തൃശ്ശൂര്‍: കൊവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ക്ക് ശേഷം ഏറെ പ്രതീക്ഷകളോടെ വിഷുവും ഈസ്റ്ററും റംസാനും ഒരുമിച്ചെത്തിയതോടെ പടക്ക വിപണി സജീവമായി. കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് പൊലിമ കുറഞ്ഞു പോയ ആഘോഷങ്ങള്‍ ഇക്കുറി പതിന്മടങ്ങാക്കാനുള്ള ഇനങ്ങള്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്.
ശബ്ദത്തേക്കാള്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന വ്യത്യസ്ത ഇനം ഹരിത പടക്കങ്ങളാണ് വിപണി കൈയടക്കിയിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ചൈനീസ് പടക്കങ്ങള്‍ മുതല്‍ എക്കാലത്തും ആവശ്യക്കാരുള്ള ഓലപ്പടക്കങ്ങള്‍ വരെ കടകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഹെലികോപ്റ്റര്‍ പോലെ പറന്നു പൊങ്ങുന്ന ചക്രം, വിസിലടിക്കുന്ന റോക്കറ്റ്, വിസിലടിച്ച് കറങ്ങുന്ന നിലച്ചക്രം, ശബ്ദത്തോടെ പൊങ്ങുന്ന മേശപ്പൂ, ഇരുവശങ്ങളിലേക്കും കറങ്ങുന്ന നിലച്ചക്രം എന്നിവയാണ് കുട്ടികളെ ത്രസിപ്പിക്കാന്‍ തയാറാക്കിയിട്ടുള്ളത്.
ആവശ്യക്കാര്‍ കൂടുതലുള്ള ചൈനീസ് പടക്കങ്ങളും വിപണിയിലുണ്ട്. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഗോള്‍ഡന്‍ ഡക്ക്, പോഗോ, പോപ്പപ്പ്, ഇന്ത്യന്‍ ഡിലൈറ്റ്, ഡ്രോണ്‍ തുടങ്ങി നിരവധി ഫാന്‍സി ഇനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗോള്‍ഡന്‍ ഡക്ക്, കളര്‍ ഫാന്റസി, സെവന് ഷോട്ട്സ് തുടങ്ങി പുതിയ ഇനങ്ങളും വിപണിയില്‍ ശ്രദ്ധേയമാണ്. കൂടാതെ 400 രൂപ മുതല്‍ 2000 രൂപ വരെ നാല്‍പ്പതോളം ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്സുകളും ഇത്തവണ വിപണിയിലുണ്ട്.
മാലപ്പടക്കം, കമ്പിത്തിരി, മത്താപ്പ്, ചക്രം, കയര്‍, തുടങ്ങിയവ പതിവു താരങ്ങളും ഒപ്പമുണ്ട്. കോമ്പല ആയിരം എണ്ണത്തിന്റെ മാലക്ക് 180 രൂപയിലാണ് തുടക്കം. കമ്പിത്തിരി 10 മുതല്‍ 100 വരെയാണ് വില. പൂക്കുറ്റി 30 മുതല്‍ 55 രൂപ വരെയും നിലച്ചക്രത്തിന് അഞ്ചു മുതല്‍ 20 രൂപ വരെയുമാണ് വില. ഇത്തവണ ചില ഇനങ്ങള്‍ക്ക് വില അല്പം കൂടുതലാണ്. പടക്കങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ രാസവസ്തുക്കള്‍ക്ക് വില കൂടിയതാണ് ഇതിന് കാരണമായി വ്യാപാരികള്‍ പറയുന്നത്.
കുന്നംകുളം പോലുള്ള സ്ഥലങ്ങളില്‍ നിന്നുള്ള വലിയ വ്യാപാരികള്‍ ജില്ലയിലെ പല ഭാഗങ്ങളിലും നേരിട്ട് കടകള്‍ തുറന്നിട്ടുണ്ട്. രണ്ടു വര്‍ഷത്തെ നഷ്ടം ഇത്തവണ നികത്താനാകുമെന്നാണ് ഇവരുടെയെല്ലാം പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: