Categories: Main Article

നവോത്ഥാനത്തിന്റെ മഹാകവി; കുമാരനാശാന്റെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

ഒരു വേള ബംഗാളിന്റെ പുത്രനായിരുന്നുവെങ്കില്‍ ആശാന് അത്തരത്തില്‍ അംഗീകാരം ലഭിക്കുമായിരുവെന്നാണ് വിലയിരുത്തല്‍. മലയാള കവിതയില്‍ നവീനതയ്‌ക്കൊപ്പം ദാര്‍ശനിക സമസ്യകള്‍ക്കും കാല്പനികതയുടെ വസന്തത്തിനും നവോത്ഥാനത്തിന്റെ സിംഹ ഗര്‍ജ്ജനത്തിനും ഒരുപോലെ പ്രപഞ്ചം സൃഷ്ടിക്കുവാന്‍ കുമാരനാശാന് കഴിഞ്ഞിരുന്നു.

ഭാരതീയ നവോത്ഥാന മഹാകവിത്രയങ്ങളില്‍ പ്രഥമഗണനീയനാണ് മഹാകവി കുമാരനാശാന്‍. ടാഗോര്‍, ഇഖ്ബാല്‍ എന്നിവരെ പോലെ കവിത്വശേഷികൊണ്ട് ഭാരതീയ മഹാകവിയായി കൊണ്ടാടപ്പെടാതിരുന്നത് ഒരു പക്ഷെ മലയാള കവിയായതിനാലാകാം. ഒരു വേള ബംഗാളിന്റെ പുത്രനായിരുന്നുവെങ്കില്‍ ആശാന് അത്തരത്തില്‍ അംഗീകാരം ലഭിക്കുമായിരുവെന്നാണ് വിലയിരുത്തല്‍. മലയാള കവിതയില്‍ നവീനതയ്‌ക്കൊപ്പം ദാര്‍ശനിക സമസ്യകള്‍ക്കും കാല്പനികതയുടെ വസന്തത്തിനും നവോത്ഥാനത്തിന്റെ സിംഹ ഗര്‍ജ്ജനത്തിനും ഒരുപോലെ പ്രപഞ്ചം സൃഷ്ടിക്കുവാന്‍ കുമാരനാശാന് കഴിഞ്ഞിരുന്നു.

മാപ്പിള ലഹളയ്‌ക്കെതിരെയുള്ള ഇടിമുഴക്കമായി മാറിയ ‘ദുരവസ്ഥ’ എന്ന കാവ്യത്തിന്റെ നൂറാം വര്‍ഷത്തില്‍തന്നെ, കുമാരനാശാന്റെ 150-ാം ജന്മവര്‍ഷത്തിനും ഇന്ന് തുടക്കമാകും. 1873 മുതല്‍ 1924 വരെയുള്ള 51 വര്‍ഷത്തെ ആശാന്റെ ജീവിതം ശ്രീനാരായണ ഗുരുദേവനൊപ്പമുള്ള പരിവര്‍ത്തനവിപ്ലവത്തിന്റേതായിരുന്നു.  

ശ്രീനാരായണഗുരുദേവന്‍ നല്കിയ മഹാകവി

1873 ഏപ്രില്‍ 12 ന് ചിത്രാപൗര്‍ണ്ണമിനാളിലാണ് ചിറയിന്‍കീഴ് താലൂക്കില്‍ കായിക്കരയില്‍ പുരാതന തൊമ്മന്‍വിളാകം കുടുംബത്തില്‍ ആശാന്റെ ജനനം. അദ്ദേഹത്തിന്റെ ജീവിതത്തിന് ദിശാബോധം ലഭിക്കുന്നത് ശ്രീനാരായണ ഗുരുദേവനുമായുള്ള സംഗമമാണ്. ചെറുപ്പത്തിലെ സംസ്‌കൃതവും തമിഴും ജ്യോതിഷവും ഹൃദിസ്ഥമാക്കിയ ആശാന്‍ നിരവധി കവിതകളും നാടകങ്ങളും രചിച്ചിരുന്നു. പതിനെട്ടാം വയസ്സില്‍ ശ്രീനാരായണഗുരുദേവനെ കണ്ടുമുട്ടിയതോടെ ആശാന്റെ ജീവിതഗതിയും മാറി.

ഗുരുദേവന്‍ ഡോ. പല്‍പ്പുവിന്റെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിലും ബംഗാളിലും മദിരാശിയിലും അയച്ച് ആശാനെ വളര്‍ത്തിയെടുക്കുകയായിരുന്നു. അദ്ദേഹം തികഞ്ഞ ഒരു അദൈ്വതവാദിയായിരുന്നു. ശ്രീനാരായണ ധര്‍മ്മപ്രചാരണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ആശാന് ഗുരുവിന്റെ ഒട്ടേറെ ഉള്‍കാഴ്ചകള്‍ ലഭിച്ചിരുന്നു. ഹിമാലയത്തെ ഒറ്റ ശ്ലോകം കൊണ്ടും ഒരു മൊട്ടുസൂചിയെ നൂറ് ശ്ലോകം കൊണ്ടും വര്‍ണ്ണിക്കാന്‍ പ്രാപ്തനാണ് കുമാരനാശാനെന്നാണ് വിലയിരുത്തല്‍.

സ്വാമി വിവേകാനന്ദന്റെ സ്വാധീനം

കൊല്‍ക്കത്തയില്‍ പഠിക്കുമ്പോള്‍ തന്നെ സ്വാമി വിവേകാനന്ദന്റെ ആദര്‍ശങ്ങള്‍  കുമാരനാശാന്‍ തൊട്ടറിഞ്ഞിരുന്നു. വിവേകാനന്ദ ദര്‍ശനങ്ങള്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി.  സംഘടനാ പ്രവര്‍ത്തനത്തിനായി ആരംഭിച്ച മുഖപത്രത്തിന് ‘വിവേകോദയം’ എന്നും പ്രസ്സിന് ‘ആനന്ദ’ എന്നും പേര് നല്കിയത് സ്വാമി വിവേകാനന്ദനോടുള്ള ആദരവുകൊണ്ടാണ്. സ്വാമി വിവേകാനന്ദന്‍ ആശാന്റെ മനസ്സില്‍ കൊളുത്തിയ ഹിന്ദുത്വവും ഭാരതീയ സങ്കല്പവും ഏത് കൊടുങ്കാറ്റിനെയും അതിജീവിക്കാന്‍ കരുത്ത് നല്കുന്നതായിരുന്നു. സ്വാമികളുടെ ‘രാജയോഗം’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതും അദ്ദേഹത്തോടുള്ള ഭക്തിമൂലമാണ്. വളരെ സന്തോഷത്തോടെയാണ് വിവര്‍ത്തനം ചെയ്യുന്നതിന് ആശാന് അന്നത്തെ രാമകൃഷ്ണമിഷന്‍ പ്രസിഡന്റ് രാമകൃഷ്ണാനന്ദ സ്വാമി അനുവാദം നല്കിയത്. വിവേകോദയത്തില്‍ വിവേകാനന്ദ കൃതികളും സൂക്തങ്ങളും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.  

മാറ്റുവിന്‍ ചട്ടങ്ങളെ

ദുരവസ്ഥ എന്ന കവിതയിലൂടെ 1921ലെ മാപ്പിളലഹളയുടെ ഭീകരത പച്ചയായി തുറന്നുകാണിക്കുമ്പോഴും ഹിന്ദുസമൂഹത്തിലെ ജാതീയതയ്‌ക്കെതിരെയും അദ്ദേഹം തുറന്നടിക്കുന്നുണ്ട്. ഈ കവിത അദ്ദേഹത്തിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ അപകടമരണത്തിന് ഇടയാക്കിയതും ഇതാണോയെന്ന ചര്‍ച്ചകളുമുണ്ട്. ദുരവസ്ഥ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് വളരെ വലുതായിരുന്നു. രണ്ട് മേഖലകളില്‍ നിന്ന് കുമാരനാശാന് എതിര്‍പ്പുകള്‍ നേരിട്ടു. മുസ്ലിങ്ങള്‍ക്കൊപ്പം സവര്‍ണ്ണഹിന്ദുക്കളും അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. മുസ്ലിങ്ങളുടെ എതിര്‍പ്പിന് പി

ന്നില്‍ ചില ഹൈന്ദവ പ്രമാണിമാരുണ്ടായിരുന്നുവെന്നതാണ് വിചിത്രം. ദുരവസ്ഥ പ്രസിദ്ധീകൃതമായാലുണ്ടാകുന്ന വരുംവരായ്കകളെക്കുറിച്ച് വ്യക്തമായ ധാരണയും ആശാനുണ്ടായിരുന്നു. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും കാവ്യത്തെ എതിര്‍ത്തില്ലെന്നതും സ്മരണീയമാണ്. ഒപ്പം അവരുടെ മൗനാനുഗ്രഹവുമുണ്ടായിരുന്നുവെന്നാണ് കരുതേണ്ടത്.

ക്രൂരമഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ-

ച്ചോരയാല്‍ ചോന്നെഴും ഏറനാട്ടില്‍(പദ്യം-8) എന്നും

ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ കേറി-

ക്കൊള്ളയിട്ടാര്‍ത്തഹോ തീകൊളുത്തി (176)

കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും

‘അള്ള’ മതത്തില്‍ പിടിച്ചുചേര്‍ത്തും (180)

കഷ്ടം! കാണായിതസംഖ്യംപേരെല്ലാരും

ദുഷ്ടമഹമ്മദരാക്ഷസന്മാര്‍ (374)

എന്ന് തുറന്നെഴുതുമ്പോള്‍ തന്നെ ജാതീയത മൂലം ഹിന്ദുസമൂഹം നശിക്കുന്നതിനെതിരെയും അദ്ദേഹം പടവാളെടുക്കുന്നുണ്ട്.  

കാലം വൈകിപ്പോയി, കേവലമാചാര-

നൂലുകളെല്ലാം പഴകിപ്പോയി,  

കെട്ടി നിറുത്താന്‍ കഴിയാതെ ദുര്‍ബ്ബല-

പ്പെട്ട ചരടില്‍ ജനത നില്ക്കാ.

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍

മാറ്റുമതുകളീ നിങ്ങളെത്താന്‍ (1681)

കേരളമാകുന്ന മാതാവിന്റെ ഗര്‍ഭത്തില്‍ കിടന്ന പെരുമാക്കന്മാരും ശങ്കരാചാര്യന്മാരും തുഞ്ചന്മാരും കുഞ്ചന്മാരും ക്രൂരമായ ജാതിയുടെ ആഘാതത്തില്‍പ്പെട്ട് ചാപിള്ളകളായി എന്നും കവി വിലപിക്കുന്നുണ്ട്.  

മൂന്ന് മാസംകൊണ്ടാണ് 1700 ശീലുകളുള്ള ഈ കൃതി ആശാന്‍ രചിക്കുന്നത്. ആശാന്റെ കാവ്യപ്രതിഭ സാഫല്യമടഞ്ഞത് ദുരവസ്ഥയുടെ രചനയിലൂടെയാണെന്ന്  വിലയിരുത്തലുണ്ട്. സ്‌നേഹഗായകന്‍ എന്നും അറിയപ്പെടുന്ന ആശാന്‍ തന്നെയാണ് ദുരവസ്ഥയിലൂടെ സാമൂഹിക വിപ്ലവത്തിന് ശംഖനാദം മുഴക്കിയത്.  

‘ജാതീയവും മറ്റുമായ അശാസ്ത്രീയ ചിന്തകളെ സമൂഹത്തില്‍ നിന്ന് പിഴുതെറിഞ്ഞ് ഏകീകൃതമായ പൂര്‍ണ്ണ സാഹോദര്യം പുലര്‍ത്തുന്ന ഒരു സമാജത്തെ രണ്ടാമതും സംഘടിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു അത്. ആ സമുദായത്തിന്റെ അടിസ്ഥാനം തികച്ചും ഹൈന്ദവമാണെന്നാണ്’ ദുരവസ്ഥയെക്കുറിച്ച് പി. മാധവ്ജി വിലയിരുത്തിയത്.

ടാഗോറുമായി ആത്മബന്ധം

ബംഗാളില്‍ പഠിക്കാന്‍ പോയ അവസരത്തില്‍ കുമാരനാശാന്‍ ടാഗോറിനെ വീട്ടില്‍ പോയി കണ്ടിരുന്നു. അന്നുമുതല്‍ അവര്‍ തമ്മില്‍ സൗഹൃദം ഉടലെടുത്തു. 1922ല്‍ രവീന്ദ്രനാഥ ടാഗോര്‍ ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസിനൊപ്പം കേരളം സന്ദര്‍ശിച്ചു. ഗുരുദേവനെ നവംബര്‍ 22ന് ടാഗോ

ര്‍ സന്ദര്‍ശിച്ചപ്പോള്‍ അന്ന് ഇരുവര്‍ക്കുമിടയില്‍ ദ്വിഭാഷിയായത് കുമാരനാശാനായിരുന്നു. ടാഗോറിന് തിരുവനന്തപുരത്ത് രാജകുടുംബാംഗങ്ങള്‍ നല്കിയ പൊതുസ്വീകരണത്തില്‍ മഹാകവിക്ക് സമര്‍പ്പിക്കാനുള്ള മംഗളപത്രം എഴുതാന്‍ നിയുക്തനായതും കുമാരനാശാനായിരുന്നു. രചനയിലും പാരായണത്തിലും കവി പുളകംകൊണ്ടതായും തന്റെ വലിയ കൃതികളെക്കാള്‍ അഭിമാനം മഹാകവിക്ക് ആ കവിതയോട് ഉണ്ടായിരുന്നതായും രേഖപ്പെടുത്തുന്നു. ശിവഗിരിയിലെത്തിയ ടാഗോറിന് സമര്‍പ്പിച്ച സംസ്‌കൃതത്തിലുള്ള സ്വാഗതപഞ്ചകം രചിച്ചതും സദസ്സില്‍ വായിച്ചതും ആശാനായിരുന്നു. സംസ്‌കൃതത്തിലുള്ള മംഗളപത്രം എഴുതിയതും ആശാനായിരുന്നു. രണ്ട് മഹാപ്രതിഭകളുടെ സംഗമം കൂടിയായിരുന്നു അത്. ദുരവസ്ഥയിലെ ആശാന്റെ നിലപാടുകളെ ടാഗോറും അംഗീകരിച്ചുവെന്നാണ് മലബാറിന്റെ അവസ്ഥയെക്കുറിച്ചുള്ള ടാഗോറിന്റെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.  

ആശാന്റെ കാലത്ത് കേരളത്തില്‍ ആശാനോളം പ്രതിഭയുമുള്ള കവികളോ സംഘാടകരോ സാമൂഹ്യപ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. എന്നാല്‍ കൊച്ചി മഹാരാജാവ് ഷഷ്ഠി പൂര്‍ത്തിയാഘോഷത്തിന്റെ ഭാഗമായി മലയാളത്തിലെ കവിശ്രേഷ്ഠന്മാരെ കവിതിലകന്‍ പട്ടവും സമ്മാനങ്ങളും നല്കി ആദരിച്ചപ്പോള്‍ കുമാരനാശാനെ അവഗണിച്ചു. എന്നാല്‍ മലയാളത്തിന്റെ മഹാകവിയായി മദിരാശി സര്‍വ്വകലാശാല തെരഞ്ഞെടുത്തത് ആശാനെയായിരുന്നു. പട്ടും വളയും നല്കി ബ്രിട്ടീഷ് കിരീടാവകാശി വെയില്‍സ് രാജകുമാരന്‍ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ആശാനെ ആദരിക്കുകയും ചെയ്തിരുന്നു.

മതപരിവര്‍ത്തനത്തിനെതിരെ

ഈഴവാദി പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഈഴവര്‍ ഒന്നടങ്കം മതംമാറണമെന്ന വാദം ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രേരണയാല്‍ വന്‍ ഗൂഢാലോചന തന്നെ നടന്നിരുന്നു. സി.വി. കുഞ്ഞിരാമനെപ്പോലുള്ളവര്‍ ഇതിന്റെ വക്താക്കളായിരുന്നു. ഇതിനായി തിരുവല്ലയില്‍ ഈഴവരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. പലമതക്കാരും ഈഴവരെ സ്വീകരിക്കാന്‍ ഈ സമ്മേളനത്തില്‍ എത്തിയിരുന്നു. കുമാരനാശാനെ സമ്മേളനത്തില്‍ സംസാരിക്കാതിരിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും യോഗത്തിനെത്തിയവരുടെ ആവശ്യപ്രകാരം മതപരിവര്‍ത്തനത്തിനെതിരെ കുമാരനാശാന്‍ ശക്തമായി സംസാരിക്കുകയും യോഗത്തിന്റെ ലക്ഷ്യം തന്നെ തകര്‍ന്നുപോവുകയും ചെയ്തു. ഈഴവരില്‍ ഒരു വിഭാഗത്തിന്റെ മതപരിവര്‍ത്തനസംരംഭത്തിനെതിരായി 1923ലെ എസ്എന്‍ഡിപിയോഗത്തിന്റെ കൊല്ലം സമ്മേളനത്തില്‍ കുമാരനാശാന്‍ അതിശക്തമായി പ്രസംഗിച്ചു. മതപരിവര്‍ത്തനത്തിനെതിരായുള്ള ആശാന്റെ പ്രസംഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനം മിതവാദി പത്രത്തില്‍ വന്നു. ഇതിന് 1923 ജൂണ്‍ 15ന് ആശാന്‍ മറുപടി അയച്ചെങ്കിലും പ്രസിദ്ധീകരിക്കാതെ കവിക്ക് തിരിച്ചയയ്‌ക്കുകയായിരുന്നു. ഈ മറുപടിയാണ് ആശാന്റെ കാലശേഷം പ്രസിദ്ധീകരിച്ച ‘മതപരിവര്‍ത്തനരസവാദം’. മതപരിവര്‍ത്തനത്തിനെതിരെയുള്ള ആശാന്റെ നിലപാട് എത്രയോ ശക്തമായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.  

ആശാന്റെ ദുരൂഹമരണം

മാപ്പിളക്കലാപത്തിലെ മതഭ്രാന്തും ക്രൂരതകളും തുറന്നുകാട്ടിയ ‘ദുരവസ്ഥ’ പ്രസിദ്ധീകരിച്ചതിനുശേഷം നിരവധി ഭീഷണികള്‍ ആശാനു നേരിട്ടു.

1923 മാര്‍ച്ച് 21ന് ഒരു ജഡ്ക്കായില്‍ ആശാന്‍ തിരുവനന്തപുരം സ്‌പെന്‍സര്‍ ജങ്ഷന്‍ മുറിച്ചുകടക്കുമ്പോള്‍ മെയിന്‍ റോഡില്‍ കൂടി വേഗത്തില്‍ വന്ന ഒരു മോട്ടോര്‍ വണ്ടിയില്‍ ഇടിച്ചു. വണ്ടി തകരുകയും വണ്ടിക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വണ്ടിക്കകത്തു കിടന്ന് ഉരുണ്ടതിനാല്‍ കാര്യമായ പരിക്കില്ലാതെ ആശാന്‍ രക്ഷപ്പെട്ടു. ഗുരുതരമായ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ആശാന്റെ മകന്‍ കെ. പ്രഭാകരന്‍ 1910 മുതല്‍ 1923 വരെയുള്ള ഡയറിക്കുറിപ്പുകള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ച ‘ആശാന്റെ ഡയറിക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

1924 ജനുവരി 16നാണ് റെഡീമര്‍ (രക്ഷകന്‍) ബോട്ട് മുങ്ങി ആശാന്‍ മരിക്കുന്നത്. കൊല്ലത്തു നിന്ന് ആലപ്പുഴയ്‌ക്കുള്ള യാത്രയില്‍ പല്ലനയാറ്റില്‍ വച്ച് വെളുപ്പിന് അഞ്ചുമണിയോടുകൂടിയാണ് അപകടമുണ്ടായത്. ബോട്ടില്‍ 128 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നു. 24 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകടസ്ഥലത്ത് എട്ട് മുതല്‍ 10 അടി വരെ താഴ്ചയും 95 അടി വീതിയുമുണ്ടായിരുന്നു.  

നീന്തല്‍ അറിയാത്തവര്‍ വരെ ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ കടലിലും കായലിലും നല്ലപോലെ നീന്തുകയും പലപ്പോഴും അപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കുകയും ചെയ്തിട്ടുള്ളയാളാണ് കുമാരനാശാന്‍. നീന്തല്‍ വലിയ ആവേശവുമായിരുന്നു. അങ്ങനെയുള്ള കമാരനാശാന്‍ മുങ്ങി മരിച്ചുവെന്നത് അന്ന് തന്നെ വിവാദമായിരുന്നു. അതിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ ഇന്നും പുറത്ത് വന്നിട്ടില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക