തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായികരംഗത്തെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സ്പോര്‍സ് ഇക്കോണമി മിഷന് നടപ്പാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്. അടുത്തമാസം പ്രഖ്യാപിക്കുന്ന കായിക നയത്തില്‍ സ്പോര്‍സ് ഇക്കോണമി മിഷന് എന്ന ആശയത്തിനു പ്രാധാന്യം നല്‍കും. കായിക രംഗത്തെ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഇതു നടപ്പാക്കുകയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1200 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. ഇതിനു പുറമേ സ്വകാര്യ മേഖലയില്‍ 20,000 കോടി രൂപയുടെ നിക്ഷേപം നിലവിലുണ്ട്. 1250 ഓളം ടര്‍ഫുകള്‍, അക്കാദമികള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയവയിലടക്കം വന്‍ നിക്ഷേപമാണു സ്വകാര്യ മേഖലയിലുള്ളത്. ഇതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വലിയ പങ്കുവഹിക്കാന്‍ ശേഷിയുള്ളതാണു കായിക രംഗം.
കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിര്‍മിക്കും. ആദ്യഘട്ടത്തില്‍ 50 ഓപ്പണ്‍ ജിമ്മുകള്‍ തുറക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആവശ്യം അനുസരിച്ച് പിന്നീട് കൂടുതല്‍ നിര്‍മ്മിക്കാനും ധാരണയായിട്ടുണ്ട്. ഇതുവഴി എല്ലാവര്ക്കും കായികക്ഷമത ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സന്തോഷ് ട്രോഫി, ഫെഡറേഷന് കപ്പ് അത്ലറ്റിക്സ്, സൂപ്പര്‍ കപ്പ് തുടങ്ങിയ ദേശീയ കായിക മത്സരങ്ങള്‍ക്ക് കൂടി വേദിയാകുന്നതോടെ കേരളത്തിന്റെ കായികരംഗവും സൗകര്യങ്ങളും രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടും. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ജൂണ്‍ മുതല്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയുടെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: