ഇസ്ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന് ഖാന് പുറത്തായതോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്താന്. ഏപ്രില്‍ 11 തിങ്കളാഴ്ച (നാളെ) പാക് ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും.
ഞായറാഴ്ച പുലര്‍ച്ചെ 12.40നാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പു നടന്നത്. ഭരണകക്ഷി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിനു തൊട്ടുമുന്‍പ് നാഷനല്‍ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചിരുന്നു. ഇടക്കാല സ്പീക്കറെ നിയോഗിച്ചാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. പുതിയ പ്രധാനമന്ത്രിയെ അടുത്ത ദിവസംതന്നെ പ്രഖ്യാപിക്കും. നവാസ് ഷെരീഫിന്റെ സഹോദരന് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കുമെന്നാണു സൂചന.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്ന് ദേശീയ അസംബ്ലി പ്രിസൈഡിങ് ഓഫീസര്‍ അയാസ് സാദിഖ് പറഞ്ഞു. മൂന്ന് മണിയോടെ സൂക്ഷ്മ പരിശോധനകള്‍ പൂര്‍ത്തിയാകും. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി സഭ വീണ്ടും ചേരുക.
അതേസമയം പാകിസ്താന്റെ ദുഃസ്വപ്നത്തിന് അന്ത്യം കുറിച്ചുവെന്നാണ് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളായ മറിയം നവാസ് ഷെരീഫ് പ്രതികരിച്ചത്. പാകിസ്താന്റെ മുറുവുകള്‍ ഉണക്കാനും സുഖപ്പെടുത്താനുമുള്ള സമയമാണിപ്പോഴെന്നും അവര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതേസമയം തങ്ങളാരോടും പ്രതികാരം ചെയ്യുകയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രതികരിച്ചത്. ആരോടും അനീതി കാണിക്കുകയില്ലെന്നും ആരെയും ജയിലിലടക്കാന്‍ ശ്രമിക്കില്ലെന്നും നിയം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ നീതി നിലനില്ക്കുക തന്നെ ചെയ്യുമെന്നും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: