്കര പഞ്ചായത്തിനുകൂടി ജലവിതരണം നടത്താനാണ് ലക്ഷ്യം. ഇതിനായി വസൂരിച്ചിറയില്‍ നിര്‍മിക്കുന്ന ജലശുദ്ധീകരണപ്ലാന്റില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്. 50 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതുകൂടി കണക്കാക്കുമ്പോള്‍ ഞാങ്കടവ് പദ്ധതിയുടെ ആകെ അടങ്കല്‍ തുക 385 കോടിയാണ്. അടുത്ത 50 വര്‍ഷം വരെ പ്രയോജനപ്പെടുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്‍പന. മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെയും സമീപ പഞ്ചായത്തിലെയും അഞ്ച് ലക്ഷം പേര്‍ക്ക് പ്രയോജനകരമാകുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: